Breaking NewsUncategorized

മനുഷ്യന്റെ മഹത്വമുയര്‍ത്തിപ്പിടിക്കാന്‍ ആഹ്വാനം ചെയ്ത് സി ഐ സി അല്‍ ഖോര്‍ സ്‌നേഹ സംഗമം

ദോഹ : മനുഷ്യ മഹത്വമുയര്‍ത്തിപ്പിടിക്കാനും സൗഹ്യദത്തിലൂടെ മാനവികൈക്യത്തെ ശക്തിപ്പെടുത്താനും സി ഐ സി അല്‍ ഖോര്‍ സോണ്‍ സംഘടിപ്പിച്ച സ്‌നേഹ സംഗമത്തില്‍ പങ്കെടുത്തവര്‍ ആഹ്വാനം ചെയ്തു.
സൗഹാര്‍ദ്ദത്തിന്റെ സന്ദേശമുയര്‍ത്തിപ്പിടിച്ച് കൊണ്ട് , സംഘടിപ്പിച്ച സ്‌നേഹ സംഗമം, ബര്‍വ മള്‍ട്ടി പര്‍പ്പസ് ഹാളില്‍ സിഐസി ഖത്തര്‍ പ്രസിഡണ്ട് ഖാസിം ടി.കെ ഉത്ഘാടനം ചെയ്തു. ജാതി മത വര്‍ഗ ഭേദമന്യേ മനുഷ്യരെന്ന നിലക്ക് ഒന്നിച്ചു നില്‍ക്കാനും ബഹുസ്വര സമൂഹത്തിന്റെ ഭാഗമെന്ന നിലയ്ക്ക് വൈവിധ്യങ്ങളെ ആദരിക്കാനും കഴിയണമെന്ന് ഉദ്ഘാടനഭാഷണത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.
സിഐസി അല്‍ഖോര്‍ മേഖലാ പ്രസിഡണ്ട് സക്കീര്‍ ഹുസൈന്‍ അധ്യക്ഷനായ സംഗമത്തില്‍ കോളമിസ്റ്റും എഴുത്തുകാരനുമായ ഡോ: താജ് ആലുവ മുഖ്യപ്രഭാഷണം നടത്തി. സ്‌നേഹ സൗഹൃദങ്ങളെ ജീവിത സംസ്‌കാരമാക്കുന്നതിലൂടെ നഷ്ടമാകുന്നു എന്ന് നാം ഭയക്കുന്ന സാമൂഹികാരോഗ്യത്തെ നിലനിര്‍ത്താനും ശക്തിപ്പെടുത്താനും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ സിക്രട്ടറി എബ്രഹാം ജോസഫ് , ഐസിബിഎഫ് സിക്രട്ടറി മുഹമ്മദ് കുഞ്ഞി തായലക്കണ്ടി, കള്‍ച്ചറല്‍ ഫോറം സംസ്ഥാന പ്രസിഡണ്ട് ചന്ദ്രമോഹന്‍ , ഇന്‍കാസ് ഖത്തര്‍ പ്രതിനിധി ജയപാല്‍, സംസ്‌കൃതി അല്‍ഖോര്‍ പ്രതിനിധി സുഭാഷ് കുര്യന്‍, എന്നിവര്‍ സംസാരിച്ചു.
നാല് പതിറ്റാണ്ടുകളായി അല്‍ ഖോറില്‍ കഴിയുന്ന മലയാളി പ്രവാസികളെ ആദരിച്ച ചടങ്ങില്‍, റഷീദ് കെ മുഹമ്മദിന്റെ നോവല്‍ ‘നോക്കിയാല്‍ കാണാത്ത ആകാശം ‘ പ്രകാശനം ചെയ്യപ്പെട്ടു.
സ്‌നേഹ സംഗമത്തിന്റെ ഭാഗമായി നടന്ന കലാ കായിക മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും ഓസ്‌ക്കാര്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ ജേഴ്‌സി പ്രകാശനവും നിര്‍വ്വഹിക്കപ്പെട്ടു. മലര്‍വാടി, ഗേള്‍സ് ഇന്ത്യ, സ്റ്റുഡന്‍സ് ഇന്ത്യ തുടങ്ങിയവര്‍ അവതരിപ്പിച്ച ഗാന ശില്പങ്ങളും സിഐസി പ്രവര്‍ത്തകരും സഹകാരികളും അവതരിപ്പിച്ച ഗാനങ്ങളും സ്‌നേഹ സംഗമത്തിന് മാറ്റുകൂട്ടി.
ജംഷീദ് ഇബ്രാഹിം സ്വാഗതവും ലബീബ് അഹമ്മദ് നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!