തര്‍ശീദ് ജലവൈദ്യുത ഉപഭോഗം 18 ശതമാനം കുറക്കാന്‍ സഹായകമായതായി റിപ്പോര്‍ട്ട്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷന്റെ (കഹ്റാമ) സംരംഭമായ നാഷണല്‍ പ്രോഗ്രാം ഫോര്‍ കണ്‍സര്‍വേഷന്‍ ആന്‍ഡ് എനര്‍ജി എഫിഷ്യന്‍സി (തര്‍ഷീദ്) എല്ലാ മേഖലകളിലും ജലവും ഊര്‍ജവും പാഴാക്കുന്നതിനെക്കുറിച്ചുള്ള ദീര്‍ഘകാല അവബോധം വിജയകരമായി ഉയര്‍ത്തുകയും വൈദ്യുതിയുടെയും വെള്ളത്തിന്റെയും ആളോഹരി ഉപഭോഗം ഏകദേശം 18 ശതമാനത്തോളം കുറയ്ക്കുകയും ചെയ്തായി റിപ്പോര്‍ട്ട് .പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ ഖത്തര്‍ ദേശീയ കാലാവസ്ഥാ പ്രവര്‍ത്തന പദ്ധതി 2030 ലാണ് ഈ വിവരങ്ങള്‍ പങ്കുവെച്ചത്.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ജലത്തിന്റെ ആവശ്യം പ്രതിവര്‍ഷം ശരാശരി 10.6 ശതമാനമാണ് വര്‍ദ്ധിച്ചത്. ഖത്തറിന്റെ ജലസുരക്ഷാ ലക്ഷ്യങ്ങള്‍ ജലസംരക്ഷണം, ഫലപ്രദമായ ജല ഉപയോഗം, ജല പുനരുപയോഗം എന്നിവയെ ആശ്രയിച്ചാണിരിക്കുന്നത്.
2020-ല്‍ തര്‍ഷീദ് പ്രോഗ്രാം വൈദ്യുതി ഉപഭോഗം 289 ഗിഗാവാട്ട് മണിക്കൂര്‍ (GWh), ജല ഉപഭോഗം 32 ദശലക്ഷം ക്യുബിക് മീറ്റര്‍ (m3), പ്രകൃതി വാതക ഉപഭോഗം 3,207 ദശലക്ഷം ക്യുബിക് അടി (MCF) എന്നിവ കുറച്ചതായി കഹ്റാമ പ്രസിഡന്റ് എഞ്ചി.എസ്സ ബിന്‍ ഹിലാല്‍ അല്‍ കുവാരി നേരത്തെ പറഞ്ഞിരുന്നു. ഇതുവഴി 300മില്യണ്‍ റിയാലാണ് കഹ്‌റാമ ലാഭിച്ചത്.