‘സ്വാതന്ത്ര്യ സമരത്തിലെ മലബാര്‍ ഗാഥകള്‍’ സാംസ്‌കാരിക സംഗമം ശ്രദ്ദേയമായി
ദോഹ : ഇന്ത്യയുടെ 78 മത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രവാസി വെല്‍ഫെയര്‍ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘ സ്വാതന്ത്ര്യ സമരത്തിലെ മലബാര്‍ ഗാഥകള്‍’ സാംസ്‌കാരിക സംഗമം വൈവിധ്യ മാര്‍ന്ന പരിപാടികള്‍ കൊണ്ടും,ജന പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.
പ്രവാസി വെല്‍ഫെയര്‍ ഖത്തര്‍ വൈസ് പ്രസിഡന്റ് അനീസ് മാള സംഗമം ഉദ്ഘാടനം ചെയ്തു. നമ്മുടെ രാജ്യത്തിന്റെ ഐക്യവും, സമത്വവും, സാഹോദര്യവും നില നില്‍ക്കുവാന്‍ നമ്മുടെ ഭരണഘടന ഉറപ്പുനല്‍കുന്ന അടിസ്ഥാന തത്വങ്ങളും മൗലികാവകാശങ്ങളും മുറുകെ പിടിച്ചുള്ള മുന്നോട്ട് പോക്ക് അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മലബാറിലെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളില്‍ മാപ്പിളപ്പാട്ട് സാഹിത്യത്തിന്റെ സ്വാധീനം എന്ന വിഷയത്തില്‍ ചരിത്ര ഗവേഷകന്‍ സഫീര്‍ വാടാനപ്പള്ളി പ്രഭാഷണം നടത്തി. നാടന്‍ പാട്ട് കലാകാരനും നടനുമായ രജീഷ് രാജന്‍ സ്വാതന്ത്ര്യ ദിന ചിന്തകളുണര്‍ത്തി കവിത ആലപിച്ചു. കൂടാതെ ദേശ ഭക്തി ഗാനങ്ങള്‍, സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് എന്നിവയും അവതരിപ്പിക്കപ്പെട്ടു. വയനാട് ദുരന്തത്തില്‍ പ്രയാസമനുഭവിക്കുന്നവര്‍ക്കായി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തകര്‍ നടത്തിയ വിഭവ സമാഹരണം സംഗമത്തില്‍ വെച്ച് സ്റ്റേറ്റു വൈസ് പ്രസിഡന്റിന് കൈമാറി.പ്രവാസി വെല്‍ഫെയര്‍ മലപ്പുറം ജില്ലാ പ്രസിഡന്റ് അമീന്‍ അന്നാര അധ്യക്ഷത വഹിച്ചു. ജന:സെക്രട്ടറി ഷമീര്‍ വി.കെ സ്വാഗതവും, റഫീഖ് മേച്ചേരി നന്ദിയും അറിയിച്ചു. പ്രോഗ്രാം കണ്‍വീനര്‍ ശാക്കിര്‍ മഞ്ചേരി, സെക്രട്ടറിമാരായ ഫഹദ് മലപ്പുറം, സഹല,കമ്മിറ്റിയംഗങ്ങളായ ഷിബിലി, ശാക്കിറ ഹുസ്‌ന എന്നിവര്‍ നേതൃത്വം നല്‍കി.