ഐ.സി.ബി.എഫ് ”എംപവറിംഗ് യുവര്‍ ജേര്‍ണി” പഠന പരിപാടി സംഘടിപ്പിച്ചു

ദോഹ. ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിനായി ഐ.സി.ബി.എഫ് നടത്തുന്ന നിരന്തര സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം ‘എംപവറിംഗ് യുവര്‍ ജേര്‍ണി” എന്ന പേരില്‍ പ്രത്യേക പഠന പരിപാടി സംഘടിപ്പിച്ചു. ഐ.സി.ബി.എഫ് ഓഫീസിലെ കാഞ്ചാനി ഹാളില്‍, വിവിധ അസോസിയേറ്റഡ് ഓര്‍ഗനൈസേഷന്‍ പ്രതിനിധികളുടെയും കമ്മ്യൂണിറ്റി നേതാക്കളുടെയും സാന്നിധ്യത്തില്‍ നിറഞ്ഞ സദസ്സില്‍ നടന്ന പരിപാടി സദസ്യര്‍ക്ക് നവ്യാനുഭവമായി മാറി.

സന്ദര്‍ശനാര്‍ത്ഥം ഖത്തറിലെത്തിയ വിദ്യാഭ്യാസ വിദഗ്ധയും പ്രമുഖ മീഡിയ എഡുക്കേറ്ററുമായ ഡോ. ശ്രുതി ഗോയല്‍ പഠന ക്ലാസ്സിന് നേതൃത്വം നല്‍കി.
ഡല്‍ഹി സര്‍വകലാശാലയില്‍ മഹാരാജ അഗ്രസെന്‍ കോളജിലെ ജേര്‍ണലിസം വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറാണ് ഡോ. ശ്രുതി . നിരവധി അക്കാദമിക് ജേര്‍ണലുകളില്‍ ഗവേഷണ ലേഖനങ്ങളും പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആത്മബോധവും സഹാനുഭൂതിയും പ്രോത്സാഹിപ്പിക്കുന്ന വര്‍ക്ക്ഷോപ്പുകളും സെഷനുകളും സംഘടിപ്പിക്കുന്നതില്‍ മുന്‍നിരക്കാരിയായ അവര്‍ ഇന്ത്യയിലേയും വിദേശത്തിലേയും വിവിധ യൂണിവേഴ്‌സിറ്റികളില്‍ ഗസ്റ്റ് സ്പീക്കറായി പ്രസംഗിച്ചിട്ടുണ്ട് .
ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറിയും ഐസിബിഎഫ് കോഓര്‍ഡിനേറ്റിങ് ഓഫീസറുമായ ഡോ. ഈഷ് സിങാള്‍ മുഖ്യ അതിഥിയായി പങ്കെടുത്തു. ഡോ. ശ്രുതി, വിദേശത്തുള്ള ഇന്ത്യക്കാരുടെ ജീവിതയാത്രയെ കൃത്യവും ഹ്രസ്വവുമായി അവതരിപ്പിച്ചു.
സാമൂഹിക ഇടപെടലുകളുടെ പ്രാധാന്യവും, സാമൂഹ്യ സേവനത്തിന്റെ ഗുണഫലങ്ങളും അവര്‍ വിശദീകരിച്ചു അതേസമയം സോഷ്യല്‍ മീഡിയയുടെ അതിരുകടന്ന ഉപയോഗം വ്യക്തികളില്‍ ഉണ്ടാക്കുന്ന ദുസ്വാധീനവും ദൂഷ്യ വശങ്ങളും അവര്‍ വിശദീകരിച്ചു.
ഐ.സി.ബി.എഫ് ജനറല്‍ സെക്രട്ടറി ദീപക് ഷെട്ടിയുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച ചടങ്ങില്‍ പ്രസിഡന്റ് ഷാനവാസ് ബാവ അധ്യക്ഷ പ്രസംഗം നടത്തി. അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാന്‍ കെ.എസ്. പ്രസാദ്, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ.വി. ബോബന്‍, മറ്റു വിവിധ സമൂഹ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.
എം.സി അംഗം നീലാംബരി അതിഥിയായ ഡോ. ശ്രുതിയെ പരിചയപ്പെടുത്തി.

ഐ.സി.സി. ജനറല്‍ സെക്രെട്ടറിയും അല്‍ സാല്‍മിയ സിമന്റ് കമ്പനി ജനറല്‍ മാനേജരുമായ എബ്രഹാം ജോസഫിനെ ചടങ്ങില്‍ വെച്ച് ഐ.സി.ബി.എഫ്. മാനേജ്മെന്റ് കമ്മിറ്റിക്ക് വേണ്ടി പ്രസിഡണ്ട് ഷാനവാസ് ബാവ മെമന്റോ നല്‍കി ആദരിച്ചു. ഐ.സി.ബി.എഫ്. ഓഫീസ് പരിസരത്തെ നടപ്പാത ഇഷ്ടിക പാകുന്നതിന് അദ്ദേഹം നല്‍കിയ സംഭാവന പരിഗണിച്ചായിരുന്നു ആദരം
സെക്രട്ടറി ജാഫര്‍ തയില്‍ നന്ദി പറഞ്ഞു. എം.സി അംഗങ്ങളായ മണി ഭാരതി, ശങ്കര്‍ ഗൗഡ്, ഇര്‍ഫാന്‍ അന്‍സാരി, മിനി സിബി, ഖാജാ നിസാമുദ്ദീന്‍, അഡൈ്വസറി കൗണ്‍സില്‍ അംഗം സതീഷ് വി. എന്നിവര്‍ നേതൃത്വം നല്‍കി.

