Breaking News

ലോകകപ്പിനെത്തുന്ന ഫുട്‌ബോള്‍ ആരാധകരെ സ്വീകരിക്കാനൊരുങ്ങി ഖത്വിഫാന്‍ ദ്വീപ്

അമാനുല്ല വടക്കാങ്ങര

ദോഹ: ലോകകപ്പിനെത്തുന്ന ഫുട്‌ബോള്‍ ആരാധകരെ സ്വീകരിക്കാനൊരുങ്ങി ഖത്വിഫാന്‍ ദ്വീപ് . ഫിഫ 2022 ലോകകപ്പിന്റെ ഭാഗമായി ഖത്തര്‍ സന്ദര്‍ശിക്കുന്ന ഫുട്ബോള്‍ പ്രേമികളെയും വിനോദസഞ്ചാരികളെയും അത് ആതിഥ്യമരുളുന്ന വൈവിധ്യമാര്‍ന്ന വിനോദ-സാംസ്‌കാരിക പരിപാടികളിലേക്ക് സ്വാഗതം ചെയ്യാന്‍ ഖത്വിഫാന്‍ ദ്വീപ് നോര്‍ത്ത് ഒരുങ്ങുന്നു. 1800 ആഡംബര അറേബ്യന്‍ ടെന്റുകളുള്ള ഖത്വിഫാന്‍ ക്യാമ്പില്‍ അറേബ്യന്‍ വില്ലേജ്, അല്‍ തുറയ്യ വില്ലേജ്, ബീച്ച് ക്ലബ് തുടങ്ങിയ സൗകര്യങ്ങളുണ്ട്.

ലുസൈല്‍ നഗരത്തിന്റെ വ്യതിരിക്തമായ കടല്‍ കാഴ്ചയും, പ്രഭാതഭക്ഷണവും ഖത്വിഫാന്‍ ബീച്ച് ഫെസ്റ്റിലേക്കുള്ള പ്രവേശനവും സന്ദര്‍ശനം മനോഹരമാക്കും. അറബ് സംസ്‌കാരത്തിന്റെ വൈവിധ്യവും ആതിഥ്യമര്യാദയും സന്ദര്‍ശകരെ പരിചയപ്പെടുത്തുന്ന അറേബ്യന്‍ ഗ്രാമം, കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും ആസ്വദിക്കാന്‍ വിനോദ പരിപാടികള്‍ വാഗ്ദാനം ചെയ്യുന്ന അല്‍ തുറയ വില്ലേജ്, ബീച്ച് ഇവന്റുകളും വിനോദ പരിപാടികളുമായി ബീച്ച് ക്ലബ്ബ് എന്നിവ ഏത് വിഭാഗത്തില്‍പെട്ട സന്ദര്‍ശകരേയും തൃപ്തരാക്കും. ലുസൈല്‍ സ്റ്റേഡിയത്തില്‍ നിന്ന് 5 കിലോമീറ്റര്‍ മാത്രം അകലെയാണ് ഖത്വിഫാന്‍ ദ്വീപ് നോര്‍ത്ത് സ്ഥിതിചെയ്യുന്നത്.

സന്ദര്‍ശകരെ സ്വീകരിക്കാന്‍ ദ്വീപ് സജ്ജമാണെന്ന് ഖത്വിഫാന്‍ പ്രോജക്ട്സിലെ ചീഫ് ഓപ്പറേഷന്‍ ഓഫീസര്‍ ഹെഷാം ഷറഫ് ഉറപ്പുനല്‍കി, ”വെല്ലുവിളികളും ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നിട്ടും, ബന്ധപ്പെട്ട അധികാരികളുമായും സ്ഥാപനങ്ങളുമായും ഏകോപിപ്പിച്ച് ആരാധകരെ സ്വാഗതം ചെയ്യാനുള്ള ദ്വീപിന്റെ സന്നദ്ധത ഉയര്‍ത്തുന്നതില്‍ ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ആരാധകര്‍ക്ക് മികച്ച സുരക്ഷ നല്‍കുക. റോഡുകള്‍, ഗതാഗതം, കാല്‍നട പാതകള്‍ എന്നിവയുള്‍പ്പെടെ ആവശ്യമായ ലോജിസ്റ്റിക്‌സ് പൂര്‍ത്തീകരിക്കുക എന്നിവ ഉറപ്പാക്കിയിട്ടുണ്ട്.

24 മണിക്കൂറും സേവനങ്ങള്‍ നല്‍കുന്നതിനുള്ള 4 ക്ലിനിക്കുകള്‍, 4000 കാറുകള്‍ വരെ പാര്‍ക്ക് ചെയ്യാനുള്ള ഇടങ്ങള്‍, സുരക്ഷാ ടീമുകളെ നല്‍കുന്നതിനുള്ള സുരക്ഷാ കമ്പനികള്‍, ഇവന്റുകള്‍ക്ക് അകത്തും പുറത്തും രക്ഷാപ്രവര്‍ത്തകര്‍ എന്നിവയും ദ്വീപില്‍ ഉള്‍പ്പെടുന്നു. ആഭ്യന്തര മന്ത്രാലയവുമായി ഏകോപിപ്പിച്ച് പോലീസ് ഓഫീസര്‍മാര്‍ക്കും ട്രാഫിക് പോലീസിനും പുറമേ, ദ്വീപിലെ പരിപാടികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ നല്‍കുന്ന പ്രത്യേക സുരക്ഷ കമ്പനികളുണ്ട്.

17,700 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയില്‍ സ്ഥിതിചെയ്യുന്ന അറേബ്യന്‍ വില്ലേജില്‍ ഓരോ അറബ് രാജ്യത്തിനും പ്രത്യേകം പവിലിയന്‍ ഉണ്ടാകും. അല്‍ തുറയ്യ വില്ലേജില്‍ നിരവധി റെസ്റ്റോറന്റുകളും ഡെയിലി ലൈവ് മ്യൂസിക് ഷോകളും കുട്ടികള്‍ക്കായി സര്‍ക്കസും ഉണ്ടായിരിക്കും.

ഐലന്‍ഡിലെ മെര്‍യാല്‍ വാട്ടര്‍ പാര്‍ക്ക് മേഖലയിലെ ഏറ്റവും വലിയ വാട്ടര്‍ പാര്‍ക്ക് ആയിരിക്കും. 36 വാട്ടര്‍ റൈഡുകളും ഐക്കണ്‍ ടവറും അടങ്ങുന്ന വാട്ടര്‍ പാര്‍ക്ക് ഐലണ്ടിന്റെ എതിര്‍വശത്തു സ്ഥിതിചെയ്യുന്നു. വെള്ളത്തിന് മുകളിലുള്ള പാലത്തിലൂടെയാണ് പാര്‍ക്കുമായി ബന്ധിപ്പിച്ചിട്ടുള്ളത്.
വിസ്മയ കാഴ്ചകളും ആകര്‍ഷകമായ സൗകര്യങ്ങളുമൊരുക്കി സന്ദര്‍ശകരെ സ്വീകരിക്കാനൊരുങ്ങിയിരിക്കുകയാണ് ഈ
അത്ഭുത ദ്വീപ്

Related Articles

Back to top button
error: Content is protected !!