ഓ മേരി മെഹബൂബ” വെള്ളിയാഴ്ച്ച ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍
മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ. പാട്ടിന്റെ പാലാഴി തീര്‍ത്ത വിഖ്യാത ഗായകന്‍ മുഹമ്മദ് റഫിയുടെ ഓര്‍മ്മദിനത്തോടനുബന്ധിച്ച് കൊയിലാണ്ടിക്കൂട്ടം ഖത്തര്‍ ചാപ്റ്റര്‍ ഒരുക്കുന്ന ‘ഖയാലി സീസണ്‍ 5’ ഓ മേരി മെഹബൂബ എന്ന പേരില്‍ മുഹമ്മദ് റഫി സാഹിബിന്റെ ഗാനങ്ങള്‍ മാത്രം കോര്‍ത്തിണക്കിക്കൊണ്ട് ഒരു മെഗാ മ്യൂസിക്കല്‍ ഇവന്റ് ആഗസ്റ്റ് 5 വെള്ളിയാഴ്ച വൈകീട്ട് 06:00 മണി മുതല്‍ അബുഹമൂറിലുള്ള ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടക്കും.
ദോഹയില്‍ അറിയപ്പെടുന്ന ഗായകര്‍ നയിക്കുന്ന സംഗീത വിരുന്നിനോപ്പം,പ്രോഗ്രാമിന്റെ മറ്റൊരു പ്രത്യേകത – പാടാന്‍ കഴിവുണ്ടായിട്ടും അവസരം ലഭിക്കാതെ പോയ ഖത്തറിലെ ഗായകര്‍ക്കു വേദിയില്‍ പാടാന്‍ അവസരം നല്‍കുമെന്നതാണ് . നേരത്തെ ഓണ്‍ ലൈന്‍ മുഖേന റഫി സാബിന്റെ പാട്ട് വേദിയില്‍ പാടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നും തിരഞ്ഞെടുത്ത പത്ത് പേര്‍ക്ക് വേദിയില്‍ പാടാന്‍ അവസരം നല്‍കും.
ലോക കായിക മാമാങ്കത്തിന് വേദിയാകുന്ന ഖത്തറിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് കൊയിലാണ്ടിക്കൂട്ടം ഖത്തര്‍ ചാപ്റ്റര്‍ അംഗങ്ങള്‍ അവതരിപ്പിക്കുന്ന കലാപരിപാടിയും വേദിയില്‍ അരങ്ങേറും എന്ന് ചാപ്റ്റര്‍ ചെയര്‍മാന്‍ ഫൈസല്‍ മൂസ്സ , പ്രസിഡണ്ട് മന്‍സൂര്‍ അലി, ജനറല്‍ സെക്രട്ടറി അനില്‍ കുമാര്‍, പ്രോഗ്രാം കണ്‍വീനര്‍ സുജിത് ശ്രീധര്‍ എന്നിവര്‍ പത്രകുറിപ്പില്‍ അറിയിച്ചു.
പ്രവേശനം സൗജന്യമായിരിക്കും.
വിവര സാങ്കേതിക വിദ്യയുടെ അനന്ത സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തി ‘നന്മയിലൂടെ സൗഹൃദം, സൗഹൃദത്തിലൂടെ കാരുണ്യം” എന്ന ആപ്തവാക്യവുമായി കഴിഞ്ഞ പതിനൊന്നു വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന ഒരു സൗഹൃദ കൂട്ടായ്മയാണ് ”കൊയിലാണ്ടിക്കൂട്ടം ‘ . ഇന്ന് ഒരു നാടിന്റെ സംസ്‌കാരവും പാരമ്പര്യവും നന്മയും സൗഹൃദവും മതേതരത്വവും പുതു തലമുറക്ക് പരിചയപ്പെടുത്തുന്നതിനും കൈ മാറുന്നതിനും ഈ കൂട്ടായ്മ പ്രധാന പങ്ക് വഹിച്ചുകൊണ്ടിരിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പതിനൊന്നോളം ചാപ്റ്ററുകളിലായി ഒരു ലക്ഷത്തി അന്‍പതിനായിരത്തിലധികം അംഗങ്ങളുള്ള ഒരു ഫേസ്ബുക്ക് കൂട്ടായ്മയാണ് കൊയിലണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റി.