ഖത്തറില്‍ പോലീസ് ചമഞ്ഞ് ഏഷ്യന്‍ തൊഴിലാളിയില്‍ നിന്ന് പണം മോഷ്ടിച്ച രണ്ട് പ്രവാസികളെ ഒരു വര്‍ഷം തടവിനും നാടുകടത്താനും വിധി

അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ പോലീസ് ചമഞ്ഞ് ഏഷ്യന്‍ തൊഴിലാളിയില്‍ നിന്ന് പണം മോഷ്ടിച്ച രണ്ട് പ്രവാസികളെ ഒരു വര്‍ഷം തടവിനും നാടുകടത്താനും വിധി . ഖത്തര്‍ അപ്പീല്‍ കോടതിയുടേതാണ് വിധി.
രണ്ട് കുറ്റവാളികളും പോലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ തൊഴിലാളികളുടെ താമസസ്ഥലത്തത്തുകയും അനധികൃതമായി മയക്കുമരുന്ന് കൈവശം വെക്കുന്നതായി സംശയിക്കുന്നതിനാല്‍ റൈഡ് നടത്തണമെന്നാവശ്യപ്പെടുകയും ചെയ്തു.
തൊഴിലാളികളെ പുറത്ത് നിര്‍ത്തി റൈഡ് നടത്തിയ വ്യാജ പോലീസ് ഉദ്യോഗസ്ഥര്‍ മുറിയിലെ സാധനങ്ങള്‍ കേടുവരുത്തുകയും 11,500 റിയാല്‍ മോഷ്ടിക്കുകയും ചെയ്തു. മോഷണവിവരം ഇരകള്‍ പോലീസില്‍ അറിയിക്കുകയും പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ക്രിമിനല്‍ കോടതി അവരെ കുറ്റക്കാരാണെന്ന് കണ്ടെത്തി മൂന്ന് വര്‍ഷത്തെ തടവിനും തുടര്‍ന്ന് നാടുകടത്താനും വിധിച്ചിരുന്നു. എന്നാല്‍ അവരില്‍ രണ്ടുപേര്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കി. അപ്പീല്‍ കോടതിയാണ് ശിക്ഷ ഒരു വര്‍ഷത്തെ തടവും തുടര്‍ന്നുള്ള നാടുകടത്തലും ആയി കുറച്ചത്.