Breaking News

ഖത്തറില്‍ പുതിയ കോവിഡ് നിയന്ത്രണങ്ങള്‍ ശനിയാഴ്ച മുതല്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ കോവിഡ് കോവിഡ് പ്രതിസന്ധി മറികടക്കുവാന്‍ പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ഖത്തര്‍ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദേുല്‍ അസീസ് അല്‍ ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിവാര കാബിനറ്റ് യോഗമാണ് തീരുമാനമെടുത്തത്.

രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തിയ മന്ത്രി സഭ ക്രൈസിസ് മാനേജ്‌മെന്റ് കമ്മറ്റിയുടെ പ്രപ്പോസല്‍ അനുസരിച്ച് പൊതുജനങ്ങളുടെ ആരോഗ്യവും സുരക്ഷയും കണക്കിലെടുത്താണ് പുതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ തീരുമാനിച്ചത്.
പുതിയ നിയന്ത്രണങ്ങള്‍ 2022 ജനുവരി 8 ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും

മന്ത്രിസഭയുടെ സുപ്രധാന നിര്‍ദേശങ്ങള്‍ താഴെ പറയുന്നവയാണ്

12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പള്ളികളില്‍ പ്രവേശനം അനുവദിക്കില്ല.

വീടുകളിലും മജ് ലിസുകളിലും സാമൂഹിക ഒത്തുചേരലുകള്‍ക്ക് നിയന്ത്രണം.അടഞ്ഞ ഇടങ്ങളില്‍ വാക്‌സിന്‍ ഡോസ് പൂര്‍ത്തിയാക്കിയ പരമാവധി 10 പേര്‍, തുറസ്സായ സ്ഥലങ്ങളില്‍ വാക്‌സിന്‍ ഡോസുകള്‍ പൂര്‍ത്തിയാക്കിയ പരമാവധി 15 പേര്‍. ഒരേ വീട്ടില്‍ തന്നെ താമസിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല .

വിവാഹ പാര്‍ട്ടികള്‍ ഹോട്ടലുകളിലെയും സ്വതന്ത്ര കല്യാണ മണ്ഡപങ്ങളിലെയും ഹോളുകളില്‍ കുത്തിവയ്പ്പ് എടുത്ത പരമാവധി 40 പേരോടെ നടത്താം. തുറന്ന വിവാഹ ഹാളില്‍ ശേഷിയുടെ 50% ത്തില്‍ കൂടുതല്‍ പാടില്ല. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ പരമാവധി 80 പേര്‍ക്ക് വരെ പങ്കെടുക്കാം.

പൊതു പാര്‍ക്കുകള്‍, ബീച്ചുകള്‍, കോര്‍ണിഷ് എന്നിവിടങ്ങളില്‍ പരമാവധി 15 ആളുകളോ കുടുംബാംഗങ്ങളോ ഒത്തു കൂടാവൂ.

ബസുകളിലും മെട്രോയിലും ശേഷിയുടെ പരമാവധി 60 ശതമാനം മാത്രം

ഡ്രൈവിംഗ് സ്‌ക്കൂളുകള്‍, സിനിമ തിയേറ്ററുകള്‍, നര്‍സറികള്‍,  മുതലായവ ശേഷിയുടെ പരമാധി 50 ശതമാനത്തില്‍ പ്രവര്‍ത്തിക്കാം.
കോണ്‍ഫറന്‍സുകള്‍, എക്‌സിബിഷനുകള്‍, യോഗങ്ങള്‍ എന്നിവ തുറന്ന സ്ഥലങ്ങളില്‍ 50 ശതമാനം ശേഷിയിലും അടഞ്ഞ സ്ഥലങ്ങളില്‍ 30 ശതമാനം ശേഷിയിലും നടത്താം.

കമ്മ്യൂണിറ്റി സ്‌പോര്‍ട്‌സ് ടൂര്‍ണമെന്‍ര്‌സും ആക്ടിവിറ്റികളും പാടില്ല.

ഷോപ്പിംഗ് മോളുകളും വാണിജ്യസ്ഥാപനങ്ങളും 75 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം.

കോവിഡിനെ പ്രതിരോധിക്കുവാനും രാജ്യത്തെ ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുവാനും എല്ലാവരും സഹകരിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!