വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഫീല്‍ വിന്റര്‍ ഇന്‍ ഖത്തര്‍’ കാമ്പെയ്നുമായി ഖത്തര്‍ ടൂറിസം
അമാനുല്ല വടക്കാങ്ങര
ദോഹ. വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഫീല്‍ വിന്റര്‍ ഇന്‍ ഖത്തര്‍’ കാമ്പെയ്നുമായി ഖത്തര്‍ ടൂറിസം . കുടുംബ-സൗഹൃദ പ്രവര്‍ത്തനങ്ങള്‍, അത്ലറ്റിക് ഇവന്റുകള്‍, സംഗീത കച്ചേരികള്‍, ഭക്ഷണ വൈവിധ്യങ്ങള്‍, ഷോപ്പിംഗ്, ജ്വല്ലറി പ്രേമികള്‍ക്കുള്ള ട്രീറ്റ് തുടങ്ങി നിരവധി പരിപാടികളാണ് കാമ്പയിനിന്റെ ഭാഗമായി ഖത്തര്‍ ടൂറിസവും ഖത്തര്‍ എയര്‍വേയ്സും ചേര്‍ന്നൊരുക്കുന്നത്. കഴിഞ്ഞ ദിവസം മിന ഹോട്ടല്‍ ആന്‍ഡ് റെസിഡന്‍സസില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പരിപാടികളുടെയും ഉത്സവങ്ങളുടെയും ഒരു അത്ഭുതകരമായ പട്ടികയാണ് ഖത്തര്‍ ടൂറിസം ചെയര്‍മാനും ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവുമായ അക്ബര്‍ അല്‍ ബേക്കറും ഖത്തര്‍ ടൂറിസം മാര്‍ക്കറ്റിംഗ് ആന്‍ഡ് പ്ലാനിംഗ് മേധാവി ശൈഖ ഹെസ്സ അല്‍ താനിയും ഖത്തര്‍ ടൂറിസം ഷെയര്‍ഡ് സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഒമര്‍ അല്‍ ജാബറും ചേര്‍ന്ന് പ്രഖ്യാപിച്ചത്.
ചടങ്ങിനിടെ, ഖത്തര്‍ ടൂറിസത്തിന്റെ പുതിയ അംബാസഡറായി ഖത്തരി റാലി ഡ്രൈവര്‍ നാസര്‍ അബ്ദുല്ല അല്‍ അത്തിയയെ പ്രഖ്യാപിച്ചു.
2022 ലെ ലോകകപ്പ് ഖത്തറിന്റെ ഭാഗമായി ബില്‍ഡ്-അപ്പ് ‘ഹോട്ടലുകള്‍, ഷോപ്പിംഗ് മാളുകള്‍, പൊതു ബീച്ചുകള്‍ തുടങ്ങി നിരവധി സൗകര്യങ്ങളാണ് സാക്ഷാല്‍ക്കരിച്ചത്. ഇവയെല്ലാം രാജ്യത്തിന്റെ ആതിഥ്യമര്യാദ, വിനോദ, ടൂറിസം ലാന്‍ഡ്സ്‌കേപ്പുകളെ ശക്തിപ്പെടുത്തുകയും വൈവിധ്യവല്‍ക്കരിക്കുകയും ചെയ്യുമെന്ന് ഖത്തര്‍ ടൂറിസം ചെയര്‍മാനും ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവുമായ അക്ബര്‍ അല്‍ ബേക്കര്‍ പറഞ്ഞു. 2030-ഓടെ പ്രതിവര്‍ഷം 60 ലക്ഷം സന്ദര്‍ശകരെ വരവേല്‍ക്കാന്‍ രാജ്യം ലക്ഷ്യമിടുന്നതിനാല്‍, ടൂറിസത്തിന്റെ പുതിയതും ആവേശകരവുമായ അധ്യായവും വരാനിരിക്കുന്ന വര്‍ഷവും പ്രതീക്ഷിക്കുന്നതായി അല്‍ ബേക്കര്‍ വിശദീകരിച്ചു.