ലോക അധ്യാപക ദിനം സമുചിതമായി ആഘോഷിച്ച് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ താനിയുടെ രക്ഷാകര്‍തൃത്വത്തില്‍ ഖത്തറിലെ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ലോക അധ്യാപക ദിനം സമുചിതമായി ആഘോഷിച്ചു. ഒക്ടോബര്‍ 5 ആണ് ലോക അധ്യാപക ദിനമായി ആചരിക്കുന്നത്.
ചടങ്ങില്‍ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍വാഹിദ് അല്‍ ഹമ്മാദി, ആസൂത്രണ, സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി പ്രസിഡന്റ് സാലിഹ് ബിന്‍ മുഹമ്മദ് അല്‍ നബിത്, ഖത്തര്‍ യൂണിവേഴ്‌സിറ്റിയിലെ അക്കാദമിക് അഫയേഴ്‌സ് അസോസിയേറ്റ് ഡീന്‍ ശൈഖ ഹെസ്സ ബിന്‍ത് ഹമദ് അല്‍ താനി , ഖത്തറിലെ യൂണിസെഫ് ഓഫീസ് മേധാവി ആന്റണി മക്‌ഡൊണാള്‍ഡ്, അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറിമാരും വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ വകുപ്പ് മേധാവികളുമടക്കം നിരവധി പ്രമുഖര്‍ പങ്കെടുത്തു.
അദ്ധ്യാപകരാണ് വികസനത്തിന്റെയും നവോത്ഥാനത്തിന്റെയും അടിത്തറയെന്ന് എടുത്തുകാണിക്കുവാനും അവര്‍ വഹിക്കുന്ന സുപ്രധാന പങ്ക് അടയാളപ്പെടുത്താനുമാണ് ഇങ്ങനെയൊരു ദിവസം ആചരിക്കുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ നേതൃത്വത്തിലുള്ള ഖത്തര്‍ വിദ്യാഭ്യാസ മേഖലക്ക് വമ്പിച്ച പ്രാധാന്യമാണ് കല്‍പിക്കുന്നത്. അധ്യാപകരെ പരിശീലിപ്പിച്ചും ഈ മേഖലയില്‍ ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചും വിദ്യാഭ്യാസ സംവിധാനം മെച്ചപ്പെടുത്തുന്നതില്‍ രാജ്യം ശ്രദ്ധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.