ഖത്തറില്‍ കോവിഡ് വാക്‌സിന്‍ ഏറെ ഫലപ്രദം, വാക്‌സിനെടുത്ത ആരും കോവിഡ് ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ടില്ല
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡ് -19 വാക്‌സിനുകള്‍ വൈറസിനെതിരെ ഉയര്‍ന്ന തോതില്‍ സംരക്ഷണം നല്‍കുന്നുവെന്നതിനും ആളുകളെ രോഗിയായിത്തീരുന്നതില്‍ നിന്നും തടയുന്നുവെന്നതിനും ഖത്തറില്‍ വ്യക്തമായ തെളിവുകളുണ്ടെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ കമ്മ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുന അല്‍ മസ്‌ല മാനി അഭിപ്രായപ്പെട്ടു.
‘വിപുലമായ ക്ലിനിക്കല്‍ പരീക്ഷണങ്ങളനുസരിച്ച് ഫൈസര്‍, ബയോണ്‍ ടെക്, മോഡേണ വാക്‌സിനുകള്‍ രോഗലക്ഷണ അണുബാധ തടയുന്നതില്‍ 95 ശതമാനം ഫലപ്രദമാണെന്ന് തെളിയിച്ചിട്ടുണ്ട്. ഇതിനര്‍ത്ഥം വാക്‌സിനേഷന്‍ ലഭിച്ച ആളുകള്‍ വൈറസ് പ്രതിരോധശേഷിയുള്ളവരാണെന്നോ കോവിഡ് ബാധ വരില്ലെന്നോ അല്ല മറിച്ച് കോവിഡ് ബാധ വന്നാലും സ്ഥിതിഗതികള്‍ സങ്കീര്‍ണമാവില്ല എന്നാണ് , അവര്‍ വിശദീകരിച്ചു.
‘ഒരു വാക്‌സിനും ഒരിക്കലും 100 ശതമാനം ഫലപ്രദമല്ല,. എന്നാല്‍ വാക്‌സിനെടുത്തവരില്‍ വളരെ കുറച്ച് പേര്‍ക്ക് മാത്രമേ വീണ്ടും കോവിഡ് രോഗം ബാധിക്കുന്നുള്ളൂ. വാക്‌സിനുകളുടെ ഫലപ്രാപ്തിയെക്കുറിച്ച് ഖത്തറില്‍ വളരെ പ്രോത്സാഹജനകമായ തെളിവുകളാണ് കാണുന്നത്.
ഖത്തറില്‍ പൂര്‍ണ്ണമായി പ്രതിരോധ കുത്തിവയ്പ് നടത്തിയവരില്‍ കോവിഡ് മരണങ്ങളൊന്നും സംഭവിച്ചിട്ടില്ല. 2021 ജനുവരി 1 മുതല്‍ 12,249 പേരെ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 197 പേര്‍ മാത്രമാണ് പൂര്‍ണ്ണമായും വാക്‌സിനെടുത്തവര്‍. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്റെ 1.6 ശതമാനം പേര്‍ മാത്രമായിരുന്നു പ്രതിരോധ കുത്തിവയ്പ് എടുത്തവര്‍. ഖത്തറില്‍, എല്ലാ പ്രായത്തിലുമുള്ളവരേയും പരിഗണിക്കുമ്പോള്‍ വാക്‌സിനേഷന്‍ ചെയ്യാത്തവര്‍ പൂര്‍ണ്ണമായും വാക്‌സിനേഷന്‍ ചെയ്തവരേക്കാള്‍ 61 മടങ്ങ് കൂടുതല്‍ ആശുപത്രി ഇന്‍പേഷ്യന്റ് യൂണിറ്റുകളില്‍ പ്രവേശിക്കാന്‍ സാധ്യതയുള്ളവരാണ് അവര്‍ കൂട്ടിച്ചേര്‍ത്തു.
പൂര്‍ണമായും പ്രതിരോധ കുത്തിവയ്പ് നല്‍കിയആളുകള്‍ക്ക് കോവിഡ് മൂലം തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിക്കാനുള്ള സാധ്യതയും കുറവാണ്. ഡോ. അല്‍ മസ്‌ല മാനി വിശദീകരിച്ചു. ‘ഈ വര്‍ഷം തുടക്കം മുതല്‍ 1,766 കോവിഡ് രോഗികളാണ് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ഇതില്‍ 19 രോഗികള്‍ക്ക് മാത്രമാണ് പൂര്‍ണ്ണമായി പ്രതിരോധ കുത്തിവയ്‌പ്പെടുത്തവരായി ഉണ്ടായിരുന്നത്. കോവിഡ് മൂലമുള്ള ഐസിയു പ്രവേശനത്തിന്റെ ഒരു ശതമാനം മാത്രമായിരുന്നു പൂര്‍ണമായി പ്രതിരോധ കുത്തിവയ്പ് നടത്തിയവര്‍, ഡോ. മസ് ലമാനി വിശദീകരിച്ചു. വാസ്തവത്തില്‍, ഖത്തറില്‍ എല്ലാ പ്രായത്തിലുമുള്ള വാക്‌സിനേഷന്‍ ചെയ്യാത്ത ആളുകള്‍ പൂര്‍ണ്ണമായും വാക്‌സിനേഷന്‍ നല്‍കിയ ആളുകളേക്കാള്‍ 91 മടങ്ങ് ഐസിയുവില്‍ പ്രവേശിക്കാനുള്ള സാധ്യത കൂടുതലാണ്.
ഖത്തറിലെ യോഗ്യതയുള്ള ജനസംഖ്യയുടെ 40 ശതമാനത്തിലേറെ പേര്‍ക്കും കുറഞ്ഞത് ഒരു വാക്‌സിന്‍ ഡോസും 22 ശതമാനത്തിലേറെ പേര്‍ക്കും രണ്ട് ഡോസുകളും ഇതിനകം ലഭിച്ചിട്ടുണ്ട്. വാക്‌സിനേഷന്‍ പ്രോഗ്രാം ഇപ്പോള്‍ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. എന്നാല്‍ നിര്‍ണായക പ്രവചനങ്ങള്‍ നടത്താന്‍ സമയമായിട്ടില്ല. ഖത്തറിലെ ഞങ്ങളുടെ കോവിഡ് ഡാറ്റ കാണിക്കുന്നത് ആശുപത്രി പ്രവേശന നിരക്കിലും രോഗ ബാധയിലും കഴിഞ്ഞ ഒരാഴ്ചയിലേറെയായി കുറവുണ്ടെന്നാണ് . ഇത് വളരെ പ്രോത്സാഹജനകമാണ്. കോവിഡ് നിയന്ത്രണങ്ങളും വാക്‌സിനേഷന്‍ പ്രോഗ്രാമും സംയോജിപ്പിച്ച് വൈറസ് പടരാതിരിക്കാന്‍ പ്രവര്‍ത്തിക്കുന്നുവെന്നതിന്റെ ആദ്യ സൂചനയാണിതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.