ഫിഫ 2022 ലോകകപ്പ് ഖത്തറിന് ഇന്ത്യയില്‍ നിന്നുള്ള കളിയാരാധകര്‍ക്കായി പ്രതിവാരം 20 അധിക സര്‍വീസുമായി എയര്‍ ഇന്ത്യ
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തറിന് ഇന്ത്യയില്‍ നിന്നുള്ള കളിയാരാധകരെ കൊണ്ടുവരുന്നതിനായി വിവിധ ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നും ദോഹയിലേക്ക് പ്രതിവാരം 20 അധിക സര്‍വീസുമായി എയര്‍ ഇന്ത്യ. ഇന്ത്യയില്‍ നിന്നും ഏറ്റവുമധികമാളുകള്‍ പങ്കെടുക്കുന്ന ലോകകപ്പാകും നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ ദോഹയില്‍ നടക്കുക.
ഇന്ത്യയില്‍ നിന്നും ആയിരക്കണക്കിന് ഫുട്‌ബോള്‍ പ്രേമികള്‍ തങ്ങളുടെ മാച്ച് ടിക്കറ്റ് ബുക്ക് ചെയ്ത് ഖത്തറിലേക്ക് പോകുന്നതായി തയ്യാറെടുക്കുന്ന പശ്ചാത്തലത്തിലാണ് ഫുട്‌ബോള്‍ ആരാധകര്‍ക്കായി പ്രത്യേക സംരംഭവുമായി എയര്‍ ഇന്ത്യ രംഗത്തെത്തിയത്. ദോഹയില്‍ നടക്കുന്ന ഫിഫ 2022 ലോകകപ്പിന് മുന്നോടിയായി പ്രധാന ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് ഖത്തറിലേക്ക് ആഴ്ചയില്‍ 20 പുതിയ സര്‍വീസുകള്‍ എയര്‍ ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്.
ഒക്ടോബര്‍ 30 മുതല്‍ ഈ അധിക സര്‍വീസുകള്‍ ആരംഭിക്കും. ഇന്ത്യയിലെ മുന്‍നിര നഗരങ്ങളായ മുംബൈ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുമായിരിക്കും ദോഹയിലേക്കുള്ള അധിക സര്‍വീസുകള്‍.
മുംബൈയില്‍ നിന്ന് 13, ഹൈദരാബാദില്‍ നിന്ന് നാല്, ചെന്നൈയില്‍ നിന്ന് മൂന്ന് എന്നിങ്ങനെയാണ് പ്രതിവാര അധിക വിമാനങ്ങള്‍. നിലവില്‍ ഡല്‍ഹിയില്‍ നിന്ന് ദോഹയിലേക്കുള്ള പ്രതിദിന വിമാനങ്ങള്‍ക്ക് പുറമേയാണ് ഈ അധിക വിമാനങ്ങള്‍.
ഇന്ത്യയും ഖത്തറും തമ്മിലുള്ള മികച്ച കണക്റ്റിവിറ്റിയിലൂടെ ലോകത്തിന്റെ ഈ മേഖലയിലേക്ക് ഫുട്‌ബോള്‍ ഫിയസ്റ്റ എത്തിക്കാനാകുമെന്നാണ് എയര്‍ ഇന്ത്യയുടെ പ്രതീക്ഷയെന്ന് എയര്‍ ഇന്ത്യയുടെ ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ നിപുണ്‍ അഗര്‍വാള്‍ ഖത്തറിലേക്ക് പുതിയ വിമാനങ്ങള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് പറഞ്ഞു. ‘ഞങ്ങളുടെ ഫ്‌ളൈറ്റ് ഷെഡ്യൂള്‍ ആസൂത്രണം ചെയ്തിരിക്കുന്നത് മുഴുവന്‍ യാത്രാനുഭവവും സൗകര്യപ്രദവും തടസ്സമില്ലാത്തതുമാക്കുന്നു, ഭാവിയിലും ജനപ്രിയ കായിക മത്സരങ്ങള്‍ക്കായി എയര്‍ ഇന്ത്യ ഈ ലോകോത്തര പറക്കല്‍ അനുഭവം തുടരുമെന്നും അഗര്‍വാള്‍ വ്യക്തമാക്കി