ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയും ഖത്തര്‍ വിദേശകാര്യ മന്ത്രിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി
അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് അല്‍താനിയും ദോഹയില്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യ-ഖത്തര്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും രാഷ്ട്രീയ, ഡിജിറ്റല്‍ സാമ്പത്തിക, സുരക്ഷാ പങ്കാളിത്തം വിപുലീകരിക്കുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്തു.
അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങള്‍ ഉള്‍പ്പെടെയുള്ള ആഗോള, പ്രാദേശിക സാഹചര്യങ്ങളെക്കുറിച്ചും ഇരു മന്ത്രിമാരും കാഴ്ചപ്പാടുകള്‍ കൈമാറി.
ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയെ ഇന്ത്യയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ആവര്‍ത്തിച്ചു.
ഇന്ത്യ-ഖത്തര്‍ ജോയിന്റ് കമ്മീഷന് മീറ്റിംഗിന്റെ ഉദ്ഘാടന സമ്മേളനത്തിനായി അദ്ദേഹം ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് അല്‍താനിയെ ഇന്ത്യയിലേക്ക് ക്ഷണിച്ചു. 2022 ജനുവരി 22 ന് രണ്ട് മന്ത്രിമാരും തമ്മില്‍ നടത്തിയ ടലിഫോണ്‍ സംഭാഷണത്തിന്റെ തുടര്‍ച്ചയായിരുന്നു കൂടിക്കാഴ്ചയെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.