ആസാദി കാ അമൃതമഹോല്‍സവ് ഗ്രാന്റ് ഫിനാലെ സഹൃദയലോകത്തിന് അവിസ്മരണീയമായ വിരുന്നായി
അമാനുല്ല വടക്കാങ്ങര
ദോഹ: ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷ പരിപാടിയായ ആസാദി കാ അമൃതമഹോല്‍സവ് ഗ്രാന്റ് ഫിനാലെ അല്‍ അറബി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ നിറഞ്ഞ സദസ്സിന് അവിസ്മരണീയമായ വിരുന്നായി. കലയും സാഹിത്യവും ദേശീയതയും മാനവികതയും കോര്‍ത്തിണക്കി ഇന്ത്യയുടെ നാനത്വത്തില്‍ ഏകത്വം അടയാളപ്പെടുത്തിയ ആഘോഷരാവ് അക്ഷരാര്‍ഥത്തില്‍ മരുഭൂമിയില്‍ പൂത്തുലഞ്ഞ ഭാരതോത്സവമായിരുന്നു.
ഊഷ്മളമായ ഇന്തോ ഖത്തര്‍ സ്‌നേഹ സൗഹൃദങ്ങളെ അരക്കിട്ടുറപ്പിക്കാനായി വേദിയെ ധന്യമാക്കിയ സ്വദേശി പ്രാതിനിധ്യവും ഇന്ത്യയുടെ മഹത്തായ സാസ്‌കാരിക പാരമ്പര്യങ്ങളെ മുറുകെ പിടിക്കാനുള്ള ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തലിന്റെ ആഹ്വാനവും ആസാദി കാ അമൃതമഹോല്‍സവിന്റെ പ്രാധാന്യവും പ്രസക്തിയും അടിവരയിടുന്നതായിരുന്നു.
ഇന്ത്യന്‍ കള്‍ചറല്‍ സെന്റരിന്റെ ആഭിമുഖ്യത്തില്‍ ആഗസ്ത് 1 മുതല്‍ ആരംഭിച്ച ആഘോഷ പരിപാടികളാണ് ഇന്നലെ ഔദ്യോഗികമായി സമാപിച്ചത്. സംഘാടക മികവിലും കലാപരിപാടികളുടെ വൈവിധ്യത്തിലുമെന്നപോലെ സമൂഹത്തിന്റെ വിവിധ തുറകളില്‍നിന്നുള്ളവരുടെ പങ്കാളിത്തം കൊണ്ടും പരിപാടി ശ്രദ്ധേയമായി.
പരിപാടിക്ക് നേതൃത്വം നല്‍കിയ ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് പി.എന്‍. ബാബുരാജനും പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ എ പി മണികണ്ഠനും ആഘോഷ സംഘാടക സമിതിക്കും മാത്രമല്ല ഖത്തറിലെ ഓരോ ഇന്ത്യക്കാരനും അഭിമാനകരമായ പരിപാടിയാണ് അല്‍ അറബി ക്‌ളബ്ബില്‍ അരങ്ങേറിയത്.
ഭാരതത്തിന്റെ ചരിത്രവും , തനിമയും പെരുമയും ഉല്‍ഘോഷിച മഹോത്സവം ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതപ്പെടേണ്ടതാണ് .
മൂവര്‍ണ്ണ കൊടിയുടെ കീഴില്‍ ഇന്ത്യന്‍ പ്രവാസികള്‍ അളവറ്റ ആനന്ദത്തോടെ നമ്മളൊന്ന് എന്ന ആത്മ നിര്‍വൃതിയില്‍ കരഘോഷം മുഴക്കിയപ്പോള്‍ ഭാരതാംബ മനസ്സ് നിറഞ്ഞ് പുഞ്ചിരിച്ചിരിക്കാം. ഏത് പ്രതിസന്ധികളേയും അതിജീവിച്ച് ഭാരതംമുന്നോട്ട് പോവുമെന്ന് ഉറക്കെ പ്രഖ്യാപിച്ച ഈ രാവിന്റെ മനോഹാരിത പ്രവാസ ലോകത്തും നാട്ടിലും പ്രതിധ്വനികള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.