പ്രൊഫ. പിഎ സഹീദ് പുരസ്‌കാരം മുഹമ്മദ് കുഞ്ഞിക്ക്
ദോഹ : അഭയ കേന്ദ്രം ചാരിറ്റബിള്‍ സൊസൈറ്റി ആരോഗ്യ ജീവകാരുണ്യ മേഖലയില്‍ നല്‍കി വരുന്ന ഈ വര്‍ഷത്തെ പ്രൊഫ. പിഎ സഹീദ് പുരസ്‌കാരത്തിന് ഖത്തര്‍ പ്രവാസി വെല്‍ഫെയര്‍ ഫോറം സ്ഥാപക നേതാവും ഐസിബിഎഫ് സെക്രട്ടറിയുമായ മുഹമ്മദ് കുഞ്ഞി അര്‍ഹനായി. ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തന മേഖലകളില്‍ ശ്രദ്ധേയനായ അദ്ദേഹം കാസര്‍കോട് നീലേശ്വരം സ്വദേശിയാണ്. വയലാര്‍ ഗോപകുമാര്‍ ചെയര്‍മാനും എം. മെഹബൂബ് ‘ സിദ്ധീഖ് സൈനുദ്ദീന്‍’, മുര്‍ഷിദ് അഹമ്മദ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞെടുത്തത്.
പ്രവാസ രോഗികള്‍ക്കായി ആതുരസഹായം ഏര്‍പ്പെടുത്തുക, രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കുക, ഉള്‍പ്രദേശങ്ങളില്‍ ഒറ്റപ്പെടുന്ന പ്രവാസികളെ കണ്ടെത്തി സഹായം എത്തിക്കുക, പ്രവാസികളില്‍ സര്‍ക്കാരിന്റെ പദ്ധതികള്‍ സംബന്ധിച്ച അവബോധം സൃഷ്ടിക്കുക, ജോലി കണ്ടെത്താന്‍ സഹായിക്കുക, തുടങ്ങി നിരവധി മേഖലകളില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഏകോപിപ്പിക്കുകയും ചെയ്തുവരുന്ന, മഹത് വ്യക്തിയാണ്, മുഹമ്മദ് കുഞ്ഞി.
കോവിഡ് മഹാമാരി കാലത്ത് സന്നദ്ധ പ്രവര്‍ത്തകനായി നൂറു കണക്കിന് രോഗികള്‍ക്ക് ആശ്വാസം പകര്‍ന്ന അദ്ദേഹം രോഗവിമുക്തരായവരെയും ജന്മനാട്ടില്‍ തിരിച്ചെത്താന്‍ ആഗ്രഹിച്ചവരെയും നാട്ടില്‍ എത്തിക്കാന്‍ എല്ലാ സഹായവും ചെയ്തു.
ഗള്‍ഫില്‍ മരണമടയുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുവാനും നിരാലംബര്‍ക്ക് ആശ്വാസം പകരാനും വര്‍ഷങ്ങളായി സേവനം നല്‍കുന്നു.
അബദ്ധത്തില്‍ കേസുകളില്‍ കുടുങ്ങുന്നവര്‍ക്ക് നിയമസഹായം ഏര്‍പ്പെടുത്താനും ജയില്‍ വിമോചിതരാകുന്നവരെ നാട്ടില്‍ എത്തിക്കാനും മുന്നില്‍ നിന്നു പ്രവര്‍ത്തിക്കുന്നു.
25000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌ക്കാരം .