Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

സാധാരണക്കാരുടെ ജീവിത പ്രശ്‌നങ്ങളില്‍ ഇടപെടുന്ന സമീപനമാണ് സാമൂഹ്യപ്രവര്‍ത്തകര്‍ക്ക് ഉണ്ടാകേണ്ടത്: എസ് ഇര്‍ഷാദ്

ദോഹ : സാധാരണക്കാരുടെ ജീവിത പ്രശ്‌നങ്ങളില്‍ ഇടപെടുന്ന സമീപനമാണ് സാമൂഹ്യപ്രവര്‍ത്തകര്‍ക്ക് ഉണ്ടാകേണ്ടതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. ഇര്‍ഷാദ് അഭിപ്രായപ്പെട്ടു. പ്രശ്‌നങ്ങളുടെ താല്‍ക്കാലിക പരിഹാരത്തിന് ശ്രമിക്കുന്നതോടൊപ്പം തന്നെ പ്രശ്‌നങ്ങളുടെ മൂല കാരണങ്ങള്‍ കണ്ടെത്തി അത് ഇല്ലാതാക്കാനുള്ള ശ്രമവും ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട കള്‍ച്ചറല്‍ ഫോറം ഭാരവാഹികളുടെ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരത്തില്‍ എല്ലാ ജനവിഭാഗങ്ങള്‍ക്കും ആനുപാതിക പങ്കാളിത്തം ലഭിക്കുന്ന സാമൂഹ്യ നീതിയുടെ രാഷ്ട്രീയമാണ് നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യമെന്നും അതുയര്‍ത്തിപ്പിടിച്ച് മുന്നോട്ടു പോകാന്‍ നമുക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പരമ്പരാഗതമായി പിന്നോക്കം നില്‍ക്കുന്ന സമൂഹങ്ങള്‍ക്ക് സ്വാഭാവികമായും ഉയര്‍ന്നു വരാന്‍ സാധിക്കാത്ത ഒരു സാഹചര്യം നിലനില്‍ക്കുന്നത് കൊണ്ടാണ് സംവരണം അനിവാര്യമായി മാറുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തുല്യതയും നീതിയും നിലനില്‍ക്കുന്ന ഒരു ഇന്ത്യയെ രൂപപ്പെടുത്തുന്നതില്‍ ഓരോ പൗരനും വലിയ പങ്കുവയ്ക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരിപാടിയില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് ചന്ദ്രമോഹന്‍ അധ്യക്ഷത വഹിച്ചു. ഖത്തറിലെ പ്രവാസി സമൂഹത്തിന്റെ വിവിധ തുറകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തിയ കള്‍ച്ചറല്‍ ഫോറം കൂടുതല്‍ കരുത്തോടെ പ്രവാസ സമൂഹത്തില്‍ മുന്നോട്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന കമ്മറ്റിയുടെ പ്രഖ്യാപനവും അദ്ദേഹം നിര്‍വ്വഹിച്ചു.

വെല്‍ഫെയര്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെ കള്‍ച്ചറല്‍ ഫോറം മുന്‍ പ്രസിഡന്റ് മുനീഷ് എ സി പൊന്നാട അണിയിച്ച് ആദരിച്ചു.
ഖത്തറില്‍ നിന്നും പ്രവാസം അവസാനിപ്പിക്കുന്ന കള്‍ച്ചറല്‍ ഫോറം മുന്‍ കോട്ടയം ജില്ലാ പ്രസിഡണ്ടും സംസ്ഥാന സമിതി അംഗവുമായിരുന്ന ഹാന്‍സ് ജേക്കബിനുള്ള യാത്രയയപ്പും പരിപാടിയില്‍ നടന്നു. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ഉപഹാരം കൈമാറി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് ചന്ദ്രമോഹനനെ വെല്‍ഫെയര്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പൊന്നാട അണിയിച്ചു. മുനീഷ് എ സി സ്വാഗതവും ജനറല്‍ സെക്രട്ടറി ഷാഫി മൂഴിക്കല്‍ നന്ദിയും പറഞ്ഞു.

Related Articles

Back to top button