രണ്ട് ലക്ഷം സ്മാര്‍ട്ട് ഇലക്ട്രിസിറ്റി മീറ്ററുകള്‍ സ്ഥാപിച്ച് കഹ്റാമ
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ അത്യാധുനികവും സൗകര്യപ്രദവുമായ സ്മാര്‍ട്ട് മീറ്ററുകള്‍ വിന്യസിക്കുന്നതിന്റെ ഭാഗമായി 2021 ന്റെ നാലാം പാദത്തില്‍ രണ്ട് ലക്ഷം സ്മാര്‍ട്ട് ഇലക്ട്രിസിറ്റി മീറ്ററുകള്‍ സ്ഥാപിച്ചതായി ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷന്‍ (കഹ്റാമ) അറിയിച്ചു.
ഡിജിറ്റല്‍ പരിവര്‍ത്തനത്തിനായുള്ള കഹ്റാമയുടെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിലൊന്നായ സ്മാര്‍ട്ട് മീറ്റര്‍, ഊര്‍ജ്ജ ഉപഭോഗം കൂടുതല്‍ കൃത്യമായും ഫലപ്രദമായും രേഖപ്പെടുത്തുന്നതിനും ആവശ്യമായ വിവരങ്ങള്‍ സുരക്ഷിതമായും വേഗത്തിലും കൈമാറുന്നതിനും സഹായകമാണ് . 600,000 നൂതന ഡിജിറ്റല്‍ മീറ്ററുകള്‍ സ്ഥാപിക്കാനാണ് കഹ്‌റാമ ലക്ഷ്യമിടുന്നത്.
സ്മാര്‍ട്ട് മീറ്ററുകള്‍ വൈദ്യുതി ഉപഭോഗത്തിന്റെ തത്സമയ റീഡിംഗുകളും ഉപഭോഗ പാറ്റേണിനെക്കുറിച്ചുള്ള മികച്ച ഗ്രാഹ്യവും നല്‍കുന്നതിനാല്‍ യുക്തിസഹമായ തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള ഉപഭോക്താക്കളുടെ കഴിവ് വര്‍ദ്ധിപ്പിക്കും.കണ്‍സര്‍വേഷന്‍ ആന്‍ഡ് എനര്‍ജി എഫിഷ്യന്‍സി (തര്‍ഷീദ്) ദേശീയ പരിപാടിയുടെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്ന സ്മാര്‍ട്ട് മീറ്ററുകള്‍ ഉപഭോക്താക്കളെ അവരുടെ ഉപഭോഗം നിരീക്ഷിക്കാന്‍ പ്രാപ്തമാക്കുമെന്ന് കഹ്‌റാമ പ്രത്യാശ പ്രകടിപ്പിച്ചു.
സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കുന്നതിനുമുള്ള ഒരു ചെലവും ഉപഭോക്താക്കള്‍ വഹിക്കേണ്ടതില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.