ഫിഫ 2022, ലോകകപ്പ് ഖത്തറിന് ഇനി അഞ്ച് ലക്ഷത്തോളം ടിക്കറ്റുകള്‍ മാത്രം ബാക്കി
അമാനുല്ല വടക്കാങ്ങര
ദോഹ: മധ്യ പൗരസ്ത്യ ദേശത്ത് ആദ്യമായി നടക്കുന്ന ഫിഫ 2022, ലോകകപ്പ് ഖത്തറിന് വമ്പിച്ച പ്രതികരണമാണ് ലോകമെമ്പാടുമുണ്ടാകുന്നതെന്നും മൊത്തം അനുവദിച്ച 30 ലക്ഷം ടിക്കറ്റുകളില്‍ ഇനി ഇനി അഞ്ച് ലക്ഷത്തോളം ടിക്കറ്റുകള്‍ മാത്രമാണ് ബാക്കിയുള്ളതെന്നും ഫിഫ 2022 ലോകകപ്പ് ഖത്തര്‍ സിഇഒ നാസര്‍ അല്‍ ഖാതര്‍ അഭിപ്രായപ്പെട്ടു. ദോഹയില്‍ ഇന്ന് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അര്‍ജന്റീന, മെക്സിക്കോ, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ മത്സരങ്ങള്‍ കൂടാതെ സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങളാണ് ടിക്കറ്റിന്റെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്നതെന്നും ഫിഫ ലോകകപ്പ് സിഇഒ വെളിപ്പെടുത്തി.
ടൂര്‍ണമെന്റിന്റെ അടുത്ത വില്‍പ്പന ഘട്ടം ഈ മാസം അവസാനത്തോടെ ആരംഭിക്കും. അതുപോലെ തന്നെ ഓവര്‍-ദി-കൗണ്ടര്‍ വില്‍പ്പന ഖത്തറില്‍ ഉടന്‍ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ ഖത്തര്‍ നടക്കുന്ന ലോകകപ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കാണികള്‍ ഖത്തറിന് പുറത്ത് നിന്ന് വരുന്നവരാണെങ്കില്‍ ടൂര്‍ണമെന്റിനുള്ള ടിക്കറ്റ് എടുക്കുകയും ഹയ്യ കാര്‍ഡ് സ്വന്തമാക്കുകയും ചെയ്യുന്നതോടൊപ്പം താമസ സൗകര്യവും ഉറപ്പാക്കണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍, 2022 നവംബര്‍ 20 മുതല്‍ ഡിസംബര്‍ 6 വരെ, ലോകകപ്പ് ടിക്കറ്റ് ഉടമകള്‍ക്ക് അവരുടെ ഹയ്യ കാര്‍ഡ് ടിക്കറ്റ് ഇല്ലാത്ത പരമാവധി മൂന്ന് സുഹൃത്തുക്കളുമായോ ബന്ധുക്കളുമായോ ലിങ്ക് ചെയ്യാന്‍ കഴിയുമെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി ഡയറക്ടര്‍ ജനറല്‍ എഞ്ചിനിയര്‍ യാസിര്‍ അല്‍ ജമാല്‍ വ്യക്തമാക്കി. ഇത് അവര്‍ക്ക് ഖത്തറില്‍ പ്രവേശിക്കാനും ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ആഘോഷങ്ങള്‍ ആസ്വദിക്കാനും അനുവദിക്കും. ഈ സൗകര്യം അടുത്ത ആഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.
കൂടാതെ, അടുത്ത ആഴ്ച മുതല്‍ ഫുട്ബോള്‍ ആരാധകര്‍ക്ക് ഒരു തേര്‍ഡ് പാര്‍ട്ടി വെബ്സൈറ്റ് വഴി ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ താമസ സൗകര്യങ്ങള്‍ ബുക്ക് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. ഹയ്യ കാര്‍ഡിനായി രജിസ്റ്റര്‍ ചെയ്യുന്നതിനും ഈ റിസര്‍വേഷന്‍ ഉപയോഗിക്കാമെന്നും അദ്ദേഹം സ്ഥിരീകരിച്ചു.
‘ഖത്തര്‍ ലോകകപ്പ് സംഘാടനത്തിന്റെ കാര്യത്തില്‍ ഏറ്റവും വിജയകരമാകുമെന്ന് മാത്രമല്ല, ആരാധകര്‍, പങ്കെടുക്കുന്ന പ്രതിനിധികള്‍, പൗരന്മാര്, താമസക്കാര്‍. എന്നിവര്‍ക്ക് ഏറ്റവും സുരക്ഷിതവുമായിരിക്കുമെന്ന് സേഫ്റ്റി ആന്റ് സെക്യൂരിറ്റി ഓപ്പറേഷന്‍സ് കമ്മിറ്റിയില്‍ നിന്നുള്ള കേണല്‍ ജാസിം അബ്ദുല്‍റഹിം അല്‍ സെയ്ദ് പറഞ്ഞു.
നവംബര്‍ 1 മുതല്‍ സജീവമാകുന്ന മള്‍ട്ടി-വിസിറ്റ് ഫീച്ചറാണ് ഹയ്യ കാര്‍ഡിന്റെ സവിശേഷതയെന്നും ഹയ്യ കാര്‍ഡ് ഉടമയ്ക്ക് ഒന്നിലധികം തവണ രാജ്യത്ത് പ്രവേശിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
അബു സംറ അതിര്‍ത്തിയില്‍ പാര്‍ക്കിംഗ് സ്ലോട്ടുകളും ഗതാഗത സേവനങ്ങളും ടൂര്‍ണമെന്റ് കാലയളവില്‍ നല്‍കുമെന്നും കരമാര്‍ഗം ആരാധകരുടെ പ്രവേശനം സുഗമമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രീ-രജിസ്ട്രേഷന് പ്ലാറ്റ്ഫോമുകള് വഴിയുള്ള ചില മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഖത്തറി ഇതര പ്ലേറ്റുകളുള്ള കാറുകള്‍ക്ക് കര വഴിയുള്ള പ്രവേശനം അനുവദിക്കും ഇതിന്റെ വിശദാംശങ്ങള്‍ ഒക്ടോബര്‍ 15-ന് പ്രഖ്യാപിക്കും.
ഈ സേവനം ആയിരക്കണക്കിന് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുകയും രാജ്യത്തെ ഗതാഗത ശൃംഖല ഉപയോഗിച്ച് ദോഹ നഗരത്തിലെത്താന്‍ ആരാധകരെ സഹായിക്കുകയും ചെയ്യുമെന്ന് കേണല്‍ ജാസിം അബ്ദുല്‍റഹിം അല്‍ സെയ്ദ് വിശദീകരിച്ചു.