അല്‍ മഹ ശിശു വികസന പുനരധിവാസ കേന്ദ്രം ഉദ്ഘാടനം ചെയ്തു
അമാനുല്ല വടക്കാങ്ങര
ദോഹ. അല്‍ മഹ ശിശു വികസന പുനരധിവാസ കേന്ദ്രം പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി ഉദ്ഘാടനം ചെയ്തു. ഭിന്ന ശേഷിക്കാരായ കുട്ടികള്‍ക്ക് ദീര്‍ഘകാല പരിചരണം നല്‍കുന്ന 105 ബെഡ്ഡുകളുള്ള കേന്ദ്രം അല്‍ വകറ ആശുപത്രിയോട് ചേര്‍ന്നാണ് പ്രവര്‍ത്തിക്കുക. മേഖലയിലെ ഇതേ സ്വഭാവത്തിലുള്ള ആദ്യ മെഡിക്കല്‍ കേന്ദ്രമാണിത്.
പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും കേന്ദ്രത്തിന്റെ സൗകര്യങ്ങള്‍ സന്ദര്‍ശിക്കുകയും ശാരീരികവും മാനസികവുമായ വൈകല്യമുള്ള കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുട്ടികള്‍ക്കായി കേന്ദ്രം നല്‍കുന്ന പ്രത്യേകവും വിപുലീകൃതവുമായ പരിചരണ സേവനങ്ങളെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്തു.
പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരിയും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ നിരവധി ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു.
അല്‍ മഹാ പീഡിയാട്രിക് സ്‌പെഷ്യലൈസ്ഡ് കെയര്‍ സെന്റര്‍ ഭിന്ന ശേഷിക്കാരായ കുട്ടികള്‍ക്ക് ദീര്‍ഘകാലവും നിശിതവുമായ പരിചരണം വാഗ്ദാനം ചെയ്യുന്നു. ദീര്‍ഘകാല പരിചരണ ആവശ്യങ്ങളുള്ള കുട്ടികളുടെ മെച്ചപ്പെട്ട ജീവിത നിലവാരം പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് ഒരു വീടിന് സമാനമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് രൂപകല്‍പ്പന ചെയ്തിട്ടുള്ള അനുയോജ്യമായ സൗകര്യമാണ് ഇവിടെയുള്ളത്. ഖത്തറിന്റെ ദേശീയ ആരോഗ്യ തന്ത്രത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നിന്റെ സാക്ഷാല്‍ക്കാരമാണ് ഈ കേന്ദ്രം പ്രതിഫലിപ്പിക്കുന്നതെന്ന് പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി വിശദീകരിച്ചു.