വാക്‌സിനെടുത്തവര്‍ക്കുള്ള ക്വാറന്റൈന്‍ ഇളവ് ആറ് മാസമാക്കി പൊതുജനാരോഗ്യ മന്ത്രാലയം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. വേനലവധിക്ക് നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത. ഖത്തറില്‍ നിന്നും കോവിഡ് വാക്‌സിനെടുത്തവര്‍ക്കുള്ള ക്വാറന്റൈന്‍ ഇളവ് ആറ് മാസമാക്കിയതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
ക്വാറന്റൈന്‍ ഇളവ് ലഭിക്കുന്നതിന് മന്ത്രാലയം നിര്‍ദ്ദേശിക്കുന്ന നിബന്ധനകള്‍ താഴെ പറയുന്നവയാണ്.
. ഖത്തറിലേക്ക് മടങ്ങുന്നതിന് മുമ്പ് വാക്‌സിന്‍ എടുത്ത് പതിനാല് ദിവസം കഴിഞ്ഞിരിക്കണം.
. തിരിച്ച് വരുമ്പോള്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം.
. വാക്‌സിനെടുത്ത രക്ഷിതാക്കളോടൊപ്പം യാത്ര ചെയ്യുന്ന 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഒരാഴ്ച്ചത്തെ ഹോം ക്വാറന്റൈന്‍ വേണ്ടി വരും.
. നിലവില്‍ ഖത്തറില്‍ നിന്നും വാക്‌സിനെടുത്തവര്‍ക്ക് മാത്രമേ ഈ ഇളവ് ലഭിക്കുകയുള്ളൂ.
ഇന്നലെ ടെലിവിഷനില്‍ നടന്ന ഒരു പരിപാടിയില്‍ ഖത്തറില്‍ നിന്നും കോവിഡ് വാക്‌സിനെടുത്തവര്‍ക്കുള്ള ക്വാറന്റൈന്‍ ഇളവ് നിലവില്‍ മൂന്ന് മാസത്തേക്ക് മാത്രമാണെന്ന ഹമദ് ജനറല്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. യൂസഫ് അല്‍ മസ്ലമാനിയുടെ പ്രസ്താവന പ്രവാസി സമൂഹത്തെ ഏറെ അങ്കലാപ്പിലാക്കിയിരുന്നു.
ഈ തീരുമാനം അധ്യാപകരെയാണ് ഏറ്റവും സന്തോഷിപ്പിക്കുക. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം എല്ലാ അധ്യാപകരും മാര്‍ച്ച് 21ന് മുമ്പ് വാക്‌സിനെടുക്കല്‍ നിര്‍ബന്ധമാണ്. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ വേനലവധി കഴിഞ്ഞ് തിരിച്ച് വരുമ്പോള്‍ നേരത്തെ പറഞ്ഞിരുന്ന മൂന്ന് മാസം കഴിയുമെന്നതിനാല്‍ അധ്യാപകര്‍ ഏറെ പ്രയാസപ്പെടുമായിരുന്നു. എന്നാല്‍ ക്വാറന്റൈന്‍ ഇളവ് ആറ് മാസമാക്കി ദീര്‍ഘിപ്പിച്ച മന്ത്രാലയത്തിന്റെ തീരുമാനം ഈ പ്രശ്‌നങ്ങളൊക്കെ പരിഹരിക്കും.