കോവിഡ് കാലത്ത് 38 ലക്ഷം യാത്രക്കാര്‍ ഖത്തര്‍ എയര്‍വേയ്‌സില്‍ പറന്നു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡ് കാലത്ത് മിക്ക വിമാനകമ്പനികളും സേവനം പരിമിതപ്പെടുത്തിയപ്പോള്‍ ഖത്തര്‍ എയര്‍വേയ്‌സാണ് ലോകത്തിന്റെ രക്ഷക്കെത്തിയതെന്നും 38 ലക്ഷം യാത്രക്കാരാണ് ഖത്തര്‍ എയര്‍വേയ്‌സില്‍ പറന്നതെന്നും ഗ്രൂപ്പ് സി. ഇ. ഒ. അക്ബര്‍ അല്‍ ബാക്കര്‍. ലോകത്ത് ലഭ്യമായ എല്ലാ സുരക്ഷാക്രമീകരണങ്ങളും സ്വീകരിച്ചാണ് സേവന രംഗത്ത് ഖത്തര്‍ എയര്‍വേയ്‌സ് ജൈത്രയാത്ര തുടരുന്നത്. പ്രമുഖ ട്രാവല്‍ ബ്‌ളോഗര്‍ സാം ചൂയിമായി നടത്തിയ അഭിമുഖത്തില്‍ അല്‍ ബാക്കര്‍ പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ വിമാനകമ്പനിയെന്ന നിലക്ക് മഹാമാരിയുടെ സമയത്ത് ലക്ഷക്കണക്കിനാളുകളെ നാടണയുവാന്‍ സഹായിക്കുവാനും ഖത്തര്‍ എയര്‍വേയ്‌സിന് സാധിച്ചതായി അദ്ദേഹം പറഞ്ഞു.
വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുകയെന്നതാണ് ഖത്തര്‍ എയര്‍വേയ്‌സിന്റെ രീതി. കോവിഡ് മഹാമാരിയെ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന ചിന്തയാണ് ലക്ഷക്കണക്കിനാളുകളെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നാടണയാന്‍ സഹായകമായത്. ധാരാളം കാര്‍ഗോയും ഖത്തര്‍ എയര്‍വേയ്‌സ് കൈകാര്യം ചെയ്തു.
കോവിഡ് ഇതേ സ്ഥിതി തുടരുകയാണെങ്കില്‍ പല രാജ്യങ്ങളും വാക്‌സിനേഷന്‍ പാസ്‌പോര്‍ട്ട്് ആവശ്യപ്പെട്ടേക്കും. എല്ലാവര്‍ക്കും വാക്‌സിനേഷന്‍ സൗകര്യം ഉറപ്പാക്കിയ ശേഷമേ ഇത് ക്രിയാത്മകമായി നടപ്പാക്കാനാവുകയുള്ളൂ . ആസ്‌ട്രേലിയ പോലുള്ള ചില രാജ്യങ്ങള്‍ ഇതിനകം തന്നെ വാക്‌സിനേഷന്‍ പാസ്‌പോര്‍ട്ട് നിര്‍ബന്ധമാക്കി കഴിഞ്ഞു.
വ്യോമഗതാഗത രംഗത്ത് പ്രതീക്ഷ പകര്‍ന്ന് 140 കേന്ദ്രങ്ങളിലേക്ക് പറക്കാനൊരുങ്ങി ഖത്തര്‍ എയര്‍വേയ്‌സ് വേനല്‍കാല ഷെഡ്യൂള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരു വര്‍ഷത്തിലേറെയായി യാത്ര ചെയ്യാനാവാതിരുന്ന നിരവധി പ്രവാസികളെ സന്തോഷഷിപ്പിക്കുന്ന വാര്‍ത്തയാണിത്്. കോവിഡ് മഹാമാരി വിട്ടുമാറിയിട്ടില്ലെങ്കിലും സുരക്ഷിതമായ വാക്‌സിനുകള്‍ ലഭ്യമായത് യാത്രയുടെ പശ്ചാത്തലമൊരുക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. ഉറ്റവരേയും ഉടയവരേയും കാണാനാവാതെ മാനസിക സംഘര്‍ഷങ്ങളില്‍ കഴിയുന്ന പതിനായിരങ്ങളുടെ മനസില്‍ കുളിര്‍മഴ പെയ്യിക്കുന്ന പ്രഖ്യാപനമാണിത്.
വിശ്വസനീയമായ ആഗോള കണക്റ്റിവിറ്റി നല്‍കുന്ന മുന്‍നിര അന്താരാഷ്ട്ര കാരിയര്‍ എന്ന സ്ഥാനം നിലനിര്‍ത്തിയ ഖത്തര്‍ എയര്‍വേയ്സ് മഹാമാരിയുടെ കാലത്ത് മികച്ച സേവനമാണ് ചെയ്തത്. സുരക്ഷ, പുതുമ, ഉപഭോക്തൃ അനുഭവം എന്നിവയില്‍ ലോകത്തെ മുന്‍നിര എയര്‍ലൈനായി എയര്‍ലൈനായ ഖത്തര്‍ എയര്‍വേയ്‌സ് പഞ്ചനക്ഷത്ര പദവി നിലനിര്‍ത്തിയാണ് ജൈത്രയാത്ര തുടരുന്നത്.
ഖത്തറിന്റെ ദേശീയ വിമാനക്കമ്പനിയായ ഖത്തര്‍ എയര്‍വേയ്‌സ് 140 ലധികം ഡെസ്റ്റിനേഷനുകളിലേക്കായി 1,200 പ്രതിവാര സര്‍വീസുകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
2021 വേനല്‍ക്കാലത്തിന്റെ മധ്യത്തോടെ, ആഫ്രിക്കയില്‍ 23, അമേരിക്കയില്‍ 14, ഏഷ്യ-പസഫിക് 43, യൂറോപ്പില്‍ 43, മിഡില്‍ ഈസ്റ്റില്‍ 19 എന്നിവ ഉള്‍പ്പെടെ 140 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് ശൃംഖല പുനര്‍നിര്‍മിക്കാനാണ് ഖത്തര്‍ എയര്‍വേയ്സ് പദ്ധതിയിടുന്നത്.