അറബ് കപ്പ് ഖത്തര്‍ 2021 ഡിസംബര്‍ 1 മുതല്‍ 18 വരെ ദോഹയില്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ ലോക കപ്പ് 2022 ന്റെ മുന്നോടിയായി അറബ് കപ്പ് ഖത്തര്‍ 2021 ഡിസംബര്‍ 1 മുതല്‍ 18 വരെ ദോഹയില്‍ സംഘടിപ്പിക്കുവാന്‍ ഇന്നലെ സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിച്ചിലെ ആസ്ഥാനത്ത് നടന്ന 15-ാമത് യോഗത്തില്‍ ഫിഫ കൗണ്‍സില്‍ തീരുമാനിച്ചതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
2022 ലെ ഫിഫ ലോകകപ്പിനുള്ള തയ്യാറെടുപ്പിനായി ഖത്തര്‍ സംഘടിപ്പിക്കുന്ന പരിപാടികളിലൊന്നാണ് അറബ് കപ്പ് ഖത്തര്‍ 2021 എന്നും ലോക കപ്പിനുള്ള ഖത്തറിന്റെ തയ്യാറെടുപ്പുകള്‍ ആശാവഹമാണെന്നും ഫിഫ പ്രസിഡന്റ് ഗിയാനി ഇന്‍ഫാന്റിനോ അഭിപ്രായപ്പെട്ടു.
ഈ വര്‍ഷം ഡിസംബറില്‍ ഖത്തറില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ ലക്ഷ്യം പ്രധാന കായിക വിനോദങ്ങള്‍ക്ക്, പ്രത്യേകിച്ച് 2022 ലോകകപ്പിന് , ആതിഥേയത്വം വഹിക്കാനുള്ള ഖത്തറിന്റെ സന്നദ്ധതയും തയ്യാറെടുപ്പുകളും നിര്‍ണ്ണയിക്കുകയാണെന്ന് ഫിഫ കൗണ്‍സില്‍ യോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ ഇന്‍ഫാന്റിനോ പറഞ്ഞു.
അറബ് ഫുട്‌ബോള്‍ കഴിവുകളുടെ ആഘോഷമായാണ് ഫിഫ കൗണ്‍സില്‍ ചാമ്പ്യന്‍ഷിപ്പിന് അംഗീകാരം നല്‍കിയതെന്നും ഇതിലൂടെ അറബ് ഫുട്‌ബോളിലേക്ക് ലോകശ്രദ്ധ ആകര്‍ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഈ ടൂര്‍ണമെന്റിന്റെ മത്സരങ്ങള്‍ ലോകകപ്പ് സ്റ്റേഡിയങ്ങളിലാണ് നടക്കുക.
22 അറബ് ടീമുകളില്‍ 16 എണ്ണമാണ് അറബ് കപ്പില്‍ പങ്കെടുക്കുക.