
ഖത്തര്‍ കെഎംസിസി സംസ്ഥാന കായിക വിഭാഗം സമാപനയോഗം
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തര്‍ കെഎംസിസി സംസ്ഥാന കായിക വിഭാഗം 2018 മുതല്‍ 2022 വരെയുള്ള വിവിധ കായിക പരിപാടിളുടെ സമാപനയോഗം സംഘടിപ്പിച്ചു. ചടങ്ങില്‍ കായിക വിഭാഗം അംഗങ്ങളെ ആദരിച്ചു.
2018 ല്‍ നിലവില്‍ വന്ന കായിക വിഭാഗം കമ്മിറ്റി അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍, വോളിബോള്‍, ക്രിക്കറ്റ്, ബാഡ്മിന്റണ്‍, വടംവലി, ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്, എന്നിവ വിവിധ ഘട്ടങ്ങളിലായി സംഘടിപ്പിച്ചു. കോവിഡ് സമയത്ത് ഖത്തറിലെ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഖത്തര്‍ കെഎംസിസി കായിക വിഭാഗം ഫ്‌ളൈറ്റ് ചാര്‍ട്ടര്‍ ചെയ്യുകയും പ്രയാസമനുഭവിച്ചവര്‍ക്ക് എയര്‍ടിക്കറ്റ് സൗജന്യമായി നല്‍കുകയും ചെയ്തു.
സമാപന യോഗം കെഎംസിസി സംസ്ഥാന പ്രസിഡന്റ് എസ്. എ. എം ബഷീര്‍ ഉദ്ഘാടനം ചെയ്തു. 450 ദിവസങ്ങള്‍ കൊണ്ട് 35 രാജ്യങ്ങളില്‍ പര്യടനം നടത്തുന്ന എക്കോ സൈക്ലിസ്റ്റ് ഫാഇസ് അഷ്റഫ് അലിയെ ചടങ്ങില്‍ ആദരിച്ചു. സംസ്ഥാന കായിക വിഭാഗം ചെയര്‍മാന്‍ സിദ്ദീഖ് വാഴക്കാട് അധ്യക്ഷത വഹിച്ചു.
ആക്ടിങ് ജനറല്‍ കണ്‍വീനര്‍ ഇബ്രാഹിം പുളുക്കൂല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെഎംസിസി സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് നരിക്കുനി, ട്രഷറര്‍ മുഹമ്മദലി ഹാജി പട്ടാമ്പി, മുസ്തഫ ഹാജി വണ്ടൂര്‍, അബ്ദുല്‍ അസീസ് എടച്ചേരി, താഹിര്‍ പട്ടാര, ഗ്രാന്‍ഡ് മാള്‍ ഖത്തര്‍ റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍, അബ്ദുനാസര്‍ നാച്ചി, സലീം നാലകത്ത്, എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായ അജ്മല്‍ തെങ്ങലക്കണ്ടി, മുനീര്‍ പയന്തോങ്, മുജീബ് കോയിശേരി, നൗഫല്‍ കാവിലുംപാറ, മൂസ താനൂര്‍, ഷമീര്‍ പട്ടാമ്പി , നൗഫല്‍ പുല്ലൂക്കര, റൂബിനാസ്, അഹ്‌മദ് നിയാസ് ഏറനാട് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. വൈസ് ചെയര്‍മാന്‍ താഹിര്‍ പട്ടാര സ്വാഗതവും കണ്‍വീനര്‍ സിദീഖ് പറമ്പന്‍ നന്ദിയും പറഞ്ഞു.