Archived Articles

തുര്‍ക്കി സൂപ്പര്‍ കപ്പ് ബെസിക്താസിന്

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിലെ അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ തുര്‍ക്കി സൂപ്പര്‍ കപ്പ് മല്‍സരത്തില്‍ അന്റാലിയാസ്പോറിനെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് സ്‌പോര്‍ ടോട്ടോ സൂപ്പര്‍ ലിഗിലെയും ടര്‍ക്കിഷ് കപ്പിലെയും ചാമ്പ്യന്‍മാരായ ബെസിക്താസ് തങ്ങളുടെ പത്താം തുര്‍ക്കി സൂപ്പര്‍ കപ്പ് കിരീടം സ്വന്തമാക്കി.


കളിയുടെ 3-ാം മിനിറ്റില്‍ ബെസിക്റ്റാസ് ക്യാപ്റ്റന്‍ അതിബ ഹച്ചിന്‍സണ്‍ അന്റാലിയാസ്പോറിന്റെ വല കുലുക്കിയെങ്കിലും 74-ാം മിനിറ്റില്‍ കനേഡിയന്‍ താരം പന്ത് സ്വന്തം വലയിലെത്തിച്ചതോടെ എക്‌സ്ട്രാ സമയം കഴിഞ്ഞും മല്‍സരം 1-1ന് സമനിലയില്‍ അവസാനിച്ചതോടെയാണ് പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് കടന്നത്.

നേരത്തെ തുര്‍ക്കിയിലും ജര്‍മ്മനിയിലുമാണ് തുര്‍ക്കി സൂപ്പര്‍ കപ്പ് പോരാട്ടങ്ങള്‍ നടന്നത്. ഖത്തര്‍ ഇതാദ്യമായാണ് തുര്‍ക്കി സൂപ്പര്‍ കപ്പിന് വേദിയായത്. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം സ്റ്റേഡിയത്തിന്റെ 25 % ശേഷിയിലാണ് കളി നടന്നത്.

ഈ വര്‍ഷം അവസാനം ഫിഫ ലോകകപ്പ് സംഘടിപ്പിക്കുന്നതിന് മുന്നോടിയായി ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന നിരവധി ഡ്രസ് റിഹേഴ്‌സല്‍ ഇവന്റുകളില്‍ ഒന്നാണ് ഈ മത്സരം. കഴിഞ്ഞ രണ്ട് വര്‍ഷമായി, കോവിഡ് പാന്‍ഡെമിക്കിനിടയില്‍, വെസ്റ്റ്, ഈസ്റ്റ് റീജിയണുകള്‍ക്കായുള്ള എ എഫ്.സി.ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍, എ എഫ്.സി ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ 2020 എന്നിങ്ങനെ നിരവധി പ്രധാനപ്പെട്ട അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് ദോഹ ആതിഥേയത്വം വഹിച്ചു.

2014-ലും 2016-ലും ഇറ്റാലിയന്‍ സൂപ്പര്‍ കപ്പിനും മറ്റ് അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങള്‍ക്കും ദോഹ ആതിഥേയത്വം വഹിച്ചത് അതിന്റെ വിപുലമായ സംഘടനാ കഴിവുകളും വിവിധ ഫുട്‌ബോള്‍ ഇവന്റുകളുടെ പ്രധാന ലക്ഷ്യസ്ഥാനമാക്കി മാറ്റുന്ന വിശിഷ്ട സൗകര്യങ്ങളും പ്രയോജനപ്പെടുത്തിയാണ് .

Related Articles

Back to top button
error: Content is protected !!