Local News

44 വര്‍ഷം ഒരേ സ്ഥാപനത്തില്‍; ധന്യമായ പ്രവാസത്തിന് വിരാമമിട്ട് കെ.വി.അബ്ദുല്‍ കരീം നാട്ടിലേക്ക് മടങ്ങി


അമാനുല്ല വടക്കാങ്ങര

ദോഹ:ഖത്തറിന്റെ വളര്‍ച്ചയുടെ ബാല്യവും വികസനക്കുതിപ്പും അനുഭവിച്ച 47 വര്‍ഷം നീണ്ട പ്രവാസത്തിന് വിരാമമിട്ട് കോഴിക്കോട് കുറ്റ്യാടി സ്വദേശി അബ്ദുല്‍ കരീം കെ.വി നാട്ടിലേക്ക് മടങ്ങി. 1978ല്‍ ഖത്തറിലെത്തിയ അബ്ദുല്‍ കരീം, 1980 മുതല്‍ 2024 വരെ സര്‍ക്കാര്‍ സ്ഥാപനമായ കഹ്‌റമയിലാണ് സേവനമനുഷ്ഠിച്ചത്.

സാമൂഹിക, ജീവകാരുണ്യ, സേവന രംഗങ്ങളില്‍ സജീവ സാന്നിധ്യമാകാന്‍ സാധിച്ചതിന്റെ ധന്യതയിലാണ് അദ്ദേഹം ഖത്തറിനോട് വിട ചൊല്ലുന്നത്. കോഴിക്കോട്, വയനാട് ജില്ലകള്‍ കേന്ദ്രീകരിച്ച് വിപുലമായ ജീവകാരുണ്യ-പുനരധിവാസ പദ്ധതികള്‍ നടപ്പാക്കിവരുന്ന ‘കുറ്റ്യാടി മുസ്ലിം വെല്‍ഫെയര്‍ സൊസൈറ്റി ഖത്തര്‍’ കൂട്ടായ്മ രൂപീകരിക്കുന്നതില്‍ നേതൃപരമായ പങ്കുവഹിച്ച അദ്ദേഹം 1982 മുതല്‍ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ പ്രവര്‍ത്തകനാണ്.

സി.ഐ.സിയുടെ അല്‍ബിദാ, ഷാരാ ഖലീജ്, ഫരീഖ് അബ്ദുല്‍ അസീസ്, മഅമൂറ, ദഫ്‌ന യൂനിറ്റുകളില്‍ വിവിധ ഭാരവാഹിത്വങ്ങള്‍ വഹിക്കുകയുണ്ടായി.
നിസ്വാര്‍ത്ഥ സേവനങ്ങളിലൂടെയും സൗമ്യമായ പെരുമാറ്റത്തിലൂടെയും വലിയ സുഹൃദ് വലയം ഉണ്ടാക്കിയെടുക്കാനായതിന്റെ ആത്മനിര്‍വൃതിയില്‍, 47 വര്‍ഷത്തിന്റെ അവിസ്മരണീയ അനുഭവങ്ങള്‍ ഹൃദയത്തില്‍ സൂക്ഷിച്ചാണ് അദ്ദേഹം ഇന്നലെ ജന്മനാട്ടിലേക്ക് മടങ്ങിയത്.

വിവിധ കൂട്ടായ്മകള്‍ അബ്ദുല്‍ കരീമിന് യാത്രയയപ്പ് നല്‍കി. സി.ഐ.സി ദഫ്‌ന യൂണിറ്റ് സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങില്‍ പ്രസിഡന്റ് ഷറഫുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാനവാസ് മജീദ്, ഹാറൂന്‍ റശീദ്, ശുഐബ് തുടങ്ങിയവര്‍ ആശംസ നേര്‍ന്നു.
സി.ഐ.സി മദീന ഖലീഫ സോണ്‍ ഒരുക്കിയ യാത്രയയപ്പ് ചടങ്ങില്‍ സെക്രട്ടറി സുഹൈല്‍ തലക്കല്‍ മെമന്റോ കൈമാറി. മുജീബ് റഹ്‌മാന്‍ പി. പി, മുഹമ്മദ് ജമാല്‍, മുഫീദ് ഹനീഫ, അബ്ദുസ്സമദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles

Back to top button
error: Content is protected !!