വര്‍ണ്ണങ്ങള്‍ പെയ്തിറങ്ങിയ രാവില്‍ നോബിള്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ വാര്‍ഷികം ‘ നോബിള്‍ വെസറ്റൊ-19’ ആഘോഷിച്ചു

ദോഹ: നൂപുര നാദ ധ്വനികള്‍ നിറഞ്ഞ അന്തരീക്ഷത്തില്‍ നോബിള്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ പത്തൊന്‍പതാം വാര്‍ഷികം വൈവിധ്യമാര്‍ന്ന കലാസാംസ്കാരിക പരിപാടികളോടെ ആഘോഷിച്ചു. ”ദി റെസിലിയന്റ് വേര്‍സസ് ക്രോണിക്കിള്‍ ഓഫ് എ ബേര്‍ണിംഗ് പ്ലാനറ്റ്” എന്ന വിഷയത്തില്‍ അധിഷ്ഠിതമായി രണ്ട് ദിവസങ്ങളിലായി നടത്തിയ വാര്ഷികാഘഷം ആഗോള പരിസ്ഥിതി പ്രശ്നങ്ങളെ മുന്നോട്ടുവയ്ക്കുന്നതും വിദ്യാര്‍ത്ഥികളില്‍ സമാധാനം, പ്രതിരോധശേഷി, സുസ്ഥിരത എന്നിവ വളര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നതും ആയിരുന്നു.
ഐഷ്സിംഗാള് (ഖത്തര്‍, ഇന്ത്യന്‍ എംബസ്സി ഫസ്റ്റ് സെക്രട്ടറി), ഷെയ്ഖ് ഡോ.മുഹമ്മദ് അല്‍ താനി (പൊതുജനാരോഗ്യ മന്ത്രാലയം സാംക്രമികേതര രോഗനിയന്ത്രണ വിഭാഗം ഡയറക്ടര്‍) എന്നിവര്‍ മുഖ്യാതിഥികളായി. ക്യാപ്റ്റന്‍ ഖാലിദ് ഹുസൈന് അല്‍ ഷമ്മാരി (മിനിസ്ട്രി ഓഫ് ഇന്റീരിയര്‍ – അവയര്‍നെസ് ആന്‍ഡ് എഡ്യുക്കേഷന്‍ വിഭാഗം മേധാവി), എഞ്ചിനീയര്‍ അലി ജാസ്സിം ഖലീഫാ ജാസ്സിം അല്‍ മല്‍ക്കി (ചീഫ് പാട്രണ്‍) എന്നിവര്‍ ക്ഷണിക്കപ്പെട്ട അതിഥികളായെത്തി. ചെയര്മാന് ഹുസൈന് മുഹമ്മദ് യു, ജനറല്‍ സെക്രട്ടറി ബഷീര്‍ കെ. പി, ഫിനാന്‍സ് ഡയറക്ടര്‍ ഷൗഖത്ത് അലി താജ്,വൈസ് ചെയര്മാന് അഡ്വ.അബ്ദുല്‍ റഹീം കുന്നുമ്മല്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ആഘോഷവേളയില്‍ നോബിള്‍ സ്കൂളിന്റെ കഴിഞ്ഞ വര്‍ഷത്തെ പ്രൗഢ ഗംഭീരമായ പ്രവര്‍ത്തന റിപ്പോര്‍ട്ട് പ്രിന്‍സിപ്പല്‍ ഡോ. ഷിബു അബ്ദുള്‍ റഷീദ് അവതരിപ്പിച്ചു.
കഴിഞ്ഞ വര്‍ഷത്തെ സി ബി എസ് ഇ പത്ത്, പന്ത്രണ്ട് ക്ലാസ്സ് ബോര്‍ഡ് പരീക്ഷയില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കിയ വിദ്യാര്‍ഥികളെയും അന്തര്‍ ദേശീയ മത്സരങ്ങളില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികളെയും അനുമോദിക്കുകയും കൂടാതെ പത്തിലധികം വര്‍ഷമായി സ്കൂളില്‍ സേവനം അനുഷ്ഠിച്ച് വരുന്ന അധ്യാപക അനധ്യാപക ജീവനക്കാരെയും ചടങ്ങില്‍ ആദരിക്കുകയുമുണ്ടായി. വൈസ് പ്രിന്‍സിപ്പല്‍സ് ജയമോന് ജോയ്, സ്മിത നെടിയപറമ്പത്ത്, റോബിന് കെ ജോസ്, ഷിഹാബുദ്ദീന് മരുതത്ത് എന്നിവര്‍ ആഘോഷങ്ങള്‍ക്ക് പിന്തുണ നല്കി. വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച വിവിധ കലാസാംസ്കാരിക പരിപാടികള്‍ സദസ്സിന് പുതിയ അനുഭവമാണ് പ്രദാനം ചെയ്തത്.

