തുര്‍ക്കിയുടെ ചരിത്രപഥങ്ങളിലൂടെ – ഭാഗം – 3
ഡോ. അമാനുല്ല വടക്കാങ്ങര
വിജ്ഞാനവും വിനോദവും കോര്‍ത്തിണക്കിയ യാത്രയെന്നതായിരുന്നു ഞങ്ങളുടെ തുര്‍ക്കി യാത്രയുടെ ഏറ്റവും വലിയ പ്രത്യേകത. ചരിത്രസ്മൃതികള്‍ കാതുകൂര്‍പ്പിച്ച് കേട്ടും പഴയകാലത്തിന്റെ ധന്യമായ പാരമ്പര്യങ്ങള്‍ അയവിറക്കിയും ഇസ്തംബൂളിന്റെ തെരുവുകളിലൂടെ സഞ്ചരിക്കുമ്പോള്‍ ആറ് നൂറ്റാണ്ട് നീണ്ട ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ വീരകഥകള്‍ സന്ദര്‍ശകരെ കോള്‍മയിര്‍ കൊള്ളിക്കും. കേബിള്‍ കാറും ക്രൂയിസ് ഡിന്നറും ബോട്ട് യാത്രയുമൊക്കെ യാത്രക്ക് വിനോദത്തിന്റെ മേമ്പൊടി ചേര്‍ത്തപ്പോള്‍ സിറ്റി ടൂറിലെ കാഴ്ചകള്‍ ചരിത്രപാഠങ്ങളിലേക്ക് മിഴി തുറക്കുന്നതായിരുന്നു.
ഇസ്തംബൂളിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്രസ്മാരകം ടോപ് കപ്പി പാലസ് തന്നെയാണെന്ന് നിസ്സംശയം പറയാം. 6 നൂറ്റാണ്ട് കാലം മുപ്പതിലേറെ ഓട്ടോമന്‍ രാജാക്കന്മാര്‍ ലോകത്തെ അടക്കി ഭരിച്ചതിന്റെ അടയാളങ്ങളാണ് ഈ കൊട്ടാരം സൂക്ഷിക്കുന്നത്. 1466 ന്റേയും 1478 ന്റേയുമിടയില്‍ സുല്‍ത്താന്‍ മുഹമ്മദ് രണ്ടാമനാണ് ഈ കൊട്ടാരസമുച്ഛയം പണിതതെന്നാണ് ചരിത്രം. 7ലക്ഷം ചതുരശ്രമമീറ്റര്‍ വിസ്തൃതിയില്‍ പരന്നുകിടക്കുന്ന വിശാലമായ ഒരു ലോകമാണിത്. വിദ്യാഭ്യാസം, സംസ്‌കാരം, രാഷ്ട്രീയം, പെതുഭരണം. സാമൂഹികം, പ്രജക്ഷേമം, പാരമ്പര്യം എന്നിങ്ങനെ ജീവിതത്തിന്റെ വ്യത്യസ്ത തലങ്ങളുള്ള ഒരു കൊട്ടാരമാണിത്. പ്രവാചക തിരുശേഷിപ്പുകളടക്കം മൂന്ന് ലക്ഷത്തോളം സവിശേഷമായ ചരിത്രരേഖകളാണ് ഇവിടെയുള്ളത്. യൂറോപ്പിലെ ഏറ്റവും മികച്ച കൊട്ടാരമെന്ന പദവി ലഭിച്ച സ്മാരകമാണിത്. തുര്‍ക്കി റിപബ്ലിക്കായി ഒരു വര്‍ഷം കഴിഞ്ഞ് 1924 ഏപ്രില്‍ 3 നാണ് ഈ കൊട്ടാരം മ്യൂസിയമായി പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുത്തത്. തുര്‍ക്കി റിപബ്ലിക്കിലെ പ്രഥമ മ്യൂസിയവും ഇത് തന്നെയാണ്.
പൗരാണിക ഓട്ടോമന്‍ കരകൗശലവൈദഗ്ധ്യത്തിന്റെ വിസ്മയ കാഴ്ചകള്‍ എന്നതിലുപരി ലോകത്ത് സവിശേഷമായ ഭരണം കാഴ്ചവെച്ച തൂര്‍ക്കി രാജാക്കന്മാരുടെ തിരുശേഷിപ്പുകളെന്ന നിലക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനായിരക്കണക്കിനാളുകളേയാണ് ഈ കൊട്ടാരം ആകര്‍ഷിക്കുന്നത്. മൂന്ന് പ്രധാന വാതിലുകളാണ് ഈ കൊട്ടാരത്തിലുള്ളത്. മൂന്ന് പ്രധാന ഗാര്‍ഡനുകളും ഇവിടെയുണ്ട്. ആദ്യ വാതില്‍ ദീവാന്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. സുല്‍ത്താന്റെ അംഗരക്ഷരുടെ രൂപവും വേഷവിതാനവുമൊക്കെയാണ് ഈ വാതിലില്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുക. രണ്ടാമത്തെ വാതില്‍ ബാബുസ്സലാം എന്നും മൂന്നാമത്തെ വാതില്‍ ബാബു സ്സാദ എന്നുമാണ് അറിയപ്പെടുന്നത്. ഓരോ ഗേറ്റും പ്രത്യേകം ആളുകള്‍ക്ക് പ്രവേശനമനുവദിക്കുന്ന പ്രോട്ടോക്കോള്‍ സിസ്റ്റമുള്ളതാണ്. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വജ്രം, പതിനെട്ടാം നൂറ്റാണ്ടിലെ ഓട്ടോമന്‍ രാജാക്കന്മാരുടെ ഔപചാരികമായ സ്വര്‍ണ കിരീടം തുടങ്ങിയവയും ശ്രദ്ധേമായ ചരിത്ര ശേഷിപ്പുകളാണ്.
കഅബയുടെ ആദ്യ കില്ല, കഅബയില്‍ മഴവെള്ളം ഒലിച്ചുപോകുന്നതിനായി സ്ഥാപിച്ചിരുന്ന പാത്തി, ഹജറുല്‍ അസ്‌വദിന്റെ ആദ്യ കാല കവര്‍, പ്രവാചകന്‍ മുഹമ്മദ് നബി (സ) ഉപയോഗിച്ച പതാക, നബിയുടെ വസ്ത്രം, കാല്‍പാ
ദ മുദ്ര, നബിയുടെ വാള്‍, ഖുര്‍ആന്‍ പരാമര്‍ശിച്ച മൂസ നബിയുടെ വടി, ദാവൂദ് നബിയുടെ പരിച, കഅബയുടെ താക്കോല്‍, വിവിധ ഖലീഫമാരുടെ വാളുകള്‍, പ്രവാചക പുത്രി ഫാത്തിമയുടെ വസ്ത്രം തുടങ്ങി ഒട്ടേറെ അത്യപൂര്‍വ വസ്തുക്കളാണ് ഈ കൊട്ടാരത്തെ ജനലക്ഷങ്ങളിലേക്ക് ആകര്‍ഷിക്കുന്നത്. അഞ്ഞൂറ് വര്‍ഷത്തിലേറെയായി ലൈവ് ഖുര്‍ആന്‍ പാ
രായണം നടക്തുന്ന ഒരു ഹാളും ഈ കൊട്ടാരത്തിലുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഏകദേശം രണ്ട് മാസം മാത്രമാണ് ഇവിടെ പാരായണം മുടങ്ങിയതെത്രേ.
പുരാതന ഹിപ്പോഡ്രോം
പുരാതന ഹിപ്പോഡ്രോം ആണ് ഇസ്തംബൂളിലെ ഏറ്റവും പുരാതനമായ സ്മാരകമെന്നാണ് കരുതപ്പെടുന്നത്. ഈജിപ്തിലെ ഭരണാധികാരിയായിരുന്ന ഫറോവയുടെ ചിത്രം വരെ ഇതില്‍ ആലേഖനം ചെയ്തിരിക്കുന്നു. രാഷ്ട്രീയവും ദൈവശാസ്ത്രപരവുമായ വിവാദങ്ങള്‍ മുതല്‍ രഥ മത്സരങ്ങള്‍ വരെ നടന്നിരുന്ന ബൈസന്റൈന്‍ നാഗരിക ജീവിതത്തിന്റെ കേന്ദ്രമായിരുന്നു ഇതെന്നാണ് പറയപ്പെടുന്നത്. 203 ല്‍ സെപ്റ്റിമസ് സെവെറസ് ചക്രവര്‍ത്തി നിര്‍മ്മിച്ച ഈ വേദിയില്‍ 100,000 കാണികളെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് കണക്കാക്കപ്പെടുന്നു. നല്ല ഉറപ്പുള്ള ഒരു തരം കല്ലാണിത്. ഈജിപ്തില്‍ നിന്നും കപ്പല്‍വഴി കൊണ്ടുവന്നതാണിതെന്നാണ് പറയപ്പെടുന്നത്. ഏകദേശം 200 ടണ്‍ ഭാരമുണ്ട് ഈ സ്മാരകത്തിന്.
ഹാഗിയ സോഫിയ (അയാ സോഫിയ)
യുഎന്നിന്റെ ലോകപൈതൃക പട്ടികയില്‍ സ്ഥാനം പിടിച്ച ഹാഗിയ സോഫിയ ( അയാ സോഫിയ) നിര്‍മാണ ചാതുരിയിലും കരകൗശല വിദ്യയുടെ പുതുമയിലും ഏറെ ആകര്‍ഷകമാണ്. വിവാദങ്ങള്‍ക്കും ആക്രമണങ്ങളുമൊക്കെ നിരന്തരമായി വിധേയമായ ഈ സ്മാരകം വാസ്തുവിദ്യയിലെ സങ്കല്‍പങ്ങള്‍ തിരുത്തിയ വിസ്മയ നിര്‍മിതിയാണെന്നാണ് പറയപ്പെടുന്നത്.
തുര്‍ക്കിയിലെ ഇസ്താംബുളില്‍ സ്ഥിതിചെയ്യുന്ന ഈ പ്രാചീന ആരാധനാലയം പിന്നീട് ഒരു മ്യൂസിയമായി പരിവര്‍ത്തനം ചെയ്യപ്പെട്ടു. എ.ഡി.532 നും 537നുമിടയ്ക്ക് ബൈസാന്തിയന്‍ സാമ്രാജ്യത്തിന്റെ അധിപനായിരുന്ന ജെസ്റ്റിനിനാണ് ഇന്നു നിലനില്‍ക്കുന്ന രീതിയിലുള്ള ദേവാലയം നിര്‍മ്മിച്ചതെന്നാണ് ചരിത്രം. പ്രസ്തുത സ്ഥാനത്തു നിര്‍മ്മിയ്ക്കപ്പെടുന്ന മൂന്നാമത്തെ ആരാധനാലയവും ലോകത്തിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ കത്തീഡ്രലുമായിരുന്നു ഇത്. എന്നാല്‍ മുഹമ്മദ് രണ്ടാമന്‍ റോമക്കാരെ പരാജയപ്പെടുത്തുകയും ഹാഗിയ സോഫിയ വിലക്ക് വാങ്ങുകയും ചെയ്തുവെന്നാണ് ചരിത്രം. 1453 ല്‍ പള്ളിയായും 1935 ല്‍ മ്യൂസിയമായും മാറ്റപ്പെട്ട ഈ സ്മാരകം 2020 ജൂലായ് 11ന് വീണ്ടും പള്ളിയാക്കി മാറ്റുകയും നമസ്‌കാരത്തിനായി തുറന്നുകൊടുക്കുകയും ചെയ്യുന്നു. ഹാഗിയ സോഫിയയുടെ രാഷ്ട്രീയത്തിലേക്കോ വിവാദത്തിലേക്കോ കടക്കുന്നില്ല. ഇരുപതിനായിരത്തോളം പേര്‍ക്ക് നമസ്‌കരിക്കാവുന്ന ഈ പള്ളിക്ക് 9 കവാടങ്ങളുണ്ട്. മൂന്നെണ്ണം സാധാരണക്കാര്‍ക്കും മൂന്നെണ്ണം ഗവര്‍ണര്‍മാര്‍, മന്ത്രിമാര്‍ മുതലായവര്‍ക്കും ബാക്കി മൂന്നെണ്ണം ഭരണാധികാരികള്‍ക്കുമായിരുന്നെത്രേ.
മനോഹരമായ അറബി കാലിഗ്രഫിയില്‍ ഇസ്ലാമിക പശ്ചാത്തലം ചിത്രീകരിക്കുവാന്‍ പരിശ്രമിച്ചിട്ടുണ്ടെങ്കിലും ക്രിസ്തീയ സംസ്‌കാരത്തിന്റെ നിരവധി അടയാളങ്ങള്‍ ഈ സ്മാരകത്തിലുണ്ട്. ജിബ്രീല്‍, മീഖാഈല്‍, അസ്രായേല്‍, ഇസ്‌റാഫീല്‍ എന്നീ നാലു പ്രധാന മലക്കുകളുടെ ചിത്രങ്ങളും ഹാഗിയ സോഫിയയുടെ നാലുഭാഗത്തായി കാണാം. ചിറകുകളുള്ള ഒരു പ്രത്യേക രൂപമായാണ് ഇവ ചിത്രീകരിക്കുന്നത്. ജിബ്രീല്‍ ഒഴികെയുള്ള മൂന്ന് മാലാഖമാരും മുഖം മൂടിയണിഞ്ഞപോലെയാണുള്ളത്.
ബ്ലൂ മോസ്‌ക് പുരാതന ഹിപ്പോഡ്രോമിന്റേയും ഹാഗിയ സോഫിയയോട് തൊട്ടടുത്താണ് ബ്ലൂ മോസ്‌ക് സ്ഥിതി ചെയ്യുന്നത്. സുല്‍ത്താന്‍ അഹ്‌മദ് പളളിയെന്നാണ് തുര്‍ക്കിയിലുള്ളവര്‍ ഇതിനെ വിളിക്കുന്നത്. ബ്ലൂ മോസ്‌ക് എന്നത് യൂറോപ്യ
ന്മാര്‍ നല്‍കിയ പേരാണ്. പതിനായിരത്തോളം പേര്‍ക്ക് ഒരേ സമയം നമസ്‌കാരം നിര്‍വഹിക്കാവുന്ന പളളിയാണിത്.
നീല നിറത്തോട് തുര്‍ക്കി ജനങ്ങള്‍ക്ക് പ്രത്യേക ആഭിമുഖ്യമുണ്ട്. ഇന്റീരിയര്‍ ഡിസൈനിലെ ചുവരുകള്‍ക്ക് ചുറ്റും നീല ടൈലുകള്‍ ഉള്ളതിനാലാണ് ഈ പള്ളി ബ്ലൂ മോസ്‌ക് എന്നറിയപ്പെടുന്നത്. ഇരുപതിനായിരത്തിലധികം നീല ടൈലുകള്‍ ഉപയോഗിച്ചു.
മിഹ്‌റാബും സുല്‍ത്താന്റെ മഹ്ഫിലും കലാപരമായി കൊത്തിയെടുത്ത മാര്‍ബിള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. സൂര്യപ്രകാശം അകത്തേക്ക് കടക്കുന്നതിനായി ഈ പള്ളിക്ക് 28 വിശാലമായ ജനാലകള്‍ ഉണ്ട്.
സുല്‍ത്താന്‍ അഹ്‌മദുമായി ബന്ധപ്പെട്ട് 14 ന്റെ ഒരു ചരിത്രമുണ്ട്. അദ്ദേഹം പതിനാലാമത്തെ വയസില്‍ കിരീടം ലഭിച്ച രാജാവാണ്. ഓട്ടോമന്‍ സാമ്രാജ്യത്തിലെ പതിനാലാമത് രാജാവായിരുന്ന അദ്ദേഹം പതിനാല് വര്‍ഷമാണത്ര ഭരിച്ചത്.
സദഫ്കാര്‍ മുഹമ്മദ് ആഗ എന്ന പ്രശസ്ത ശില്‍പിയാണ് ബ്ലൂ മോസ്‌ക് രൂപകല്‍പന ചെയ്തത്. ഓട്ടോമന്‍ സാമ്രാജ്യത്തിലെ മികച്ച ആര്‍ക്കിടെക്ടായിരുന്ന മീമാര്‍ സിനാനിന്റെ ശിഷ്യനായിരുന്നു സദഫ്കാര്‍. സുല്‍ത്താന്‍ അഹ്‌മദിന്റ ഇരുപത്തൊന്നാം വയസില്‍ നിര്‍മാണം ആരംഭിച്ചു. 6 മിനാരങ്ങളോടെ പള്ളി പണിയാനാണ് സുല്‍ത്താന്‍ നിര്‍ദേശം നല്‍കിയത്. എന്നാല്‍ രണ്ട് പ്രശ്‌നങ്ങള്‍ അതോടെ ഉയര്‍ന്നു. മസ്ജിദുല്‍ ഹറമിന് മാത്രമാണ് 6 മിനാരങ്ങളുണ്ടായിരുന്നത്. അതിനാല്‍ 6 മിനാരങ്ങളുള്ള പള്ളി പണിയുന്നത് മക്കയിലെ മസ്ജിദുല്‍ ഹറമിനോടുളള അനാദരവാകുമെന്ന് വിവാദമുയര്‍ന്നു. തുര്‍ക്കിയിലെ വ്യവസ്ഥക്ക് വിരുദ്ധമായി സുല്‍ത്താന്‍ സര്‍ക്കാര്‍ ഖജനാവിലെ പണമുപയോഗിച്ചാണ് പള്ളി പൂര്‍ത്തിയാക്കിയതെന്നായിരുന്നു രണ്ടാമത്തെ വിവാദം.
തുര്‍ക്കിയില്‍ നിന്നും വിദഗ്ധരായ ഒരു സംഘം കരകൗശല വിദ്യക്കാരെ മക്കയിലേക്ക് അയച്ച് ഓട്ടോമന്‍ മിനാരം മസ്ജിദുല്‍ ഹറമിനോട് ചേര്‍ത്താണ് പ്രശ്‌നം പരിഹരിച്ചത്.
രണ്ടാമത്തെ പ്രശ്‌നം പരിഹരിച്ചത് ടോപ് കപ്പി പാലസില്‍ നിന്നും പ്രവാചകന്റെ കാല്‍പാദമുദ്ര കൊടുന്നാണ് ജനങ്ങളെ ആകര്‍ഷിച്ചത്. 500 വര്‍ഷത്തിലേറെ പഴക്കമുള്ള പള്ളിയാണിത്. മാര്‍മറസ് കടലിനെയും കരിങ്കടലിനേയും അഭിമുഖീകരിക്കുന്ന ഈ പള്ളി ഇപ്പോള്‍ മെയിന്റനന്‍സിനായി അടച്ചിരിക്കുകയാണ്.
തുര്‍ക്കിയിലെ സാമ്പത്തിക രംഗം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നാണ് പലരും വിശദീകരിച്ചത്. വന്‍ വ്യവസായ സംരംഭങ്ങളും നിര്‍മാണ യൂണിറ്റുകളുമായി അന്താരാഷ്ട്ര തലത്തില്‍ സജീവ സാന്നിധ്യമായ തുര്‍ക്കി കാര്‍ഷിക രംഗത്തും മോശമല്ല.
ഇസ്തംബൂളിലെ വിദ്യാഭ്യാസ രംഗം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദ്യാര്‍ഥികളെ ആകര്‍ഷിക്കാറുണ്ട്. സമര്‍ഥരായ വിദ്യാര്‍ഥികളെ സ്‌കോളര്‍ഷിപ്പ് നല്‍കി പഠിപ്പിക്കാനും തുര്‍ക്കി ശ്രദ്ധിക്കുന്നുവെന്നത് പ്രത്യേകപരാമര്‍ശമര്‍ഹിക്കുന്നു. എന്റെ നാട്ടില്‍ നിന്നും രണ്ട് കുട്ടികള്‍ സ്‌കോളര്‍ഷിപ്പോടെ ഇവിടെ പഠനം നടത്തുന്നുണ്ടെന്ന കാര്യം സാന്ദര്‍ഭികമായി അനുസ്മരിക്കട്ടെ. മുപ്പതിലേറെ ലോകോത്തര സര്‍വകലാശാലകളാണ് ഇവിടെയുള്ളത്.
തുര്‍ക്കിയുടെ ചരിത്രപഥങ്ങളിലൂടെ ഒരു ഓട്ട പ്രദക്ഷിണം നടത്തിയപ്പോള്‍ ദിവസങ്ങള്‍ പോയതറിഞ്ഞില്ല. കണ്ട കാഴ്ചകള്‍ മനോഹരം, കാണാനിരിക്കുന്നവ അതിമനോഹരമെന്ന രീതിയില്‍ ഇനിയും കാണണമെന്ന മോഹം ബാക്കിയാക്കിയാണ് ഖത്തറിലേക്ക് തിരിച്ചത്.