മനുഷ്യക്കടത്ത് തടയല്‍ ഖത്തറിന്റെ മുന്‍ഗണന :തൊഴില്‍ മന്ത്രി
അമാനുല്ല വടക്കാങ്ങര
ദോഹ: മനുഷ്യക്കടത്ത് തടയുന്നതും തൊഴിലാളികള്‍ക്ക് അവശ്യ സംരക്ഷണം നല്‍കുന്നതും ഖത്തറിന്റെ മുന്‍ഗണനകളില്‍ പെട്ടതാണെന്ന് തൊഴില്‍ മന്ത്രി ഡോ. അലി ബിന്‍ സയീദ് ബിന്‍ സുമൈഖ് അല്‍ മര്‍റി അഭിപ്രായപ്പെട്ടു. പുതിയ പരിഷ്‌കാരങ്ങളോടെ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമായ ഹ്യൂമന്‍ കെയര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്രവാസി തൊഴിലാളികളുടെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തൊഴില്‍ രംഗത്ത് കാര്യമായ മാറ്റങ്ങളാണ് സാക്ഷാല്‍ക്കരിച്ചത്.
തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കുന്നതില്‍ ബന്ധപ്പെട്ട വിവിധ അധികാരികളുമായുള്ള സഹകരണത്തിനും സംയോജനത്തിനും ഇടയിലാണ് കേന്ദ്രം വീണ്ടും തുറക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മനുഷ്യക്കടത്തിന് ഇരയായവര്‍ക്ക് ആവശ്യമായ സഹായവും സംരക്ഷണവും തുടര്‍ന്നും നല്‍കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
ദേശീയ മനുഷ്യാവകാശ കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ മറിയം ബിന്‍ത് അബ്ദുല്ല അല്‍ അത്തിയ, ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി സെക്രട്ടറി ജനറല്‍, അംബാസഡര്‍ അലി ബിന്‍ ഹസന്‍ അല്‍ ഹമ്മാദി, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിവര്‍ ചടങ്ങില്‍ പങ്കെടുത്തു.