കോവിഡ് വാക്സിനുകളുടെ നീതിപൂര്‍വകമായ വിതരണത്തിന് ലോക രാജ്യങ്ങള്‍ സഹകരിക്കണം, ഖത്തര്‍ അമീര്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : അന്താരാഷ്ട്ര സംവിധാനത്തിന്റെ ചട്ടക്കൂടിനുള്ളില്‍, ഉത്തരവാദിത്തം പങ്കുവെക്കുന്നതിനും കോവിഡ് വാക്സിനുകളുടെ നീതിപൂര്‍വകമായ വിതരണത്തിനും ലോക രാജ്യങ്ങള്‍ സഹകരിക്കണമെന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി ആവശ്യപ്പെട്ടു. പ്രഥമ ഖത്തര്‍ ഇക്കണോമിക് ഫോറം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാളത്തേക്കുള്ള പുതിയ കാഴ്ചപ്പാടുകള്‍ എന്ന വിഷയത്തില്‍ ഊന്നി ലോകാടിസ്ഥാനത്തില്‍ പല രാജ്യങ്ങളും അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയും മഹാമാരിയെ നേരിടുന്നതിന് ഖത്തര്‍ സ്വീകരിച്ച മാര്‍ഗങ്ങളും അമീര്‍ വിശദീകരിച്ചു.
കോവിഡ് മഹാമാരി ലോകത്തെയാകമാനം പിടിച്ചുകുലുക്കിയിരിക്കുകയാണെന്നും കോവിഡ് -19 നെതിരെ ഫലപ്രദമായ വാക്സിനുകള്‍ നിര്‍മ്മിക്കാനായത് അഭിനന്ദനീയമായ മാനുഷിക ശ്രമമണെന്നും അമീര്‍ പറഞ്ഞു. എന്നാല്‍ ചില രാജ്യങ്ങള്‍ അവരുടെ ആവശ്യങ്ങള്‍ക്കപ്പുറമുള്ള അളവില്‍ വാക്സിന്‍ സ്വന്തമാക്കുന്നതിനുള്ള മത്സരം വികസ്വര രാജ്യങ്ങളിലും ദരിദ്ര രാജ്യങ്ങളിലും വികസന പ്രക്രിയയെ തടസ്സപ്പെടുത്തുന്നതിനൊപ്പം ആഗോളതലത്തില്‍ പാന്‍ഡെമിക്കിനെ നിയന്ത്രിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ തകര്‍ക്കും.വാക്സിന്റെ നീതിപൂര്‍വകവും സമഗ്രവുമായ വിതരണത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിന് കൂടുതല്‍ സഹകരണത്തിനായി ലോക രാജ്യങ്ങളിലെ നേതാക്കളോട്, പ്രത്യേകിച്ച് പ്രധാന വ്യവസായ രാജ്യങ്ങളോട് അമീര്‍ ആഹ്വാനം ചെയ്തു. ഈ സഹകരണമാണ് നമ്മുടെ ജനങ്ങളുടെ ക്ഷേമവും സുസ്ഥിരതയും കൈവരിക്കുന്ന സുസ്ഥിര ആഗോള വികസന ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കുവാന്‍ സഹായിക്കുക.
പ്രധാനമായും നാച്വറല്‍ ഗ്യാസ് കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഖത്തര്‍. കുറഞ്ഞ കാര്‍ബണ്‍ വികിരണവും പാരിസ്ഥിതിക അപകടങ്ങളില്ലാത്തുമായ ഊര്‍ജ ഉല്‍പാദന മേഖലയാണത്. 2026 ഓടെ ഖത്തറിന്റെ ഗ്യാസ് ഉല്‍പാദനം 40 ശതമാനം വര്‍ദ്ധിപ്പിക്കുമെന്നും ഇതിനായി നോര്‍ത് ഫീല്‍ഡ് വികസന പദ്ധതികളുമായി ഖത്തര്‍ മുന്നോട്ടുപോവുകയാണെന്നും അമീര്‍ പറഞ്ഞു. ഓയിലേതര മേഖലയില്‍ നിന്നുള്ള വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഊര്‍ജിത ശ്രമങ്ങളാണ് നടന്നുവരുന്നത്. 2020 ല്‍ ഖത്തര്‍ ജി.ഡി.പി.യുടെ 61 ശതമാനവും ഈ മേഖലയില്‍ നിന്നായിരുന്നു. പരിസ്ഥിതി സൗഹൃദ വ്യവസായങ്ങളാണ് രാജ്യം പ്രോല്‍സാഹിപ്പിക്കുന്നത്. ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടും ഹമദ് പോര്‍ട്ടും വികസിപ്പിച്ച് കൂടുതല്‍ രാജ്യങ്ങളുമായി വാണിജ്യ ബന്ധം കെട്ടിപ്പടുക്കാനും ശ്രമങ്ങള്‍ തുടരുന്നു. ഫ്രീ സോണുകള്‍ സ്ഥാപിച്ച് അന്താരാഷ്ട്ര തലത്തിലുള്ള വ്യവസായവും നിക്ഷേപവും പ്രോല്‍സാഹിപ്പിക്കുവാനും ഖത്തര്‍ പരിശ്രമിക്കുന്നതായി അമീര്‍ പറഞ്ഞു.
ലോകം ഇനിയും കോവിഡ് മഹാമാരിയില്‍ നിന്നും മോചിതമായിട്ടില്ലെന്നും കോവിഡാനന്തര ലോകത്തെ സാമ്പത്തിക പ്രതിസന്ധികള്‍ സംബന്ധിച്ച സംവാദങ്ങളുടെ തുടക്കമാണിതെന്നും അമീര്‍ പറഞ്ഞു. മനുഷ്യരാശി മുന്‍ അനുഭവമില്ലാത്ത ഗുരുതരമായ പ്രതിസന്ധിയുടെ നടുവില്‍ കിടന്ന് വലയുന്ന സന്ദര്‍ഭത്തിലാണ് കോവിഡാനന്തര സാമ്പത്തിക പദ്ധതികളെക്കുറിച്ച് നാം സംസാരിക്കുന്നത്. കോവിഡിന്റെ പുതിയ വകഭേദങ്ങളും രൂപമാറ്റങ്ങളും പല രാജ്യങ്ങളേയും ഇപ്പോഴും ഭീഷണിപ്പെടുത്തുകയാണ്. ലോകം ഒറ്റക്കെട്ടായി ഈ മഹാമാരിയെ അതിജീവിക്കണം.
ഡിജിറ്റല്‍ ടെക്നോളജിയുടെ അഭൂതപൂര്‍വമായ വളര്‍ച്ചയും റിമോട്ട് വര്‍ക് സംസ്‌കാരവുമൊക്കെ കോവിഡ് കാലം സമ്മാനിച്ച നല്ല ഫലങ്ങളാണ്. പ്രകൃതിയുമായുള്ള ബന്ധം, ആരോഗ്യ സംരക്ഷണം, ആഗോള പ്രതിസന്ധികളെ നേരിടുന്ന രീതി, പാരിസ്ഥിതിക പ്രശ്നങ്ങള്‍, കാലാവസ്ഥ വ്യതിയാനം, അഭയാര്‍ഥി പ്രശ്നം, പകര്‍ച്ച വ്യാധികള്‍ തുടങ്ങി നിരവധി വിഷയങ്ങളെക്കുറിച്ച് ലോകത്തിന് കോവിഡ് പല പാഠങ്ങളും പകര്‍ന്ന് നല്‍കി.
വൈദ്യ മേഖലയെ ശക്തിപ്പെടുത്തി സമൂഹത്തെ മൊത്തം സംരക്ഷിക്കുക, മഹാമാരിയുടെ നെഗറ്റീവ് ഇംപാക്ടില്‍ നിന്നും സാമ്പത്തിക മേഖലയെ സംരക്ഷിക്കുക, കോവിഡിനെ പ്രതിരോധിക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ പിന്തുണക്കുക എന്നീ മൂന്ന് പ്രധാന അടിസ്ഥാനങ്ങളെ കേന്ദ്രീകരിച്ചായിരുന്നു കോവിഡിനെതിരെ ഖത്തറിന്റെ സമീപനം. ദേശീയ വാക്സിനേഷന്‍ പദ്ധതിയിലൂടെ എല്ലാവര്‍ക്കും വാക്സിന്‍ ലഭ്യമാക്കാനാണ് രാജ്യം ശ്രദ്ധിച്ചത്. ഇതുവരെ 28 ലക്ഷം ഡോസ് വാക്സിനുകള്‍ നല്‍കി കഴിഞ്ഞു. ജനസംഖ്യയുടെ അര്‍ഹരായ 65 ശതമാനം പേരും ഇതിനകം തന്നെ വാക്സിനെടുത്തിട്ടുണ്ട്. കോവിഡ് പ്രതികൂലമായി ബാധിച്ച സ്വകാര്യ മേഖലക്ക് 75 ബില്യണ്‍ റിയാലിന്റെ ഉത്തേജക പാക്കേജുകള്‍ അനുവദിച്ചാണ് രാജ്യം സാമ്പത്തിക പ്രതിസന്ധിയെ നേരിട്ടത്. സമ്പൂര്‍ണ ലോക് ഡൗണിലേക്ക് പോകാതെ നിയന്ത്രണങ്ങളില്‍ മിതത്വം പാലിച്ചും രാജ്യത്തിന്റെ കോവിഡ് പ്രതിരോധ മാതൃക ശ്രദ്ധേയമായിരുന്നു. വാക്സിന്‍ വികസിപ്പിക്കുന്നതിനുള്ള ആഗോള ശ്രമങ്ങളെ പിന്തുണച്ച ഖത്തര്‍ തങ്ങളുടെ ഉത്തരവാദിത്തം നിര്‍വഹിച്ചതായി അമീര്‍ പറഞ്ഞു.
വികസിത വികസ്വര രാജ്യങ്ങള്‍ തമ്മിലുള്ള അകലം കുറക്കണമെന്നും കൂടുതല്‍ ഊഷ്മളമായ സഹകരണത്തോടെ ലോകം മുന്നോട്ടുപോകണമെന്നും അമീര്‍ അഭിപ്രായപ്പെട്ടു.