Breaking News

ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ സ്റ്റോപ് സ്മോക്കിംഗ് ക്ളിനിക്കിന് ലോകാരോഗ്യ സംഘടനയുടെ ബഹുമതി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ സ്റ്റോപ് സ്മോക്കിംഗ് ക്ളിനിക്കിന് ലോകാരോഗ്യ സംഘടനയുടെ ബഹുമതി. പുകവലിക്കാര്‍ക്ക് പുകവലി നിര്‍ത്തുന്നതിനാവശ്യമായ കൗണ്‍സിലിംഗും ചികില്‍സയും തുടര്‍നടപടികളും സ്വീകരിക്കുകയും നിരന്തരമായ ബോധവല്‍ക്കരണ പരിപാടികളിലൂടെ സമൂഹത്തെ പുകവലിയുടെ വിപത്തില്‍ നിന്ന് രക്ഷിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്നതിനാണ് ലോകാരോഗ്യ സംഘടന ബഹുമതി ലഭിച്ചത്.

ഓരോ വര്‍ഷവും, പുകയില വിരുദ്ധ ദിനാചരണത്തോടുബന്ധിച്ച് ലോകാരോഗ്യസംഘടനയുടെ 6 മേഖലകളിലും മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന വ്യക്തികളെയും സംഘടനകളെയും ലോകാരോഗ്യ സംഘടന ആദരിക്കാറുണ്ട്. കിഴക്കന്‍ മെഡിറ്ററേനിയന്‍ മേഖലയില്‍ നിന്നുള്ള അവാര്‍ഡ് നേടിയ സംഘടനകളിലാണ് ഡബ്ല്യുഎച്ച്ഒ സഹകരണ കേന്ദ്രമായ എച്ച്എംസി പുകയില നിയന്ത്രണ കേന്ദ്രം സ്ഥാനം നേടിയത്.

2017 ലാണ് എച്ച്എംസിയുടെ പുകയില നിയന്ത്രണ കേന്ദ്രം ലോകാരോഗ്യ സംഘടനയുടെ സഹകരണ കേന്ദ്രമായി അംഗീകരിക്കപ്പെട്ടത്. ഈ രൂപത്തിലുള്ള അംഗീകാരം ലഭിക്കുന്ന ഖത്തറിലും മേഖലയിലും ആദ്യത്തേതാണ് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ സ്റ്റോപ് സ്മോക്കിംഗ് ക്ളിനിക്ക്.

എച്ച്എംസി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അബ്ദുല്ല അല്‍ അന്‍സാരി, ചീഫ് കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍ അലി അബ്ദുല്ല അല്‍ ഖാത്തര്‍, എച്ച്എംസിയിലെ ഇന്റേണല്‍ മെഡിസിന്‍ ചെയര്‍മാന്‍ ഡോ. അബ്ദുല്‍ ബാദി അബൂ സമ്ര, എച്ച്എംസിയുടെ തീവ്രപരിചരണ വിഭാഗങ്ങളുടെ ചെയര്‍മാനും ഹസം മെബൈറീക്ക് ജനറല്‍ ആശുപത്രി മെഡിക്കല്‍ ഡയറക്ടറുമായ ഡോ. അഹമ്മദ് അല്‍ മുഹമ്മദ് എന്നിവരുടെ സാന്നിധ്യത്തില്‍ എച്ച്എംസിയുടെ പുകയില നിയന്ത്രണ കേന്ദ്രം മേധാവി ഡോ. അഹ്‌മദ് അല്‍ മുല്ല അവാര്‍ഡ് ഏറ്റുവാങ്ങി.

Related Articles

Back to top button
error: Content is protected !!