IM Special

വേദനകളില്ലാത്ത ലോകത്തേക്ക് ഉമര്‍ യാത്രയായി

അമാനുല്ല വടക്കാങ്ങര

ദോഹ. വേദനകളില്ലാത്ത ലോകത്തേക്ക് ഉമര്‍ യാത്രയായി . ശാരീരികവും മാനസികവുമായ സംഘര്‍ഷങ്ങളുടേയും വേദനകളുടേയും ദുരിത പര്‍വത്തിന് അന്ത്യം കുറിച്ചാണ് തൃശൂര്‍ വട്ടേക്കാട് സ്വദേശി പാറാത്ത് വീട്ടില്‍ പൂനത്ത് ഖാദര്‍ മകന്‍ പി.പി ഉമര്‍ (36)
കഴിഞ്ഞ ദിവസം ദോഹയില്‍ നിര്യാതനായത്.

ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ ശ്രദ്ധേയ സാന്നിധ്യമായ അബ്ദുല്‍ അസീസ് മഞ്ഞിയിലിന്റെ ബന്ധുവായ ഉമറിന്റെ നിര്യാണത്തെ തുടര്‍ന്ന് മഞ്ഞിയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പ് ഉമറിന്റെ പ്രവാസ ജീവിതത്തിന്റെ വിവിധ തലങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് .

2018 ലാണ് ഏറ്റവും ഒടുവില്‍ അവധികഴിഞ്ഞ് ഉമര്‍ പി.പി ഖത്തറിലെത്തുന്നത്.2018 ഏപ്രില്‍ മാസത്തില്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ നിയമക്കുരുക്കില്‍ തടവിലായി.ജയില്‍ വാസത്തിന്നിടക്ക് 2021 ല്‍ തുടയെല്ലില്‍ കടുത്ത വേദനയെ തുടര്‍ന്ന് ചികിത്സക്ക് വിധേയനായി.പിന്നീട് ഹമദ് ആശുപതിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ടു. അര്‍ബുദവുമായി ബന്ധപ്പെട്ടതായിരുന്നു രോഗം എന്ന് സ്ഥിരീകരിച്ചു കൊണ്ടുള്ള ചികിത്സ തുടര്‍ന്നു കൊണ്ടിരുന്നു.ദീര്‍ഘനാളത്തെ ചികിത്സക്കിടയില്‍ ആശുപതിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടു.

2022 ല്‍ ഡിസ്ചാര്‍ജ് ചെയ്യപ്പെട്ട സാഹചര്യത്തില്‍ കോവിഡ് ബാധിച്ചു.കോവിഡ് ബാധ ആരോഗ്യ പ്രശ്നങ്ങള്‍ കൂടുതല്‍ പ്രയാസത്തിലാക്കി.വീണ്ടും അഡ്മിറ്റ് ചെയ്യപ്പെട്ടു.റുമേല കാന്‍സര്‍ ആശുപതിയിലായിരുന്നു ചികിത്സ.

രോഗവും ചികിത്സയും കൂടാതെ നിയമ കുരുക്കുകളും ഉള്ളതിനാലും നാട്ടിലേക്കുള്ള യാത്ര നടന്നില്ല.ഉമര്‍ ഖത്തറിലേക്ക് പോരുമ്പോള്‍ 4 വയസ്സ് പ്രായമുണ്ടായിരുന്ന മകന്‍ മുഹമ്മദ് ഹംദാന് ഇപ്പോള്‍ 9 വയസ്സ് ആയിരിക്കുന്നു.

ഉമറിന്റെ വിവരം അറിഞ്ഞതു മുതല്‍ കണ്ണീരിലായ ഉമ്മ ഏറെ രോഗ ബാധിതയായി.മകന്റെ ആരോഗ്യാവസ്ഥ ഏറെ സങ്കീര്‍ണ്ണമാണെന്നതിനാല്‍ മകനെ കാണാന്‍ അവര്‍ ദോഹയില്‍ ഓണ്‍ അറൈവല്‍ വിസയില്‍ വരികയും ആശുപത്രിയില്‍ കുറേ നാളുകള്‍ പരിചരണം നല്‍കുകയും ചെയ്താണ് തിരിച്ചു പോയത്. ശേഷം ഉമറിന്റെ ഭാര്യ ഒരു മാസത്തെ ഓണ്‍ അറൈവല്‍ വിസയില്‍ ദോഹയിലെത്തി.സപ്തംബര്‍ 8 ന് മുഹ്സിന തിരിച്ചു പോകാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഉമറിന്റെ ആരോഗ്യ സ്ഥിതി ഗുരുതരമാണെന്നു മനസ്സിലാക്കി യാത്ര നീട്ടിവെക്കുകയായിരുന്നു.കൂടാതെ മുഹ്സിന പോകരുതെന്നു ഉമര്‍ പ്രത്യേകം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഉമര്‍ അന്ത്യയാത്രക്ക് ഒരുങ്ങിക്കൊണ്ടിരുന്നു എന്നത് ഒരു യാഥാര്‍ഥ്യമാണ്.സപ്തംബര്‍ 6 വൈകുന്നേരത്തോടെ പൂര്‍ണ്ണാര്‍ഥത്തില്‍ ഒരുങ്ങിയിരുന്നു എന്നു മാത്രം.നേരമായി എന്ന് ഇടക്ക് പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു കൊണ്ടിരുന്നു.ഏറെ ദയനീയമായ അവസ്ഥയിലായിട്ടും തന്റെ സഹധര്‍മ്മിണിയെ ആവും വിധം സമാശ്വസിപ്പിക്കാനും സന്തോഷിപ്പിക്കാനും മാപ്പപേക്ഷ പോലും നടത്താനും പാതി ബോധത്തിലും ഉമര്‍ മറന്നില്ല.

സപ്തംബര്‍ 7 മധ്യാഹ്നം മുതല്‍ ശ്വാസോച്ഛ്വാസത്തില്‍ പ്രകടമായ മാറ്റങ്ങള്‍ ഉണ്ടായി.വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്തും ദിക്കറുകള്‍ ചൊല്ലിക്കൊടുത്തും നിമിഷങ്ങള്‍ ധന്യമാക്കാന്‍ കൂടെയുള്ളവര്‍ ശ്രദ്ധിച്ചു.വിവരങ്ങള്‍ കേട്ടറിഞ്ഞ് ബന്ധു മിത്രാധികളും സുഹൃത്തുക്കളും ആശുപത്രിയിലേക്ക് വന്നു കൊണ്ടിരുന്നു.പാതിരാത്രിയില്‍ 12.04 ന് അഥവാ സപ്തംബര്‍ 8 വ്യാഴം, അന്ത്യശ്വാസത്തിന്റെ വേഗത കൂടിക്കൊണ്ടിരുന്നു.സാമൂഹ്യ പ്രവര്‍ത്തക സൗദ പി.കെ മുഹ്സിനയെ സമാശ്വസിപ്പിക്കാന്‍ അടുത്തുണ്ടായിരുന്നു.ഖുര്‍ആന്‍ പാരായണത്തിന്റെ വശ്യതയില്‍ തൗഹീദിന്റെ മന്ത്ര ധ്വനികളാല്‍ നനഞ്ഞ ചുണ്ടുകള്‍ ചലിച്ചു കൊണ്ടിരിക്കേ അനുഗ്രഹത്തിന്റെ മാലാഖമാരുടെ അകമ്പടിയൊടെ ഉമറിന്റെ ആത്മാവ് ആകാശാലോകത്തേക്ക് പറന്നകന്നു.

മഞ്ഞിയിലിന്റെ കുടുംബവും ബന്ധുമിത്രാധികളും സുഹൃത്തുക്കളും വിശിഷ്യാ ഉമറിന്റെ പ്രിയ സുഹൃത്ത് ഷരീഫും അന്ത്യയാത്രാ വേളയില്‍ ചാരത്തുണ്ടായിരുന്നു.

ഇന്നലെ മഗ്‌രിബ് നമസ്‌കാരാനന്തരം അബൂ ഹമൂര്‍ പള്ളിയില്‍ നടന്ന മയ്യിത്ത്് നമസ്‌കാരത്തിന് ശേഷം അബൂ ഹമൂര്‍ ഖബര്‍സ്ഥാന്‍ ഉമറിന്റെ ഭൗതികശരീരം ഏറ്റുവാങ്ങി.

Related Articles

Back to top button
error: Content is protected !!