Breaking News

കരിപ്പൂര്‍ വിമാനത്താവളം; ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ത്വരിതപ്പെടുത്തണം .ഗപാഖ്

അമാനുല്ല വടക്കാങ്ങര

ദോഹ. കരിപ്പൂര്‍ വിമാനത്താവളം; ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് ഗള്‍ഫ് കാലിക്കറ്റ് എയര്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഖത്തര്‍ ആവശ്യപ്പെട്ടു.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ കേന്ദ്ര സിവില്‍ എവിയേഷന്‍ മന്ത്രി, സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി 18.5 ഏക്കര്‍ ഭൂമി ലഭ്യമാക്കിയാല്‍ വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ എയര്‍പോര്‍ട്ടിന് അനുമതി നല്‍കാമെന്ന് പറഞ്ഞിട്ടുണ്ട്. നേരത്തെ റിസയുടെ കാര്യത്തിലും അനുകൂലമായ നടപടി ക്കായി ജനപ്രതിനിധികള്‍ നടത്തിയ ശ്രമങ്ങള്‍ക്ക് അനുകൂല നിലപാട് സ്വീകരിക്കാന്‍ സാധിച്ചതും പ്രസ്താവ്യമാണ്. ഭൂമി ഏറ്റെടുക്കുന്ന കാര്യത്തില്‍ നൂറ് ഏക്കര്‍ വേണമെന്ന നിലപാടില്‍ ആയിരുന്നു കേന്ദ്രം. എന്നാല്‍ അത്രയും വേണ്ടെന്നും ചുരുങ്ങിയത് 18.5 ഏക്കര്‍ മതിയെന്ന നിലപാടിലേക്ക് കേന്ദ്രം മാറിയിട്ടുണ്ട്.

ഈ ഘട്ടത്തില്‍, സ്ഥലയുടമകള്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കി ഭൂമി ഏറ്റെടുക്കാനുള്ള നടപടി സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് അടിയന്തിരമായി ഉണ്ടാവണമെന്നും ഈ കാര്യത്തില്‍ ജനപ്രതിനിധികള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, പരിസരവാസികള്‍ തുടങ്ങിയവരുടെ സഹകരണവും പിന്തുണയും ഉണ്ടാവണമെന്നും ഗപാഖ് അഭ്യര്‍ത്ഥിച്ചു.

ഭൂമി ഏറ്റെടുക്കല്‍ നടപടി ഉണ്ടായില്ലെങ്കില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നത് അടക്കമുള്ള വികസനങ്ങള്‍ എയര്‍ പോര്‍ട്ടിന് എന്നന്നേക്കുമായി നഷ്ടപ്പെടുമെന്നും ആശങ്കപ്പെടുന്നു.

2002 മുതല്‍ 2015 വരെ ജംബോ വിമാനങ്ങള്‍ അടക്കമുള്ള വിമാനങ്ങള്‍ സര്‍വീസ് നടത്തിയിരുന്നു. പിന്നീട് 2016 ല്‍ റണ്‍വെ കാര്‍പ്പറ്റിംഗിനായി തല്‍ക്കാലം വലിയ വിമാന സര്‍വീസ് താത്കാലികമായി നിര്‍ത്തി വെക്കുകയും പിന്നീട് റണ്‍വെ ബലക്ഷയം തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞ് നീട്ടികൊണ്ട് പോവുകയും 2020 ആഗസ്റ്റ് ഏഴിനുണ്ടായ അപകടത്തെത്തുടര്‍ന്ന് ഈ കാര്യത്തില്‍ പ്രതീക്ഷ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്തു.

ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രി, ബന്ധപ്പെട്ട എം.പി മാര്‍ തുടങ്ങിയവര്‍ക്ക് നിവേദനം അയക്കുകയും തുടര്‍ നടപടികള്‍ക്കായി പരിശ്രമം നടത്തുകയുമാണ് ഗപാഖ്.

യോഗത്തില്‍ പ്രസിഡന്റ് കെ.കെ. ഉസ്മാന്‍, ജന.സെക്രട്ടറി ഫരീദ് തിക്കോടി, ഓര്‍ഗസൈനിംഗ് സെക്രട്ടറി അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, സുബൈര്‍ ചെറുമോത്ത്, മുസ്തഫ ഏലത്തൂര്‍, മശ്ഹൂദ് തിരുത്തിയാട്, അമീന്‍ കൊടിയത്തൂര്‍, കരീം ഹാജി മേന്മുണ്ട, ഗഫൂര്‍ കോഴിക്കോട് തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles

Back to top button
error: Content is protected !!