ഖിയാഫ് ഇഫ്താര്‍ സംഗമം വേറിട്ട അനുഭവമായി
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ ഇന്ത്യന്‍ ഗ്രന്ഥ കര്‍ത്താക്കളുടെ കൂട്ടായ്മയായ ഖിയാഫ് (ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം) സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം വേറിട്ട അനുഭവമായി. ശഹാനിയയിലെ പ്രത്യേക തമ്പില്‍ വെച്ച് നടന്ന ഇഫ്താറില്‍ അമ്പതിലേറെ വരുന്ന ഖിയാഫ് അംഗങ്ങളും കുടുംബങ്ങളും പങ്കെടുത്തു.
വൈകുന്നേരം നാല് മണിയോടെ തുടങ്ങിയ സംഗമത്തില്‍, പ്രസംഗം, കവിതാലാപനം, കുട്ടികള്‍ക്കായി കളറിംഗ്, ക്വിസ് തുടങ്ങി വിവിധ പരിപാടികളും അന്താക്ഷരി അടക്കമുള്ള ഗ്രൂപ്പ് മല്‍സരങ്ങളും നടന്നു. ഖിയാഫ് അംഗം മഞ്ഞിയില്‍ അബ്ദുല്‍ അസീസ് ഇഫ്താര്‍ സന്ദേശം നല്‍കി സംസാരിച്ചു. പ്രസിഡണ്ട് ഡോ. കെ.സി സാബുവിന്റെ ആമുഖ ഭാഷണത്തോടെ തുടക്കം കുറിച്ച സംഗമത്തിന്, സെക്രട്ടറി ഇന് ചാര്‍ജ് മജീദ് പുതുപ്പറമ്പ്, ട്രഷറര്‍ സലീം നാലകത്ത്, തന്‍സീം കുറ്റ്യാടി, ഹുസൈന്‍ വാണിമേല്‍, അന്‍സാര്‍ അരിമ്പ്ര, ശീല ടോമി, ശ്രീകല ജിനന്‍, അന്‍വര്‍ ബാബു, ശംന അസ്മി എന്നിവര്‍ നേതൃത്വം നല്കി.