നര്‍കോടിക്സോ സൈക്കോട്രോപിക് വസ്തുക്കളോ അടങ്ങിയ മരുന്നുകള്‍ ഖത്തറിലേക്ക് കൊണ്ടുവരുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങള്‍
ഡോ. അമാനുല്ല വടക്കാങ്ങര : –
ദോഹ : നര്‍കോടിക്സോ സൈക്കോട്രോപിക് വസ്തുക്കളോ അടങ്ങിയ മരുന്നുകള്‍ ഖത്തറിലേക്ക് കൊണ്ടുവരുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങളുണ്ടെന്നും ബന്ധപ്പെട്ട അധികാരികള്‍ നല്‍കുന്ന നിയന്ത്രണങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസരിച്ചല്ലാതെ മയക്കുമരുന്നുകളോ സൈക്കോട്രോപിക് വസ്തുക്കളോ അടങ്ങിയ മരുന്നുകള്‍ ഒരു കാരണവശാലും യാത്രക്കാര്‍ കൈവശം വെക്കരുതെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എന്‍ഫോഴ്സ്മെന്റ്. പൊതുജനങ്ങള്‍ക്കായി സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അംഗീകൃത ഡോക്ടറുടെ കുറിപ്പും വിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ടും ഉള്ളവര്‍ക്ക് പരിമിതമായ അളവില്‍ മരുന്ന് കൊണ്ടുവരാം. പക്ഷേ ഇത് സമയ ബന്ധിതമായിരിക്കണം. രോഗിയെ ചികിത്സിച്ച ആശുപത്രി കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ നല്‍കിയ പ്രിസ്‌ക്രിപ്ഷനും സാക്ഷ്യപ്പെടുത്തിയ മെഡിക്കല്‍ റിപ്പോര്‍ട്ടും യാത്രക്കാരന്‍ കൈവശം വയ്ക്കണമെന്നും വകുപ്പ് ഊന്നിപ്പറഞ്ഞു.