
ഫിഫ ലോകകപ്പിന് ആതിഥ്യമരുളുവാന്‍ ഖത്തര്‍ സജ്ജം, ലോകകപ്പ് കൗണ്ട്ഡൗണ്‍ ക്‌ളോക്ക് നാളെ രാത്രി എട്ടരക്ക്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: കായിക ലോകത്ത് ആവേശത്തിരകളുയര്‍ത്തി കൊച്ചുരാജ്യമായ ഖത്തര്‍ ഫിഫ ലോകകപ്പിന് ആതിഥ്യമരുളുവാനുള്ള എല്ലാ സജ്ജീകരണങ്ങളുമായി മുന്നോട്ടുപോവുകയാണ് . പ്രതികൂലമായ സാഹചര്യങ്ങളും വെല്ലുവിളികളും സൃഷ്ടിച്ച കോവിഡ് മഹാമാരി രണ്ടുവര്‍ഷത്തോളമായി ഭീഷണിയുയര്‍ത്തുമ്പോഴും തയ്യാറെടുപ്പുകള്‍ സമയബന്ധിതമായി പൂര്‍ത്തീയാക്കിയാണ് ലോകകായിക ഭൂപടത്തില്‍ ഖത്തര്‍ അതിന്റെ സ്ഥാനം അടയാളപ്പെടുത്തുന്നത്. നവംബര്‍ 21 എട്ടര മണിക്ക് ഹുബ്ലോട്ട് തയ്യാറാക്കിയ ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക കൗണ്ട്ഡൗണ്‍ ക്‌ളോക്ക് അവതരിപ്പിക്കുന്നതിനുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

സുരക്ഷമാനദണ്ഡങ്ങളിലും സാങ്കേതിക തികവിലും ലോകോത്തര നിലവാരമുള്ള സ്‌റ്റേഡിയങ്ങള്‍ നിര്‍ണിത സമയത്തിന് മുമ്പ് തന്നെ പൂര്‍ത്തിയാക്കിയാണ് ഖത്തര്‍ ഫിഫയുടെ ഉത്തരവാദപ്പെട്ടവരുടെ കയ്യടി വാങ്ങിയത്. ഖത്തറിന്റെ വിവിധ സ്റ്റേഡിയങ്ങള്‍ സന്ദര്‍ശിച്ച ഫിഫ പ്രസിഡണ്ട് ഖത്തറിന്റെ തയ്യാറെടുപ്പുകളെ വിശേഷിപ്പിച്ചത് അവിശ്വസനീയമെന്നാണ് .
ഇച്ഛാശക്തിയും തന്റേടവുമുള്ളതോടൊപ്പം കാഴ്ചപ്പാടുള്ള ഭരണകര്‍ത്താക്കളും നേതൃത്വവും കൊണ്ട് അനുഗ്രഹീതമായ ഖത്തര്‍ ലോക കായിക ചരിത്രത്തിലെ ഏറ്റവും മനോഹരമായ ലോകകപ്പിന് വേദിയൊരുക്കാനൊരുങ്ങുമ്പോള്‍ നാടും നഗരവും ഒന്നടങ്കം ആമോദം പങ്കുവെക്കും. പ്രവാസി സമൂഹവും അവരുടെ രണ്ടാം ഗേഹമായ ഈ രാജ്യത്തിന്റെ തൊപ്പയില്‍ പുതിയ പൊന്‍തൂവല്‍ തുന്നിചേര്‍ക്കുന്ന സുന്ദരമുഹൂര്‍ത്തത്തിനായി അവേശത്തോടെയാണ് കാത്തിരിക്കുന്നത്.
മിഡില്‍ ഈസ്റ്റിലെയും അറബ് ലോകത്തിലെയും ആദ്യത്തെ ലോകകപ്പ് നവംബര്‍ 21 ന് ആരംഭിച്ച് 28 ദിവസത്തെ വിവിധ മാച്ചുകളില്‍ ലോകോത്തര ടീമുകള്‍ മല്‍സരിച്ച് ഡിസംബര്‍ 18 ന് ഖത്തര്‍ ദേശീയ ദിനത്തില്‍ കലാശക്കൊട്ടിന് സാക്ഷ്യം വഹിക്കും. കാല്‍പന്തുകളിയുടെ ആരവങ്ങള്‍ക്കായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് സവിശേഷമായ അനുഭവമൊരുക്കുമെന്നാണ് ഖത്തറിലെ ഫിഫ ലോകപ്പ് മുഖ്യ സംഘാടകരായ സുപ്രീം കമ്മററി ഫോര്‍ഡെലിവറി ആന്റ് ലെഗസി വ്യക്തമാക്കിയിരിക്കുന്നത്.