എഴുപത്തിയെട്ടാം സ്വാതന്ത്ര്യ ദിനം: വിപുലമായ ആഘോഷ പരിപാടികളുമായി പ്രവാസി വെല്‍ഫെയര്‍
ദോഹ. ഇന്ത്യയുടെ എഴുപത്തിയെട്ടാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രവാസി വെല്‍ഫെയര്‍ വിവിധ ജില്ലാക്കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും.
തൃശ്ശൂര്‍ ജില്ലാക്കമ്മറ്റി ആഗസ്ത് 15 വ്യാഴാഴ്ച വൈകീട്ട് 7 മണിക്ക് സ്വാതന്ത്ര്യദിന വിദ്യാലയം സംഘടിപ്പിക്കും. മുണ്ടക്കൈ ദുരന്ത ബാധിതരോടുള്ള ഐക്യദാര്‍ഢ്യം കൂടിയായി വെള്ളാര്‍മല ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്രതീകാത്മകമായി സ്വാതന്ത്ര്യദിന വിദ്യാലയം എന്ന പേരില്‍ ആഘോഷപരിപാടിയൊരുക്കുന്നത്.
‘സ്വാതന്ത്ര്യത്തിന്റെ വര്‍ത്തമാനം’ എന്ന തലക്കെട്ടില്‍ കോഴിക്കോട് ജില്ലാക്കമ്മറ്റി ആഗസ്ത് 16 വെള്ളിയാഴ്ച ഒരുക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷം ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്യും. ക്യു.എഫ്.എം റേഡിയോ സി.ഇ.ഒ അന്‍വര്‍ ഹുസൈന്‍ മുഖ്യപ്രഭാഷണം നടത്തും.
സ്വാതന്ത്ര്യ സരത്തിലെ മലബാര്‍ ഗാഥകള്‍ എന്ന ശീര്‍ഷകത്തില്‍ മലപ്പുറം ജില്ലാക്കമ്മറ്റി ആഗസ്ത് 16 വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് കലാ സാംസ്‌കാരിക സംഗമം സംഘടിപ്പിക്കും
എറണാകുളം ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച രാത്രി 7 മണിക്ക് ചര്‍ച്ച സദസ്സ് സംഘടിപ്പിക്കും. പ്രവാസി വെല്‍ഫെയര്‍ മുന്‍ സംസ്ഥാന പ്രസിഡണ്ട് ഡോ. താജ് ആലുവ, സംസ്ഥാന ജനറല്‍ കൗണ്‍സില്‍ അംഗം മുഷ്താഖ് കൊച്ചി എന്നിവര്‍ വിഷയമവതരിപ്പിക്കും.
എന്റെ ഇന്ത്യ അന്നും ഇന്നും എന്ന തലക്കെട്ടില്‍ തിരുവനന്തപുരം ജില്ലാക്കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആഗസ്ത് 17 ശനിയാഴ്ച രാത്രി 7 മണിക്ക് പ്രഭാഷണവും ആഘോഷ പരിപാടികളും അരങ്ങേറും.
ആഗസ്ത് 23 വെള്ളിയാഴ്ച രാത്രി കണ്ണൂര്‍ ജില്ലാക്കമ്മറ്റി ‘ഓര്‍മ്മകളുടെ ആഘോഷം’എന്ന പേരിലൊരുക്കുന്ന പര്‍പാടിയില്‍ പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് അനീസ് റഹ്‌മാന്‍ മുഖ്യ പ്രഭാഷണം നടത്തും. കൊല്ലം ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ആഘോഷ പരിപാടിയില്‍ പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍ മുഖ്യാതിഥിയാവും.
സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ്, ദേശഭക്തിഗാനം, ഭരണഘടനാ അമുഖം വായന എന്നിവ വിവിധ പരിപാടികളില്‍ അരങ്ങേറും.