Local News

മരുഭൂമിയിലെ തൊഴിലാളികള്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി

ദോഹ. ദോഹയില്‍ നിന്നും കിലോമീറ്ററുകള്‍ ദൂരെ ജോലി ചെയ്യുന്ന മരുഭൂമിയിലെ തൊഴിലാളികള്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി. റമദാന്‍ ഒന്നു മുതല്‍ ഏകദേശം നാല്‍പതിനായിരത്തിലധികം പേര്‍ക്കാണ് സി ഐ സിയുടെ സന്നദ്ധ സേവകര്‍ ഇഫ്താര്‍ വിരുന്ന് നല്‍കിയത്.

നാലര പതിറ്റാണ്ടിലേറെയായി ഖത്തറിലെ സാമൂഹിക – സേവന – ജീവകാരുണ്യ രംഗത്ത് തനതായ വഴി വെട്ടിത്തെളിച്ച ഈ സംഘടന പ്രവാസി ഇന്ത്യക്കാര്‍ക്കിടയിലെ നിറ സാന്നിധ്യമാണ്. പ്രവര്‍ത്തന സൗകര്യത്തിനായി അഞ്ച് സോണുകളായി ഖത്തറിലെ മുഴുവന്‍ പ്രദേശങ്ങളിലും കര്‍മരംഗത്ത് സജീവമായി നിലകൊള്ളുന്ന സി. ഐ. സിയുടെ റയ്യാന്‍ സോണാണ് തൊഴിലാളികള്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കി ശ്രദ്ധേയരായത്.

ഏറെ പുണ്യകരവും അനുഗ്രഹീതവുമായ റമദാന്‍ സമാഗതമാവുന്നതിനു മുമ്പ് തന്നെ, സി ഐ സി വളന്റിയേഴ്‌സ് വിംഗ് ക്യാപ്റ്റന്‍ സിദ്ധീഖ് വേങ്ങരയുടെ നേതൃത്വത്തില്‍ റയ്യാന്‍ സോണ്‍ വളണ്ടിയേഴ്സ് സംഘം നിരാലംബരും നിസ്സഹായരുമായ തൊഴിലാളികളുടെ വിവര ശേഖരണത്തിന്നായി ഫീല്‍ഡിലേക്ക് പുറപ്പെടുന്നു. വളണ്ടിയര്‍ കോര്‍ ടീമിന്റെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്‌ളാഘനീയമായിരുന്നു. ഈ സംഘം ഖത്തറിന്റെ റീമോട്ട് ഏരിയകളിലെ മരുഭൂ പ്രദേശങ്ങളിലേക്ക് യാത്ര തിരിച്ച് ചുട്ടുപൊള്ളുന്ന മണല്‍ക്കാട്ടിലെ കൊടും ചൂടിലും അതി ശൈത്യത്തിലും ഒട്ടകങ്ങളെയും ആടു കളെയും പരിപാലിച്ച്, ടെന്റുകളില്‍ പരിമിത സൗകര്യങ്ങളോടെ കഴിഞ്ഞുകൂടുന്ന ആളുകളുടെ വിവരങ്ങള്‍ ശേഖരിക്കുകയും നിത്യവും അവര്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കുകയും ചെയ്താണ് സേവന പാതയില്‍ പുതിയ അധ്യായം രചിച്ചത്.

ഖത്തറിലെ വിദൂര ഉള്‍പ്രദേശങ്ങളായ കരാന, ഉമ്മുല്‍ഖരന്‍, ജെറിയാന്‍, ഷഹാനിയ, അബുനഖ്‌ലാ, മക്കനയ്സ് തുടങ്ങിയ മേഖലകളിലേക്കും ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ചില പ്രദേശങ്ങളിലേക്കും ഒപ്പം മത്സ്യബന്ധന തൊഴിലാളികള്‍ക്കും ഇഫ്താര്‍ വിഭവങ്ങള്‍ എത്തിക്കാനായി.

ഒമ്പതു വര്‍ഷം മുമ്പാണ് ഈ ഇഫ്താര്‍ വിഭവ വിതരണ പരിപാടിക്ക് അന്‍പത് പേര്‍ക്കുള്ള ഇഫ്താര്‍ സജ്ജമാക്കിക്കൊണ്ട്‌സിദ്ദിഖ് വേങ്ങരയുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ചത്. പിന്നീട് ഉദാരമനസ്‌കരായ സ്പോണ്‍സര്‍മാരും വളണ്ടിയര്‍മാരും ഒരുമിച്ചു കൈകോര്‍ത്തു പിടിച്ചപ്പോള്‍ രണ്ടായിരത്തോളം ഇഫ്താറുകള്‍ നടത്തുവാന്‍ കഴിയുന്ന വലിയ ഒരു സദുദ്യമമായി അത് മാറി. യ

മുപ്പതോളം കൂട്ടായ്മകള്‍ സ്‌പോണ്‍സര്‍ ചെയ്ത് ഈ പുണ്യ പ്രവര്‍ത്തനവുമായി സഹകരിക്കുന്നുണ്ട്.
വിവിധ അലുംനികള്‍, ചെറുതും വലുതുമായ അസോസ്സിയേഷനുകള്‍, പ്രാദേശിക കൂട്ടായ്മകള്‍, , അഭ്യുദയകാംക്ഷികളായ കമ്പനികള്‍, വ്യക്തികള്‍ തുടങ്ങി എല്ലാവരും ഈ മഹത്തായ മിഷനില്‍ ഭാഗഭാക്കാകുന്നു. ഈ റമദാനില്‍ വനിതാ കൂട്ടായ്മകളുടെ പങ്കാളിത്തവും എടുത്തു പറയേണ്ടതാണ്. ഖത്തറിലെ ഗവണ്‍ന്മെന്റ്, ഗവണ്മെന്റിതര സംവിധാനങ്ങളുടെ കൂടി സഹായത്തോടെ 2022 ല്‍ ഒരു ലക്ഷത്തി മുപ്പത്തിനായിരത്തോളം ഭക്ഷണ കിറ്റുകളാണ് വിതരണം ചെയ്തത്.

Related Articles

Back to top button
error: Content is protected !!