
നമ്മുടെ അടുക്കളത്തോട്ടം ദോഹയുടെ ജൈവകാര്‍ഷികോത്സവം അവിസ്മരണീയമായി
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ ജൈവ കൃഷി തല്‍പരരുടെ കൂട്ടായ്മയായ നമ്മുടെ അടുക്കളത്തോട്ടം ദോഹയുടെ ജൈവകാര്‍ഷികോത്സവം സീസണ്‍ 9 ജനപങ്കാളിത്തം കൊണ്ടും പരിപാടികളുടെ വൈവിധ്യത്താലും അവിസ്മരണീയമായി.
ബിര്‍ള പബ്‌ളിക് സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മീത്തല്‍ ഭദ്രദീപം കൊളുത്തി ജൈവകാര്‍ഷികോത്സവം ഔദ്യോഗികമായ ഉത്ഘാടനം ചെയ്തു.
ഉത്ഘാടനത്തോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ ഖത്തറില്‍ ആദ്യമായി നടത്തിയ നമ്മുടെ അടുക്കളത്തോട്ടം ദോഹ യംഗ് ഫാര്‍മര്‍ കോണ്‍ടെസ്റ്റില്‍ വിജയികളായ കാരുണ്യ ഗിരിധരന്‍, ഫാത്തിമ നിസാര്‍, ഇസ സഫ്രീന്‍, അനാമിക ദേവാനന്ദ് എന്നിവര്‍ക്കുള്ള സമ്മാനങ്ങള്‍ അംബാസിഡര്‍ വിതരണം ചെയ്തു.
അടുക്കളത്തോട്ടം അംഗങ്ങളില്‍ ബിസിനസ്സില്‍ തനതായ വ്യക്തിമുദ്ര നേടിയ മിബു ജോസ്,അഷ്റഫ് ചിറക്കല്‍, ഷംസീര്‍ എന്നിവരെ
ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു.
ജൈവകൃഷി ചെയ്യുന്നവര്‍ക്ക് പ്രചോദനം നല്‍കുന്നതിനായി ഖത്തറിലെ മികച്ച കര്‍ഷകരെ തിരഞ്ഞെടുത്ത് പുരസ്‌കാരം നല്‍കി. കൂടാതെ വൈദ്യ ശാസ്ത്ര മേഖലയില്‍ ശ്രദ്ധേയമായ കണ്ടുപിടിത്തം നടത്തിയ നമ്മുടെ അടുക്കളത്തോട്ടം ദോഹയുടെ അംഗമായ ഡോ. സെറീനയ്ക്ക് പ്രത്യേക പുരസ്‌കാരം നല്‍കി.
തുടര്‍ന്ന് പ്രശസ്ത പിന്നണി ഗായകന്‍ വിവേകാനന്ദ് നയിച്ച മ്യൂസിക്കല്‍ ബാന്‍ഡ്, വയലിന്‍ ഫ്യൂഷന്‍ എന്നിവ സഹൃദയ സദസിന് കുളിര് പകരുന്നതായിരുന്നു.
പരിപാടിയില്‍ വിശിഷ്ടാതിഥികളായി എത്തിയ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡന്റ് ഡോ. മോഹന്‍ തോമസ്, ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ വൈസ് പ്രസിഡന്റ് സുബ്രമണ്യ ഹെഗ്ഗബെലു , ഐ.സി.ബി.എഫ്. ആക്ടിംഗ് പ്രസിഡന്റ് വിനോദ് വി നായര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. നമ്മുടെ അടുക്കളത്തോട്ടം ദോഹ പ്രസിഡന്റ് ബെന്നി തോമസ് സ്വാഗതവും ജനറല്‍ സെക്രട്ടറി ജിജി അരവിന്ദ് നന്ദിയും പറഞ്ഞു.