IM Special

ജൂലൈ 1, ആതുരസേവനത്തിന്റെ മഹത്വം അടയാളപ്പെടുത്തുന്ന ഡോക്ടേര്‍സ് ദിനം

ആതുര സേവനത്തിന്റെ മഹത്വമടയാളപ്പെടുത്തുന്ന ഡോക്ടേര്‍സ് ദിനമാണിന്ന്. ഡോക്ടര്‍മാരുടെ മൂല്യവും സമൂഹത്തില്‍ അവരുടെ സംഭാവനകളും മാനിക്കുന്നതിനായാണ് ഇങ്ങനെയൊരു ദിനം ആചരിക്കുന്നത്. കോവിഡ് മഹാമാരി ലോകത്തെയാകെ പിടിച്ചുകുലുക്കിയ ഈ കാലഘട്ടത്തില്‍ ജീവന്‍ പോലും പണയം വെച്ച് സഹജീവികളുടെ ജീവന്‍ രക്ഷിക്കാന്‍ അഹോരാത്രം പണിപ്പെടുന്ന ഡോക്ടര്‍മാരെ എത്ര പ്രശംസിച്ചാലും മതിയാവില്ല. കോവിഡിനെതിരെ പ്രതിരോധം തീര്‍ക്കുന്നതിനിടയില്‍ ജീവന്‍ നഷ്ടപ്പെട്ട ഡോക്ടര്‍മാര്‍ക്ക് ആദരാഞ്ജലികള്‍.

ജൂലൈ 1 നാണ് ഇന്ത്യക്കാര്‍ ഡോക്ടേര്‍സ് ദിനമായി ആചരിക്കുന്നത്. രാജ്യത്ത് വൈദ്യശാസ്ത്ര രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ ഡോ. ബിധാന്‍ ചന്ദ്ര റോയിയുടെ ജന്മദിനമാണ് ഡോക്ടേഴ്സ് ദിനം. സ്വാതന്ത്യസമര സേനാനിയും ബംഗാള്‍ മുഖ്യമന്ത്രിയുമായിരുന്ന അദ്ദേഹം 1882 ജൂലൈ ഒന്നിനാണ് ജനിച്ചത്. കൊല്‍ക്കത്തയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം ലണ്ടനില്‍ നിന്ന് എംആര്‍സിപിയും എഫ്ആര്‍സിഎസും നേടി ഇന്ത്യയില്‍ തിരിച്ചെത്തി സേവനം ആരംഭിക്കുകയായിരുന്നു. കൊല്‍ക്കത്ത മെഡിക്കല്‍ കോളജിലും കാംബല്‍ മെഡിക്കല്‍ കോളജിലും അധ്യാപകനായി. പിന്നീട് രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞ അദ്ദേഹം പശ്ചിമ ബംഗാളിന്റെ രണ്ടാമത്തെ മുഖ്യമന്ത്രി കൂടിയായിരുന്നു അദ്ദേഹം. വൈദ്യശാസ്ത്ര രംഗത്തെ മികവ് പരിഗണിച്ച് രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരത് രത്ന നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു.

ഡോക്ടേഴ്സ് ആതുരബന്ധു എന്നറിയപ്പെട്ടിരുന്ന ബി.സി റോയ് അന്തരിച്ചതും ജൂലൈ ഒന്നിനായിരുന്നു.

ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം,അയാള്‍ ഒരു രോഗി ആണെങ്കിലും അല്ലെങ്കിലും, അയാളുടെ ജീവിതത്തില്‍, ഒരു ഡോക്ടറുടെ സാന്നിധ്യം പ്രധാനമാണ്. ദൈവത്തിന്റെ കൈ എന്നുപോലും നാം അവരെ വിശേഷിപ്പിക്കാറുണ്ട്. സമൂഹത്തിന് വേണ്ടി സ്വയം സമര്‍പ്പിതമാണ് അവരുടെ ജീവിതം.

കാള്‍ യുങ്ങിന്റെ വാക്കുകള്‍ കടമെടുത്താല്‍, ‘മരുന്ന് രോഗത്തെ സുഖപ്പെടുത്തും, എന്നാല്‍ രോഗിയെ സുഖപ്പെടുത്തുന്നത് ഡോക്ടര്‍ ആണ്’. തീര്‍ച്ചയായും അതെ. ഓരോ മനുഷ്യനും അവന്റെ ജീവന്‍ വിലപ്പെട്ടതാണ്.

ഒരു തവണയെങ്കിലും ഡോക്ടറെ സമീപിക്കേണ്ടി വരാത്തവരായി ആരും തന്നെ കാണാനിടയില്ല. സ്വന്തം ജീവന്‍ ആപത്തിലാണെന്ന് തോന്നിയാല്‍ ആരായാലും ആദ്യമൊന്നു പതറും. പക്ഷേ, ഡോക്ടറുടെ ഒരു സാന്ത്വനം മതി വേഗത്തിലതു മറി കടക്കാന്‍. അതുകൊണ്ട് തന്നെ ഭൂമിയില്‍ ദൈവത്തിന്റെ പ്രതിനിധികളാണ് ഡോക്ടര്‍മാര്‍.

ഈ ഡോക്ടേര്‍സ് ദിനത്തില്‍ എല്ലാ ഡോക്ടര്‍മാര്‍ക്കും ഇന്റര്‍നാഷണല്‍ മലയാളിയുടെ ഊഷ്മളമായ അഭിവാദ്യങ്ങള്‍.

Related Articles

Back to top button
error: Content is protected !!