വാക്‌സിനെടുത്തവരേയും കോവിഡ് ബാധിച്ച് ഭേദമായവരേയും പ്രതിവാര ആന്റിജന്‍ ടെസ്റ്റില്‍ നിന്ന് ഒഴിവാക്കി
അമാനുല്ല വടക്കാങ്ങര
ദോഹ: വാക്‌സിനെടുത്തവരേയും കോവിഡ് ബാധിച്ച് ഭേദമായ വിദ്യാര്‍ഥികളേയും സ്‌കൂളുകളില്‍ പ്രവേശിക്കുന്നതിന് ആവശ്യമായ പ്രതിവാര റാപ്പിഡ് ആന്റിജന്‍ ടെസ്റ്റില്‍ നിന്ന് ഒഴിവാക്കിയതായി വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
ലഭിച്ചതായി തെളിയിക്കുന്ന വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ കോവിഡ് ഭേദമായതിന് അംഗീകൃത ഹെല്‍ത്ത് സെന്ററില്‍ നിന്നുള്ള റിക്കവറി സര്‍ട്ടിഫിക്കറ്റോ ഹാജറാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ഇളവ് ലഭിക്കുക. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാത്ത വിദ്യാര്‍ത്ഥികള്‍ ഹോം ആന്റിജന്‍ റാപ്പിഡ് ടെസ്റ്റ് ഓരോ ആഴ്ചയിലും തുടരണം.
സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സ്‌കൂളുകള്‍ വഴി ടെസ്റ്റിംഗ് കിറ്റുകള്‍ നല്‍കുന്നത് തുടരും. എന്നാല്‍ പ്രൈവറ്റ് സ്‌കൂള്‍ വി്ദ്യാര്‍ഥികള്‍ സ്വന്തമായി റാപിഡ് ആന്റിജന്‍ കിറ്റുകള്‍ വാങ്ങണം .
പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ആരോഗ്യ ടീമുകള്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും റാന്‍ഡം കോവിഡ് പരിശോധനകള്‍ നടത്തും.
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട എല്ലാ മുന്‍കരുതലുകളും നടപ്പിലാക്കാനുള്ള പ്രതിജ്ഞാബദ്ധതയോടെ സ്‌കൂളുകള്‍ ഞായറാഴ്ച (ഫെബ്രുവരി 20) മുതല്‍ പകര്‍ച്ചവ്യാധിക്ക് മുമ്പുള്ള സമയങ്ങളിലേക്ക് മടങ്ങുമെന്ന് മന്ത്രാലയം അറിയിച്ചു. ഫിസിക്കല്‍ എജ്യുക്കേഷന്‍ ക്‌ളാസുള്‍, യാത്രകള്‍ ഉള്‍പ്പെടെയുള്ള പാഠ്യേതര സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയും തിരികെ വരും.
പ്രത്യേകിച്ച് മാസ്‌ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക, ക്ലാസ് മുറികളിലും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുകളിലും നല്ല വായുസഞ്ചാരം ഉറപ്പുവരുത്തുക എന്നീ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മന്ത്രാലയം ഓര്‍മിപ്പിച്ചു.