IM Special

ഷീല ടോമിയുടെ സര്‍ഗസഞ്ചാരം

ഡോ. അമാനുല്ല വടക്കാങ്ങര

പ്രവാസി എഴുത്തുകാരിയായ ഷീല ടോമി ഭാവനയുടേയും യാഥാര്‍ഥ്യത്തിന്റേയും ഇടയിലൂടെയുള്ള വ്യതിരിക്തമായ വഴികളിലൂടെ സഞ്ചരിച്ചാണ് തന്റെ സര്‍ഗസഞ്ചാരം അടയാളപ്പെടുത്തുന്നത്. വയനാടന്‍ മലയോര ഗ്രാമങ്ങളുടെ സൗന്ദര്യവും സൗരഭ്യവുമൊപ്പിയെടുക്കുന്ന ഷീലയുടെ രചനകള്‍ എല്ലാതരം വായനക്കാരേയും ആകര്‍ഷിക്കുന്നത് ഭാഷയുടെ ലാളിത്യവും ശൈലിയുടെ തന്മയത്വവും ആശയങ്ങളുടെ ഗരിമയും കൊണ്ടാകാം.

ജീവിതത്തിന്റേയും, പരിസ്ഥിതിയുടേയും മേലുള്ള മനുഷ്യന്റെ കടന്നുകയറ്റത്തിന്റെ നേര്‍ക്കാഴ്ചകളാല്‍ ശ്രദ്ധേയമായ വല്ലി എന്ന ഒറ്റ നോവല്‍ മതിയാകും സാഹിത്യലോകത്തെ ഷീല ടോമി എന്ന വയനാട്ടുകാരിയെ അടയാളപ്പെടുത്തുവാന്‍. ഡി.സി ബുക്ക്‌സ് പ്രസിദ്ധീകരിച്ച പ്രമുഖ പുസ്തകങ്ങളില്‍ സ്ഥാനം പിടിച്ച വല്ലി 2020 ലെ കേരള ലിറ്റററി ഫെസ്റ്റിവലില്‍ സാഹിത്യലോകത്തിന്റ കയ്യയടി വാങ്ങിയത് വല്ലി ഉയര്‍ത്തിപ്പിടിക്കുന്ന പ്രമേയത്തിന്റെ കാലിക പ്രസക്തിയും സാഹിത്യ സൗഭഗവും കൊണ്ടാകാം. ഭൂപരിഷ്‌കരണ നിയമവും, കയ്യേറ്റങ്ങളും, പശ്ചിമഘട്ടവും, ഗാഡ്ഗില്‍ കമ്മിറ്റ റിപ്പോര്‍ട്ടും, പ്രളയവുമെല്ലാം മലയാളക്കരയെ പിടിച്ചുകുലുക്കുമ്പോള്‍ വല്ലിയുടെ സാമൂഹ്യ പ്രസക്തിയേറുകയാണ്. പുസ്തകത്തിന്റെ ആമുഖത്തില്‍ നോവലിസ്റ്റ് കുറിക്കുന്ന തീ പിടിച്ച കാടിനായി, ശബ്ദമില്ലാത്ത മനുഷ്യര്‍ക്കായി, ലിപിയില്ലാത്ത ഭാഷയ്ക്കായി എന്നീ വാക്കുകള്‍ തന്നെ വല്ലിയുടെ ആശയലോകം വെളിവാക്കുന്നതാണ്.

വല്ലിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഷീലക്ക് നൂറ് നാവാണ്. മൂന്ന് വര്‍ഷത്തെ നിരന്തര സപര്യയിലൂടെ സാക്ഷാല്‍ക്കരിച്ച നോവല്‍ വയനാടന്‍ ജീവിതത്തിന്റെ അവിസ്മരണീയമായ മുഹൂര്‍ത്തങ്ങള്‍ ഒപ്പിെയടുക്കുകയാണ്. എന്നെ ഞാനാക്കിയ വയനാടിന്റെ സ്പന്ദനങ്ങള്‍ കോറിയിടാനുള്ള ശ്രമമാണിതെന്നാണ് ഇതേക്കുറിച്ച് ഷീല ടോമി പറയുന്നത്.

വല്ലിയുടെ എഴുത്ത് ഒരു പ്രാര്‍ത്ഥനയായിരുന്നു. ഒരിക്കല്‍ കൂടി ഈ ഭൂമി ഹരിതാഭാമാക്കാനുള്ള പ്രാര്‍ത്ഥന. ഏദന്‍ തോട്ടത്തില്‍നിന്ന് പുറപ്പെട്ട ഒരു കൊച്ചരുവി വചനങ്ങളാല്‍ വല്ലിയുടെ തുരുത്തുകള്‍ നനച്ചുകൊണ്ടേയിരുന്നു. നോക്കൂ, കൊല്ലരുത് വെട്ടി നശിപ്പിക്കരുത് എന്ന ഉണര്‍ത്തല്‍. ഇത് വനസ്ഥലിയുടെ ഒപ്പീസ്.

വല്ലിക്ക് പല അര്‍ത്ഥതലങ്ങളുണ്ട്. ഭൂമി, ലത, കൂലി. അവ മൂന്നും ഈ നോവലിന്റെ ഇതിവൃത്തത്തോട് ചേര്‍ന്നു നില്‍ക്കുന്നു എന്ന തിരിച്ചറിവാണ് ആ പേരിലേക്ക് എത്തിച്ചത്. ലോകത്തില്‍ പലയിടത്തും നടക്കുന്ന മനുഷ്യപക്ഷത്തു നില്‍ക്കുന്ന പ്രകൃതി പോരാട്ടങ്ങളോട് താദാത്മ്യപ്പെടാനും ഒരു എളിയ ശ്രമം നടത്തിയിട്ടുണ്ട്.

1970 കള്‍ക്ക് ശേഷമുള്ള വയനാടാണ് വല്ലിയുടെ പശ്ചാത്തലം. വല്ലി കിളിര്‍ക്കുന്നത് ഷീലയുടെ ഗ്രാമത്തില്‍ തന്നെയാണ്. കാടും കുന്നും വയലും എല്ലാം തിരിച്ചറിയാനാവാത്തവണ്ണം അപഹരിക്കപ്പെട്ടുകഴിഞ്ഞ വയനാട്ടില്‍. കുടിയേറ്റ കര്‍ഷകരുടെയും, ഒപ്പം, ഭൂമിക്ക് വേണ്ടി ഇന്നും സമരം ചെയ്യുന്ന, ആദിമവാസികളുടെയും അവരുടെ ചെറുത്തു നില്‍പ്പിന്റെയും കഥയാണത്. വയനാടിനെക്കുറിച്ചുള്ള ഒരു കഥയും ആദിവാസികളെ മാറ്റി നിര്‍ത്തി പറയാന്‍ കഴിയില്ല. കാരണം അവരാണ് ഈ മണ്ണില്‍ പൊന്നുവിളയിച്ചത്. അവരുടെ കഷ്ടപ്പാടും അദ്ധാനവുമാണ് ഈ നാടിനെ പുരോഗതിയിലേക്കു നയിച്ചത്. എന്നാല്‍ സ്വന്തം മണ്ണില്‍നിന്ന് അവര്‍ ആട്ടിയോടിക്കപ്പെട്ടു. അവരുടെ കാട്, വാസസ്ഥലങ്ങള്‍ എല്ലാം അവര്‍ക്ക് നഷ്ടമായി. അവരുടെ ഭാഷ, പാട്ടുകള്‍, സ്വപ്നങ്ങള്‍ എല്ലാം പുരോഗമനത്തിന്റെ പേരില്‍ അവര്‍ക്ക് നിഷേധിക്കപ്പെട്ടു. പലപ്പോഴും അടിമകളെപ്പോലെ അവരെ പണിയെടുപ്പിച്ചു. ഇന്ന് ഒരുപാട് മാറ്റങ്ങള്‍ വന്നെങ്കിലും ഇന്നും ഒരു പരിധിവരെ മാനസികമായ അടിമത്തം പേറുന്നവരാണ് അവര്‍.

നിലനില്‍പ്പിനുവേണ്ടി മനുഷ്യര്‍ നടത്തുന്ന കയ്യേറ്റങ്ങളെക്കാള്‍ പരിസ്ഥിതിലോല പ്രദേശങ്ങളില്‍പ്പോലും പ്രകൃതിക്ക് മേല്‍ നടന്നുകൊണ്ടിരിക്കുന്ന വന്‍തോതിലുള്ള കോര്‍പ്പറേറ്റ് കയ്യേറ്റങ്ങളെയും അവയ്ക്ക് നിയമ പരിരക്ഷ ഉറപ്പു നല്‍കുന്ന അധികാര ബന്ധങ്ങളെയും നാം കാണുന്നു. അത് കാലാവസ്ഥാ വ്യതിയാനമായും, പ്രളയമായും, കാട്ടുതീയായും വന്നുഭവിച്ചിട്ടും കാട്ടുകൊള്ള തുടരുന്നു. തമ്പ്രാന്‍ കുന്ന് കയ്യേറുന്ന റിസോട്ട് മാഫിയയെ വല്ലിയില്‍ കാണാം. ഒരിക്കല്‍ ഗൂഡല്ലൂരിലെ സ്വന്തം മണ്ണില്‍ നിന്നും വലിച്ചെറിയപ്പെട്ട പ്രകാശന്റെ പോരാട്ടങ്ങള്‍ മാഫിയകള്‍ക്കെതിരെയാണ്. അത് അയാളുടെ ഔദ്യാഗിക ജീവിതത്തെ പ്രശ്‌നഭരിതമാക്കുന്നു. ഇതൊക്കെ നാം ഇന്നും കാണുന്നു. അതൊക്കെ ഒന്ന് ഉറക്കെ വളിച്ചു പറയുകയെന്ന ഉത്തരവാദിത്തമാണ് വല്ലി നിര്‍വ്വഹിക്കുന്നത്.

ഓരോ മനുഷ്യനും കുടിയേറ്റക്കാരനോ, ജന്മിയോ,ആദിവാസിയോ ആരായാലും, ഈ ഭൂമിയില്‍ തുല്യാവകാശമാണ്. അതാണ് ഷീല വല്ലിയിലൂടെ പറയാന്‍ ശ്രമിക്കുന്നത്. വിമോചന രാഷ്ട്രീയവും പ്രകൃതിയെ സംരക്ഷിക്കാന്‍ ആഹ്വാനം ചെയ്യുന്ന തിരുവചനങ്ങളും ഫാദര്‍ ഫെലിക്‌സ് മുല്ലക്കാട്ടില്‍ എന്ന വിപ്ലവകാരിയായ വികാരിയിലൂടെ, പത്മനാഭനിലൂടെ, ഇസബെല്ലയുടെ, തൊമ്മിച്ചനിലൂടെ വല്ലിയുടെ ആത്മാവായി മാറുന്നു.

‘തലമുറകള്‍, വികസനം, ചരിത്രം, രാഷ്ട്രീയം ഇത്രമാത്രം മതിയാവുമോ ഒരു ദേശത്തെ അടയാളപ്പെടുത്താന്‍? ഏത് നാട്ടിലുമുണ്ട് വെളിച്ചത്തേക്കാള്‍ വെളിച്ചമുള്ള ഇരുളുകള്‍. മൊഴിയറ്റുപോയവരുടെ നേരുകള്‍. നുണകള്‍, വേവുകള്‍, കാട്, പുഴ, കാറ്റ്, ഗന്ധങ്ങള്‍. അപഹരിക്കപ്പെടുന്ന ദൈവങ്ങള്‍ പോലുമുണ്ട്. സ്വാര്‍ത്ഥനാണ് മനുഷ്യന്‍. അവന്‍ സ്വന്തം വികാരങ്ങളെഴുതും. ചിന്തകളെഴുതും. മഹത്തായ ആശയങ്ങള്‍ പലതും കുറിക്കും. പക്ഷേ നമ്മെ നാമാക്കുന്ന എന്തോ ഒന്നിനെ പകര്‍ത്താന്‍ വിസ്മരിക്കും.
വല്ലിയില്‍ ഇങ്ങനെ വായിക്കാം. മിത്തുകളുടെ അക്ഷയ ഖനിയാണ് വയനാട്. വിസ്മരിക്കപ്പെടാന്‍ പോകുന്ന വയനാടന്‍ മിത്തുകളും കഥകളും ഒക്കെ പുനരാഖ്യാനം ചെയ്യാനും ഒന്ന് ശ്രമിക്കുന്നുണ്ട് വല്ലിയില്‍.


മൂന്നു വര്‍ഷത്തെ തപസ്യയായിരുന്നു എഴുത്ത്. ചാച്ചന്‍ പലവട്ടം പറഞ്ഞിട്ടും എഴുതിത്തുടങ്ങാന്‍ സാധിക്കാതിരുന്ന ദേശം ഉള്ളില്‍ ഒരു വിങ്ങലായത് ചാച്ചന്റെ വേര്‍പാടിനുശേഷമാണ്. (2015 ലാണ് ഷീലയുടെ ചാച്ചന്‍ ഈ ലോകത്തോട് വിടപറഞ്ഞത് )
എഴുത്ത് തുടങ്ങും മുമ്പ് എട്ടൊമ്പത് ദശകങ്ങള്‍ മുമ്പ് പിതാമഹന്‍മാര്‍ പുറപ്പെട്ടു വന്നുചേര്‍ന്ന നാടിനെ കൂടുതല്‍ വായിച്ചറിയാനും കേട്ടറിയാനും ശ്രമിച്ചു. അതിനായി നല്ലൊരു ഗവേഷണം തന്നെ നടത്തേണ്ടി വന്നു. ഒട്ടേറെ തിരിച്ചറിവുകളുടെ, അനുഭവങ്ങളുടെ, കാലമായിരുന്നു എഴുത്തുകാലം. കബനിയുടെ കരയില്‍ ഞാന്‍ പിറന്നുവീണ കൊച്ചുവീടിന്റെ ആത്മാവ് എന്നെ പൊതിഞ്ഞുനിന്നു. അറിയാത്ത മനുഷ്യരിലൂടെ ഏതോ അദൃശ്യകരങ്ങള്‍ എന്നെ അത്ഭുതകരമായി വഴിനടത്തിക്കൊണ്ടിരുന്നു. എന്നെക്കുറിച്ച് പറയൂ, എന്നെക്കുറിച്ച്, എന്ന് ഇടയില്‍ ഇടിച്ചുകയറിവന്ന പലരും, എന്റെ ചുറ്റുമുള്ള സാധാരണക്കാര്‍, അപ്രതീക്ഷിതങ്ങളിലേക്ക് എന്നെ വലിച്ചുകൊണ്ടുപോയി. അവരെയെല്ലാം ഉള്‍ക്കൊള്ളാന്‍ ഈ വല്ലിക്കുടില്‍ പോരല്ലോ എന്ന് പിന്നെ വേവലാതിയായി.

മനുഷ്യന്‍ പടുത്തുയര്‍ത്തിയ ബാബേല്‍ ഗോപുരങ്ങള്‍ ഒരൊറ്റ പാച്ചിലില്‍ കടപുഴക്കിയെറിയാന്‍ നിമിത്തം പോലെ വന്ന മഹാപ്രളയത്തിനു മുന്നില്‍ നിന്നുകൊണ്ട് ‘വല്ലി’യുടെ അവസാന പുറത്തിന് വിരാമമിടുമ്പോള്‍ വല്ലിയില്‍ നിറഞ്ഞുനിന്ന നിസ്സഹായയായ പ്രകൃതി ഒട്ടുനേരംകൊണ്ട് സംഹാരരുദ്രയായ് അലറിവന്നത് വല്ലാത്തൊരു യാദൃച്ഛികതയായി അനുഭവപ്പെടുകയായിരുന്നു.

സാഹിത്യത്തിന്റേയും പരിസ്ഥിതി സംരക്ഷണത്തിന്റേയും മാനവികതയുടേയുമൊക്കെ വ്യത്യസ്ത തലങ്ങളില്‍ വായനാനുഭവം സമ്മാനിക്കുന്ന വല്ലി ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയാണ്. വല്ലിയുടെ ഇംഗ്ലീഷ് പരിഭാഷ ഹാര്‍പ്പര്‍ കോളിന്‍സില്‍ തയ്യാറാവുന്നു. ജയശ്രീ കളത്തില്‍ ആണ് വിവര്‍ത്തക.വയനാടിനെയും ദേശത്തെ സാധാരണക്കാരായ മനുഷ്യരെയും ലോകം വായിക്കും എന്നത് എനിക്ക് ഒത്തിരി സന്തോഷം നല്‍കുന്നുവെന്ന് ഷീല പറഞ്ഞു.

മെല്‍ക്വിയാഡിസിന്റെ പ്രളയപുസ്തകം (കഥാസമാഹാരം) എന്നതാണ് ഷീലയുടെ മറ്റൊരു പ്രധാന കൃതി. ‘കിളിനോച്ചിയിലെ ശലഭങ്ങള്‍’ എന്ന ചെറുകഥ തമിഴില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു. ‘ആധുനികാനന്തര മലയാള നോവല്‍’ (പഠനം), ‘രവം’, ‘പൂക്കളേക്കാള്‍ മണമുള്ള ഇലകള്‍’, ‘പുഴ പറഞ്ഞ കഥ’ (ചെറുകഥകള്‍) തുടങ്ങി നിരവധി രചനകള്‍ ആന്തോളജികളുടെ ഭാഗമാണ് .’കാടോടിക്കാറ്റ്’ എന്ന പേരില്‍ ബ്ലോഗ് എഴുതിയിരുന്നു. ഇപ്പോള്‍ രണ്ടാമത്തെ നോവലിന്റെ പണിപ്പുരയിലാണ്.

അബുദാബി അരങ്ങ് ചെറുകഥാ പുരസ്‌കാരം 2007, പുഴ.കോം ചെറുകഥാ പുരസ്‌കാരം 2008, ദോഹ സംസ്‌കൃതി കഥയരങ്ങ് പുരസ്‌കാരം 2012, ദോഹ സമന്വയം സാഹിത്യപുരസ്‌കാരം 2012 , പാര്‍ക്ക് കമലാസുരയ്യ നീര്‍മാതളം പുരസ്‌കാരം 2014 എന്നിവ നേടിയിട്ടുണ്ട്

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പഠിക്കാനും പകര്‍ത്താനും ഏറെയുളള പ്രചോദനാത്മക പ്രതിഭയാണ് പ്രവാസി എഴുത്തുകാരിയായ ഷീല ടോമി. പാഠ്യ പാഠ്യേതര രംഗങ്ങളിലെ ഷീല ടോമിയുടെ തിളക്കമാര്‍ന്ന കരിയര്‍ റെക്കോര്‍ഡ് പല രക്ഷിതാക്കള്‍ക്കും പാഠപുസ്തകമാകാം. പരീക്ഷയിലെ മാര്‍ക്കും റാങ്കും ഉറപ്പിക്കുവാന്‍ കുട്ടികളെ ടെക്സ്റ്റ് ബുക്കുകളിലും ട്യൂഷന്‍ ക്‌ളാസുകളിലും തളച്ചിടുന്ന നിരവധി രക്ഷിതാക്കളെ നമുക്ക് ചുറ്റും കാണാം. പരന്ന വായനയും സര്‍ഗരചനയും പതിവാക്കുന്നതോടൊപ്പം തന്നെ പാഠ്യ രംഗത്തും ഉയര്‍ന്ന വിജയം നേടാനാകുമെന്ന് തെളിയിച്ച മിടുക്കിയാണ് ഷീല ടോമി.

എഴുത്തും വായനയും സര്‍ഗപ്രവര്‍ത്തനങ്ങളുമൊക്കെ പാഠ്യ രംഗത്ത് കൂടുതല്‍ ക്രിയാത്മകമാക്കുവാന്‍ സഹായിക്കുകയാണ് ചെയ്യുകയെന്നാണ് ഷീല കരുതുന്നത്. ജീവിതത്തില്‍ ഏറ്റവും വിലമതിക്കുന്ന വിജയം എസ്.എസ്.എല്‍.സി റാങ്ക് തന്നെ. സംസ്ഥാനത്ത് ഒമ്പതാം റാങ്ക് ആയിരുന്നു. യുവജനോല്‍സവങ്ങളില്‍ സാഹിത്യ രചനാ മല്‍സരങ്ങളിലും പ്രസംഗ മല്‍സരത്തിലും ജില്ലയില്‍ ഒന്നാം സ്ഥാനക്കാരിയായി പല തവണ സ്റ്റേറ്റിലെത്തി. ആ സമ്മാനങ്ങളും അംഗീകാരങ്ങളും പിന്നീട് എഴുത്തിന് വലിയ പ്രേരണയായി. സംസ്ഥാനതല ക്വിസ് മല്‍സരങ്ങളിലും പല കുറി വിജയിയായിട്ടുണ്ട്. കോളേജ് കാലത്തും സാഹിത്യരചനയിലും പ്രസംഗത്തിലുമുള്ള പങ്കാളിത്തവും വിജയവും തുടര്‍ന്നു. പ്രോവിഡന്‍സ് കോളേജില്‍ പഠിക്കുമ്പോള്‍ ആകാശവാണിയില്‍ പരിപാടി അവതരിപ്പിക്കാന്‍ പോകുമായിരുന്നു.

മധ്യകേരളത്തില്‍നിന്നും വയനാട്ടിലേക്ക് കുടിയേറി വന്ന അധ്യാപക ദമ്പതികളായ എം.എ ജോസഫ് മാസ്റ്ററുടേയും പി.ജെ ഏലിക്കുട്ടി ടീച്ചറുടേയും മകളായി വയനാട്ടിലെ മാനന്താവാടിക്കടുത്ത് പയ്യമ്പള്ളി എന്ന കാടോരഗ്രാമത്തിലാണ് ഷീല വളര്‍ന്നത്.
പയ്യമ്പള്ളി സെയിന്റ് കാതറിന്‍സ് ഹൈസ്‌കൂളിലായിരുന്നു സ്‌കൂള്‍ വിദ്യാഭാസം. സ്റ്റേറ്റില്‍ റാങ്കോടെ എസ്.എസ്.എല്‍.സി പാസായി. വയനാട്ടില്‍ നിന്ന് ആദ്യത്തെ സ്റ്റേറ്റ് റാങ്കായിരുന്നു. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ പഠിച്ച് ഒരു പിന്നോക്ക ഗ്രാമത്തില്‍നിന്ന് സംസ്ഥാനത്ത് ഉയര്‍ന്ന റാങ്ക് നേടിയ വാര്‍ത്ത അന്ന് ഒരുപാട് കുട്ടികള്‍ക്ക് പ്രചോദനമായി. പ്രീഡിഗി കോഴിക്കോട് പ്രോവിഡന്‍സ് കോളജില്‍. തുടര്‍ന്ന് കണ്ണൂര്‍ ഗവണ്‍മെന്റ് എഞ്ചിനിയറിംഗ് കോളജില്‍ എഞ്ചിനിയറിംഗ് പഠനം. പഠനത്തെ തുടര്‍ന്ന് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനില്‍ ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം.

വിവാഹശേഷമാണ് പ്രവാസിയായത്. ആദ്യം അബുദാബിയിലും പിന്നീട് ദോഹയിലും ജോലി ചെയ്തു. ദോഹയില്‍ ഏണസ്റ്റ് & യങ്ങിലും, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷനിലും അഡ്മിനിസ്േ്രടഷനിലായിരുന്നു ജോലി. ഇതിനിടയില്‍ ജേണലിസത്തോടുള്ള ഇഷ്ടംകൊണ്ട് അളഗപ്പ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തരബിരുദം എടുത്തു.

ഏഷ്യാനെറ്റ്‌ റേഡിയോക്ക് വേണ്ടി ഗാനരചയിതാവ്, നാടക രചയിതാവ്, പുസ്തക അവലോകനങ്ങളുടെ അവതാരക, സീരിയല്‍ സ്‌ക്രിപ്റ്റ് റൈറ്റര്‍ തുടങ്ങി പല വൈവിധ്യമാര്‍ന്ന ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ചു.

സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ കവിതയും കഥയും ലേഖനങ്ങളും ഒക്കെ എഴുതുമായിരുന്നു. സ്‌കൂളിലെ അധ്യാപകരാണ് അതിന് പ്രോല്‍സാഹനം നല്‍കിയത്. പ്രത്യേകിച്ച് മലയാളം പഠിപ്പിച്ച ടീച്ചര്‍മാര്‍. ഐ.എ.എസ് എടുക്കണം, എഴുത്തുകാരി ആകണം എന്നൊക്കെയുള്ള മോഹങ്ങളാണ് അധ്യാപകര്‍ സൃഷ്ടിച്ചത്. എഴുത്തിനോടുള്ള ഇഷ്ടം ചെറിയ രചനകളായും ഡയറിക്കുറിപ്പായും ഒക്കെ അപ്പോഴും തുടര്‍ന്നുകൊണ്ടിരുന്നു.

എല്ലാരും തുടങ്ങുന്ന പോലെ പൂമ്പാറ്റയിലും ബാലരമയിലും ഒക്കെയാണ് വായന തുടങ്ങിയത്. പിന്നെ സ്‌കൂള്‍ ലൈബ്രറിയില്‍ ലഭ്യമായ ബഷീര്‍, തകഴി, കേശവദേവ്, എംടി, സേതു, മുകുന്ദന്‍ തുടങ്ങി അന്നത്തെ നോവലുകളും കഥകളും ഒക്കെ എടുത്ത് വായിക്കുമായിരുന്നു.

വിദേശ നോവലുകളൊക്കെ വായിക്കാന്‍ സാധിച്ചത് ഗള്‍ഫില്‍ വന്നതിനു ശേഷമാണ്. ഗള്‍ഫിലെത്തിയ നേരത്തെ ഗൃഹാതുരതയെ അതിജീവിച്ചത് പുസ്തകങ്ങളിലൂടെയാണ്. ഓരോ വരവിലും ധാരാളം പുസ്തകങ്ങളാണ് കൊണ്ട് വന്നിരുന്നത്. അങ്ങനെ പ്രവാസത്തിന്റെ വരണ്ട നിമിഷങ്ങളെ സര്‍ഗസഞ്ചാരം കൊണ്ട് ഊര്‍വരമാക്കിയപ്പോള്‍ ഷീലയുടെ അനുഗ്രഹീത തൂലികയില്‍ നിന്നും സാഹിത്യ സൃഷ്ടികള്‍ പിറന്നുവീഴുകയായിരുന്നു.

കവിതകളാണ് എഴുതി തുടങ്ങിയത്. എന്നാല്‍ തന്റെ അഭിരുചിക്കും ഭാവനക്കും കവിതയേക്കാള്‍ നല്ലത് ഗദ്യത്തിന്റെ വഴിയാണെന്ന് തിരിച്ചറിഞ്ഞ് കളം മാറ്റി ചവിട്ടി. എങ്കിലും കവിതകള്‍ വായിക്കുകയും ചൊല്ലി നടക്കുകയും ചെയ്യുമായിരുന്നു. കോളേജ് പഠനകാലത്ത് ചുള്ളിക്കാടും, സഛിദാനന്ദനും, ഒ.എന്‍.വിയും ഒക്കെ ലഹരിയായിരുന്നു.

കവിത വായിച്ചു നടന്നും കേട്ടും ഭാഷ പ്രയോഗങ്ങളും പദസമ്പത്തും നേടാനായെന്നാണ് ഷീല കരുതുന്നത്. ചിന്തിക്കുന്ന മനസ്സ് തന്നത് കവിതകളാണ്. എന്നാല്‍ എഴുത്തിന്റെ ആഖ്യാനവും ക്രാഫ്റ്റും എല്ലാം വികസിച്ചത് കഥകളും നോവലുകളും ഒക്കെ വായിച്ചു തന്നെയാണ്. മാര്‍ക്കേസും, ഓര്‍ഹന്‍ പാമുക്കും, ദൊയ്‌റ്റോവ്‌സ്‌കിയും ഒക്കെ ഏറെ സ്വാധീനിച്ചിട്ടുണ്ട്.

മലയാളത്തില്‍ വനിത എഴുത്തുകാരില്‍ സാറാ ജോസഫ് ഭാഷ കൊണ്ടും ആദര്‍ശ ധീരതകൊണ്ടും ഏറെ സ്വാധീനിച്ച വ്യക്തിയാണ്. ആനന്ദും ഒ.വി വിജയനും ഒക്കെ ആവര്‍ത്തിച്ച് വായിക്കുമായിരുന്നു. ഇന്ന് മലയാളത്തില്‍ വാക്കുകള്‍കൊണ്ടും ക്രാഫ്റ്റുകള്‍കൊണ്ടും വിസ്മയം തീര്‍ക്കുന്ന പല എഴുത്തുകാരുടേയും രചനകള്‍ ആവര്‍ത്തിച്ച് വായിക്കാറുണ്ട്

എഴുത്ത് സ്വയം പ്രകാശനത്തിനുള്ള വഴിയാണ്. വായിക്കപ്പെടണം എന്ന് തന്നെയാണ് ഓരോരുത്തരും ആഗ്രഹിക്കുന്നത്. കൃതി പൂര്‍ണ്ണമാകുന്നത് വായനക്കാരന്റെ മനസ്സിലാണ്. വായിക്കപ്പെടുമ്പോഴാണ് അതിനു പിന്നിലെ രചയിതാവിന്റെ ആത്മസമര്‍പ്പണം ലക്ഷ്യം കാണുന്നത്.

കൂടുതല്‍ എഴുതുക എന്നല്ല എഴുതുന്നത് വൃത്തിയായി ചെയ്യുകയെന്നതാണ് ഷീലയുടെ രീതി. എഴുതിയത് പലവുരു വായിച്ച് ആവശ്യമായ തിരുത്തുകള്‍ വരുത്തി തൃപ്തിയായ ശേഷം പ്രസിദ്ധീകരണത്തിന് നല്‍കുകയെന്നതാണ് ഷീലയുടെ രീതി.

എഴുത്ത് ഒരു വേറിട്ട അനുഭവമാണ്. അതിലേക്ക് ഇറങ്ങിക്കഴിയുമ്പോള്‍ നാം മറ്റൊരു ലോകത്തിലാണ്. നാം മെനെഞ്ഞെടുക്കുന്ന കഥാപാത്രങ്ങളായി സ്വയം മാറണം. പല ജീവിതങ്ങള്‍ ജീവിക്കണം. അനുഭവിക്കണം. എങ്കില്‍ മാത്രമെ അതിനൊരു പൂര്‍ണ്ണത കിട്ടുകയുള്ളുവെന്നാണ് ഈ എഴുത്തുകാരരി കരുതുന്നത്.

എഴുത്ത് ആത്മസംതൃപ്തി തരുന്ന പ്രവൃത്തിയാണ്. എന്നാല്‍ അതിലൂടെ വായിക്കുന്നവനും എന്തെങ്കിലും കിട്ടണം എന്ന് നിര്‍ബന്ധമാണ്. അവര്‍ നമുക്കായി തരുന്ന സമയം വെറുതെ പോകരുത്. ഒരു ചിന്ത, ഇത്തിരി സന്തോഷം, നന്മയിലേക്കുള്ള ഒരുണര്‍ത്തു പാട്ട്, പ്രതീക്ഷ, പ്രചോദനം അങ്ങനെ എന്തെങ്കിലും ഉണ്ടാവണം. സമൂഹത്തിന്റെ അന്യായങ്ങളിലേക്കുള്ള കണ്ണാടിയാവുമ്പോള്‍, അല്ലെങ്കില്‍ മനസ്സിലെ ഇരുട്ടിന്റെ വെളിച്ചപ്പെടലാകുമ്പോള്‍ അത് ചിലപ്പോള്‍ വായിക്കുന്നവനെ ഒന്ന് പൊള്ളിച്ചെന്നും വരാം.

പരന്ന, ആഴമുള്ള വായന, നമ്മുടെ ശൈലിയേയും ഉള്ളടക്കത്തെയും വളരെ സഹായിക്കും. എഴുത്തില്‍ പുതുമ കൊണ്ടുവരാന്‍ ശ്രമിക്കാറുണ്ട്. നന്നായി എഴുതാന്‍ നല്ല നീരിക്ഷണ പാടവം ഉണ്ടാവണം. സമൂഹത്തെ, മനുഷ്യരെ ഒക്കെ നീരിക്ഷിക്കുക. ചുറ്റുമുള്ള ആളുകളുടെ സംഭാഷണ ശൈലി, അവരുടെ ‘ബോഡിലാഗ്വേജ് ഒക്കെ നീരിക്ഷിച്ചാല്‍ കഥാപാത്രങ്ങളെ പൂര്‍ണതയിലേക്ക് എത്തിക്കാന്‍ സാധിക്കും. പുതിയ പ്രദേശങ്ങള്‍, പുതിയ മനുഷ്യര്‍, അവരുടെ വികാരങ്ങള്‍, വിചാരങ്ങള്‍, പുതിയ മേഖലകള്‍ എല്ലാം പരിചയപ്പെടുത്തുന്നത് വായിക്കാന്‍ വായനക്കാര്‍ക്ക് താല്‍പര്യം കൂടും. എഴുതുമ്പോള്‍ പുതിയത് പലതും പഠിക്കുകയും കൂടി ചെയ്യുന്നു. നല്ല എഴുത്ത് നമ്മെത്തന്നെ നവീകരിക്കും.

സാമൂഹ്യ പ്രതിബദ്ധത മന:പൂര്‍വ്വം ഉണ്ടാക്കേണ്ടതല്ല എന്നാണ് ഷീലയുടെ കാഴ്ചപ്പാട്. നാം എഴുതുന്നത് മാനവികതക്ക് വിരുദ്ധമാകാതിരുന്നാല്‍ മതി. കൃത്യമായ രാഷ്ട്രീയ ശരി എന്നൊന്നില്ല. ഒരാളുടെ ശരി ചിലപ്പോള്‍ മറ്റൊരാള്‍ക്ക് ശരിയാവണമെന്നില്ല. നോവലിസ്റ്റ് ഒരു ഉപദേശിയെപ്പോലെ പ്രസംഗിക്കേണ്ടതില്ല.

എന്നാല്‍ സമൂഹത്തിന് മോട്ടിവേഷന്‍ നല്‍കുന്ന നോണ്‍ ഫിക്ഷന്‍ രചനകളില്‍ തീര്‍ച്ചയായും പ്രതിബദ്ധത ഉണ്ടായിരിക്കും. സമൂഹത്തില്‍ നടക്കുന്ന കൊള്ളരുതായ്മകള്‍ നോവലിലും കഥകളിലുമൊക്കെ പ്രതിഫലിപ്പിക്കേണ്ടിവരും. അത് തെറ്റായ ഒരു സന്ദേശം നല്‍കുന്ന മട്ടില്‍ ആവാതെ സൂക്ഷിക്കണമെന്നു മാത്രം. എഴുത്തുകാര്‍ക്ക് സാമൂഹ്യ പ്രശ്‌നങ്ങളില്‍നിന്ന് അകന്നു നില്‍ക്കാന്‍ സാധിക്കില്ല. അപ്പോള്‍ എഴുത്ത് സമൂഹത്തിനുവേണ്ടി കൂടി ആയി പരിണമിക്കും.

വായനക്കാരനെ സന്തോഷിപ്പിക്കുന്ന വെറും ഭാവനാ ലോകത്തെ എഴുത്തും നല്ല രചനയാവാം. സമൂഹത്തിനു അതില്‍നിന്നും വായനയുടെ രസവും ഭാവനയുടെ അത്ഭുതവും അനുഭവിപ്പിക്കാം എന്ന് മാത്രം.

വല്ലി എന്ന തന്റെ കന്നി നോവലില്‍ ഷീല കുറിക്കുന്നതിങ്ങനെ, വെളിച്ചം കാണാന്‍ ആറ്റക്കുരുവികള്‍ മിന്നാമിനുങ്ങിനെ കൂട്ടിനുള്ളില്‍ വെക്കുമെന്ന് കല്ലുവയലിലെ മുത്തശ്ശിമാര്‍ പറയും. കുരുവിക്കൂടുള്ള ഒരു ചെമ്പക മരം പുഴയോരത്ത് നില്‍ക്കുന്നുണ്ട്. മുറിച്ചുമാറ്റപ്പെടും മുമ്പേ ഒരു പിടി മിന്നാമിനുങ്ങുകളെ ആ കൂട്ടില്‍ വെക്കണം. സമയം തെറ്റി വരുന്ന യാത്രികന് ഇത്തിരി വെട്ടമേകാന്‍. ക്രമംതെറ്റി ചിതറി വീഴുന്ന ഈ വാക്കുകള്‍ കൊണ്ട് അത്രമാത്രം. എന്റെ എഴുത്തിന്റെ ലക്ഷ്യവും അത്രയുമൊക്കെ മാത്രം.

തന്റെ ഗ്രാമത്തില്‍ നിന്നുതന്നെയുളള ഭര്‍ത്താവ് ടോമി ലാസര്‍ എഞ്ചിനീയറാണ്. മിലന്‍, മാനസി, ജോണ്‍ എന്നിവരാണ് മക്കള്‍.
2003 മുതല്‍ കുടുംബത്തോടൊപ്പം ദോഹയില്‍ താമസിക്കുന്ന ഷീല ഖത്തര്‍ മലയാളികളുടെ സാഹിത്യ സാംസ്‌കാരിക ചര്‍ച്ചകളിലേയും പ്രവര്‍ത്തനങ്ങളിലേയും സജീവ സാന്നിധ്യമാണ് .

Related Articles

Back to top button
error: Content is protected !!