ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ ബുധനാഴ്‌ചോല്‍സവം ശ്രദ്ധേയമായി
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ കലാപരവും സാമൂഹികവുമായ വളര്‍ച്ചാവികാസത്തിനായി ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച പ്രതിവാര സാംസ്‌കാരിക പരിപാടിയായ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ ബുധനാഴ്‌ചോല്‍സവം ശ്രദ്ധേയമായി . വിവിധ ഗ്രൂപ്പുകളുടെ തീമാറ്റിക് പ്രകടനങ്ങളുടെ ഗുണനിലവാരമുള്ള പ്രദര്‍ശനം സന്നിഹിതരായിരുന്ന ധാരാളം പ്രേക്ഷകരെ ആകര്‍ഷിച്ചു.
ഐസിസി ഫിനാന്‍സ് മേധാവി അര്‍ഷാദ് അലി അതിഥികളെയും വിശിഷ്ടാതിഥികളെയും സ്വാഗതം ചെയ്തു. സമ്പന്നമായ ഇന്ത്യന്‍ സാംസ്‌കാരിക പൈതൃകം ആസ്വദിക്കാന്‍ ഖത്തറില്‍ വസിക്കുന്ന വലിയ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഒരു പെര്‍ഫോമന്‍സ് സ്റ്റേജ് നല്‍കുക എന്നതാണ് ഈ വാരാചരണത്തിന്റെ ഉദ്ദേശമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ എ പി മണികണ്ഠന്‍ വിശദീകരിച്ചു. ഐസിസിയുടെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ മേധാവി സുമ മഹേഷ് ഗൗഡയാണ് പരിപാടികള്‍ ഏകോപിപ്പിച്ചത്.
ഇന്ത്യയിലെ പ്രശസ്ത സിതാറിസ്റ്റ് പണ്ഡിറ്റ് വിദുര്‍ മഹാജന്‍ സായാഹ്നത്തിലെ വിശിഷ്ടാതിഥിയായിരുന്നു. അപെക്സ് ബോഡി മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, അസോസിയേറ്റഡ് സംഘടന പ്രതിനിധികള്‍, കമ്മ്യൂണിറ്റി നേതാക്കള്‍ എന്നിവരുടെ സാന്നിദ്ധ്യം പരിപാടിക്ക് മിഴിവേകി. ഈ അവസരത്തില്‍ ഐസിസിയുടെ അനുബന്ധ സംഘടനകളായ ഖത്തര്‍ തമിഴര്‍ സംഘം, തൃശൂര്‍ ജില്ലാ സൗഹൃദവേദി എന്നിവയുടെ പ്രസിഡന്റുമാരായ മണി ഭാരതി, മുഹമ്മദ് മുസ്തഫ എന്നിവരെ ഐസിസി മാനേജിംഗ് കമ്മിറ്റിക്ക് വേണ്ടി ഐസിസി പ്രസിഡന്റ് എ.പി.മണികണ്ഠന്‍ ആദരിച്ചു.
ഐസിസി അശോക ഹാളില്‍ എല്ലാ ബുധനാഴ്ചകളിലും വൈകിട്ട് 7 മുതല്‍ ‘ഐസിസി ബുധന്‍ ഫിയസ്റ്റ’ നടക്കും. ഖത്തറില്‍ വസിക്കുന്ന മുഴുവന്‍ ഇന്ത്യന്‍ പ്രവാസികള്‍ക്കും എല്ലാ ആഴ്ചയും പതിവായി ഈ ആഘോഷത്തില്‍ പങ്കെടുക്കാം.