അന്റാര്‍ട്ടിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി കീഴടക്കി ഖത്തറിന്റെ ശൈഖ അസ്മ
അമാനുല്ല വടക്കാങ്ങര
ദോഹ. അന്റാര്‍ട്ടിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി കീഴടക്കി ഖത്തറിന്റെ ശൈഖ അസ്മ. ഖത്തറി പര്‍വതാരോഹക ശൈഖ അസ്മ അല്‍ താനിയാണ് അന്റാര്‍ട്ടിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ വിസണ്‍ മാസിഫ് കീഴടക്കി തന്റെ പര്‍വതാരോഹണ ചരിത്രത്തില്‍ പുതിയ പൊന്‍തൂവല്‍ തുന്നിച്ചേര്‍ത്തത്.
‘ഖത്തറിലെ വനിതകളുടെ ചരിത്രത്തിലെ സുപ്രധാനമായ നേട്ടത്തോടെയാണ് ഞങ്ങള്‍ 2022 ആരംഭിക്കുന്നത്. ഖത്തറി പര്‍വതാരോഹകയായ അസ്മ ബിന്‍ത് താനി അല്‍താനി ഏകദേശം 117 കിലോമീറ്ററുകളോളം മഞ്ഞുപാളികള്‍ക്കിടയിലൂടെ സഞ്ചരിച്ചു ദക്ഷിണധ്രുവത്തിലെത്തുകയും 4,892 മീറ്റര്‍ ഉയരമുള്ള അന്റാര്‍ട്ടിക്കയിലെ ഏറ്റവും ഉയരമുള്ള പര്‍വതമായ വിന്‍സണ്‍ മാസിഫ് കീഴടക്കുകയും ചെയ്തിരിക്കുന്നുവെന്ന് ഖത്തര്‍ ഒളിംപിക് കമ്മറ്റി ട്വീറ്റ് ചെയ്തു .
2022 ഒരു ഐതിഹാസിക വര്‍ഷമാണ് . അന്റാര്‍ട്ടിക്കയിലെ ഏറ്റവും ഉയര്‍ന്ന സ്ഥലമായ വിന്‍സണ്‍ മാസിഫില്‍ നിന്നാണ് ഞാന്‍ ലോകത്തോട് സംസാരിക്കുന്നത്. എന്റെ പ്രിയപ്പെട്ട നാടിന്റെ പതാക സൗത്ത് പോളില്‍ ഉയര്‍ത്താന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനമുണ്ട്, ശൈഖ അസ്മ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കയ്പേറിയ തണുപ്പിലൂടെ, തണുത്തുറയുന്ന കാറ്റിലൂടെ, നമുക്ക് ഒരുമിച്ച് എന്തും നേരിടാന്‍ കഴിയുമെന്ന് അറിഞ്ഞുകൊണ്ട് ഞാന്‍ എപ്പോഴും ആശ്വസിക്കുന്നു,’ അവര്‍ കൂട്ടിച്ചേര്‍ത്തു.
2014 ല്‍ ആഫ്രിക്കയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ കിളിമഞ്ചാരോയെ കീഴടക്കിയാണ് ഖത്തര്‍ ഒളിമ്പിക് കമ്മിറ്റിയിലെ മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടറായ ശൈഖ അസ്മ അല്‍ താനി ഒരു പര്‍വതാരോഹകയായി തന്റെ യാത്ര ആരംഭിച്ചത്. തുടര്‍ന്ന് അമേരിക്കയിലെ ഏറ്റവും ഉയരമുള്ള പര്‍വ്വതമായ അര്‍ജന്റീനയിലെ അക്കോണ്‍കാഗുവയില്‍ കയറി ഉത്തരധ്രുവത്തിലേക്ക് സ്‌കൈ ചെയ്തു.
കഴിഞ്ഞ നവംബറില്‍ അമ ദബാലാം പര്‍വതം കീഴടക്കിയ ശൈഖ അസ്മ ദൗലഗിരി പര്‍വതം, മനസ് ലു പര്‍വതം, എവറസ്റ്റ് കൊടുമുടി മുതലായവ കീഴ്പ്പെടുത്തിയാണ് തന്റെ ഐതിഹാസികമായ പര്‍വതാരാഹോണ ദൗത്യവുമായി മുന്നേറുന്നത്. തന്റെ സാഹസിക കൃത്യങ്ങളും നേട്ടങ്ങളും മറ്റു വനിതകളെ പ്രചോദിപ്പിക്കുമെന്നാണ് ശൈഖ അസ്മ പ്രതീക്ഷിക്കുന്നത്.