എല്‍എന്‍ജി ഉല്‍പാദന ശേഷി ഗണ്യമായി വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഖത്തര്‍

ദോഹ. വര്‍ദ്ധിച്ചുവരുന്ന ആഗോള ആവശ്യം നിറവേറ്റുന്നതിനായി കൂടുതല്‍ വാതക വിതരണം ഉറപ്പാക്കുന്നതില്‍ ഖത്തര്‍ ദ്രവീകൃത പ്രകൃതിവാതക (എല്‍എന്‍ജി) ഉല്‍പാദന ശേഷി ഗണ്യമായി വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.
മിഡില്‍ ഈസ്റ്റിലെയും ആഫ്രിക്കയിലെയും പ്രമുഖ ബിസിനസ് ഇന്റലിജന്‍സ് സ്രോതസ്സായ MEED സംഘടിപ്പിച്ച ‘മേന ഓയില്‍ & ഗ്യാസ് പ്രോജക്ട്‌സ് മാര്‍ക്കറ്റ് 2025-26’ എന്ന വെബിനാറിലാണ് ഇക്കാര്യം അധികൃതര്‍ വ്യക്തമാക്കിയത്.
ഖത്തര്‍ എനര്‍ജിയുടെ ദ്രവീകൃത പ്രകൃതിവാതക വികസന പദ്ധതികള്‍ എല്‍എന്‍ജി വികസനം ലക്ഷ്യം വെച്ചാണ്
മുന്നോട്ട് പോകുന്നതെന്നും പ്രതിവര്‍ഷം 142 ദശലക്ഷം ടണ്‍ ഉല്‍പാദന ശേഷി (ടണ്‍/വൈ) എന്ന തോതില്‍ വര്‍ധിപ്പിക്കാനുള്ള പാതയിലാണെന്നും വെബിനാര്‍ വിശദീകരിച്ചു.
നോര്‍ത്ത് ഫീല്‍ഡ് എല്‍എന്‍ജി വികസന പരിപാടിയുടെ രണ്ട് ഘട്ടങ്ങളായ നോര്‍ത്ത് ഫീല്‍ഡ് ഈസ്റ്റ്, നോര്‍ത്ത് ഫീല്‍ഡ് സൗത്ത് എന്നിവയ്ക്കായി ഖത്തര്‍ എനര്‍ജി ഏകദേശം 30 ബില്യണ്‍ ഡോളര്‍ ഇതിനകം ചിലവഴിച്ചിട്ടുണ്ട്. ഇത് 2028 ആകുമ്പോഴേക്കും എല്‍എന്‍ജി ഉല്‍പാദന ശേഷി 77.5 ദശലക്ഷം ടണ്ണില്‍ നിന്ന് 126 ദശലക്ഷം ടണ്ണായി ഉയര്‍ത്തും.


