
കഹ്‌റാമ സ്മാര്‍ട്ട് മീറ്ററുകള്‍ക്ക് വിച്ഛേദിച്ച കണക്ഷനുകള്‍ റിമോട്ട് സംവിധാനത്തില്‍ മിനിറ്റുകള്‍ക്കകം പുനഃസ്ഥാപിക്കാനാകും
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ കോര്‍പ്പറേഷന്‍ (കഹ്‌റാമ) നടപ്പാക്കുന്ന സ്മാര്‍ട്ട് മീറ്ററുകള്‍ക്ക് വിച്ഛേദിച്ച കണക്ഷനുകള്‍ റിമോട്ടായി മിനിറ്റുകള്‍ക്കകം പുനഃസ്ഥാപിക്കാനാകും. ഉപഭോക്താക്കള്‍ ബില്ലടക്കാത്തതിന്റെ പേരില്‍ കണക് ഷന്‍ വിച്ഛേദിക്കുവാനും റീ കണക്ട് ചെയ്യുവാനുമൊക്കെ നേരത്തെ ജീവനക്കാര്‍ വരണമായിരുന്നു. എന്നാല്‍ പുതിയ സംവിധാനത്തില്‍ ഇതെല്ലാം റിമോട്ട് സംവിധാനത്തിലൂടെ നടക്കും. ബില്ലടക്കാത്തവരുടെ കണക്ഷനുകള്‍ വിച്ഛേദിക്കുവാനും, ബില്ലടച്ച് മിനിറ്റുകള്‍ക്കകം ഓട്ടോമാറ്റിക്കായി കണക്ഷനുകള്‍ പുനഃസ്ഥാപിക്കാനും സിസ്റ്റത്തില്‍ സംവിധാനമുണ്ട്.
ഖത്തറിലുടനീളമുള്ള മീറ്റര്‍ സിസ്റ്റത്തില്‍ നിന്ന് ഡാറ്റ സ്വീകരിക്കുന്നതിന് ബില്ലിംഗ്, നിരീക്ഷണം, തല്‍ക്ഷണ വായന എന്നിവയ്ക്കും സൗകര്യമൊരുക്കുന്ന പുതിയ സംവിധാനം ഏറ്റവും പുതിയ സാങ്കേതികവിദ്യകളും ഉപകരണങ്ങളും നൂതന സോഫ്റ്റ് വെയറുകളും ഉപയോഗിച്ച് കുറ്റമറ്റ രീതിയിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്.
ഖത്തര്‍ നാഷണല്‍ വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങള്‍ക്കനുസൃതമായി, സമഗ്രമായ ഡിജിറ്റല്‍ പരിവര്‍ത്തന പ്രക്രിയയില്‍ ഗുണപരമായ കുതിച്ചുചാട്ടമാണ് സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി.
ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി) സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന 600,000 സ്മാര്‍ട്ട് മീറ്ററുകള്‍, വോഡഫോണിന്റെയും സീമെന്‍സിന്റേയും സഹകരണത്തോടെയാണ് കഹ്‌റാമ നടപ്പാക്കുന്നത്.