തളിപ്പറമ്പ ഫുട്‌ബോള്‍ മേള 2022: സിഎച്ച് സ്‌പോര്‍ട്ടിങ് കുപ്പം ജേതാക്കള്‍
ദോഹ. ഖത്തര്‍ തളിപ്പറമ്പ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ദോഹയില്‍ വെച്ച് സംഘടിപ്പിച്ച പ്രഥമ തളിപ്പറമ്പ ഫുട്‌ബോള്‍ മേളയില്‍ സിഎച്ച് സ്‌പോര്‍ട്ടിങ് കുപ്പം ജേതാക്കളായി. വാശിയേറിയ കലാശപ്പോരാട്ടത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് കരുത്തരായ ടി.വി.ആര്‍ ബ്രദേഴ്‌സിനെ പരാജയപ്പെടുത്തിയായിരുന്നു സിഎച്ച് സ്‌പോര്‍ട്ടിങ് ജേതാക്കളായത്.
ആവേശകരമായ മത്സരത്തില്‍ ഇരുടീമുകളും അവസാനമിനുട്ടുകളില്‍ നേടിയ ഗോളുകളില്‍ മത്സരം സമനിലയായതിനെ തുടര്‍ന്നായിരുന്നു പെനാല്‍റ്റി ഷൂട്ടൗട്ട് വേണ്ടി വന്നത്. ടൈബ്രേക്കറില്‍ സിഎച് സ്‌പോര്‍ട്ടിങ്ങിനു വേണ്ടി ബഷീര്‍, റാഫി, റാഷിദ് ഗോളുകള്‍ നേടി.
ടൂര്‍ണമെന്റിലെ മികച്ചതാരമായി സിഎച്ച് സ്‌പോര്‍ട്ടിങ് കുപ്പത്തിന്റെ ബഷീര്‍ എംപിയെ തിരഞ്ഞെടുത്തു. ഒമ്പത് ഗോളുകളോടെ ടി.വി.ആര്‍ ബ്രദേഴ്സ് താരം സിനാന്‍ ടോപ് സ്‌കോറര്‍ ആയപ്പോള്‍ മികച്ച ഡിഫെന്‍ഡര്‍ ആയി ടി.വി.ആര്‍ താരം ഹാഫിസ് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗോളിക്കുള്ള പുരസ്‌കാരം ടി.വി.ആര്‍ ന്റെ തന്നെ നിസാര്‍ കരസ്ഥമാക്കി.
ഖത്തറിലെ സാമൂഹിക പ്രവര്‍ത്തകനും ലോകകേരളസഭഅംഗവുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, കെഎംസിസി നേതാവ് ഹനീഫ ഏഴാം മൈല്‍, ദോഹയിലെ പ്രമുഖ ആര്‍ജെ സൂരജ് എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. കമ്മറ്റി ഭാരവാഹികളായ ഷാം ദോഹ, ഷമീം മലിക്കന്റകത് മന്‍സൂര്‍, റംസാന്‍ ശരീഫ്, അനസ്, അഷിക് കുട്ടന്‍, മുഹമ്മദലി, സാഹിദ് തുടങ്ങിയവര്‍ ടൂര്‍ണമെന്റ് നിയന്ത്രിച്ചു.