ലോകകപ്പിനുള്ള വിനോദസഞ്ചാര കേന്ദ്രമായി അണിഞ്ഞൊരുങ്ങി പഴയ ദോഹ തുറമുഖം
അമാനുല്ല വടക്കാങ്ങര
ദോഹ. ലോകകപ്പിനുള്ള വിനോദസഞ്ചാര കേന്ദ്രമായി അണിഞ്ഞൊരുങ്ങി പഴയ ദോഹ തുറമുഖം. 50ലധികം കഫേകളും റെസ്റ്റോറന്റുകളും, 100 ഷോപ്പുകളും, 150 ഹോട്ടല്‍ അപ്പാര്‍ട്ടുമെന്റുകളുമുള്ള പഴയ ദോഹ തുറമുഖം ക്രൂയിസ് കപ്പലുകള്‍ക്കായുള്ള മറീനയായി രൂപാന്തരപ്പെടുത്തിയാണ് ടൂറിസം കേന്ദ്രമാക്കി മാറ്റിയത്.
ഖത്തറി വാസ്തുവിദ്യയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, പുതുതായി അലങ്കരിച്ച സ്ഥലം ഫിഫ ലോകകപ്പ് ആരാധകര്‍ക്കായി മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി അണിഞ്ഞൊരുങ്ങികഴിഞ്ഞു.
പഴയ തുറമുഖം ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കി വികസിപ്പിക്കാനും ക്രൂയിസ് കപ്പലുകള്‍ക്ക് സൗകര്യമൊരുക്കാനും നാല് വര്‍ഷം എടുത്തതായി ഓള്‍ഡ് ദോഹ പോര്‍ട്ട് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എഞ്ചിനീയര്‍ മുഹമ്മദ് അബ്ദുല്ല അല്‍ മുല്ല പറഞ്ഞു.
800,000 സ്ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലുള്ള പോര്‍ട്ടില്‍ ക്രൂയിസ് യാത്രക്കാര്‍ക്കുള്ള പ്രത്യേകം ടെര്‍മിനല്‍ ഉണ്ട്.നവംബര്‍ 15 ന് ഈ കേന്ദ്രം ഉദ്ഘാടനം ചെയ്യുമെന്നാണ് കരുതുന്നത്. അതുവരെ വൈകുന്നേരം നാല് മണി മുതല്‍ രാത്രി 10 മണി വരെ പ്രവര്‍ത്തിക്കും. ഉദ്ഘാടനത്തിന് ശേഷം വൈകുന്നേരം നാല് മണി മുതല്‍ രാത്രി രണ്ട് മണി വരെ പ്രവര്‍ത്തിക്കുമെന്നും അല്‍ മുല്ല പറഞ്ഞു.
12,000 വേള്‍ഡ് കപ്പ് സന്ദര്‍ശകര്‍ താമസിക്കുന്ന മൂന്ന് ഫ്േളാട്ടിങ് ഹോട്ടലുകള്‍ ഓള്‍ഡ് ദോഹ പോര്‍ട്ടിലായിരിക്കും.
അഞ്ചു കിലോമീറ്റര്‍ റണ്ണിങ് ട്രാക്കും അഞ്ചു കിലോമീറ്റര്‍ സൈക്ലിംഗ് ട്രാക്കും പോര്‍ട്ടിലുണ്ട്. പ്രവേശനത്തിന് ഹയ്യ കാര്‍ഡ് നിര്‍ബന്ധമാണ്.