ഡെലിവറി ബോയ്‌സിനും ഡ്രൈവര്‍മാര്‍ക്കുമായി ഡ്രൈവിംഗ് ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ച് ഐ.സി.ബി.എഫ്
ദോഹ. ഇന്ത്യന്‍ എംബസ്സി അനുബന്ധ സംഘടനയായ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) 40-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി, ബൈക്ക് ഡെലിവറി ബോയ്‌സിനും, ലിമോസിന്‍-ടാക്‌സി ഡ്രൈവര്‍മാര്‍ക്കുമായി ഡ്രൈവിംഗ് സുരക്ഷ അവബോധ സെമിനാര്‍ സംഘടിപ്പിച്ചു. ഐ.സി.ബി.എഫ് കാഞ്ചാനി ഹാളില്‍ നടന്ന സെമിനാറില്‍, ഡെലിവറി, ലിമോസിന്‍, ടാക്‌സി മേഖലകളില്‍ നിന്നുമായി ഏതാണ്ട് 180 ഓളം പേര്‍ പങ്കെടുത്തു.
ഡ്രൈവിംഗ് നിയമങ്ങളെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുക വഴി, റോഡ് സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമാക്കിയാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ഐഷ് സിംഗാള്‍ മുഖ്യാതിഥിയായിരുന്നു. പ്രവാസി സമൂഹത്തിന് ഗുണകരമാകുന്ന ഇത്തരം പരിപാടികള്‍ക്ക് പിന്തുണ നല്‍കുന്ന ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന് അദ്ദേഹം നന്ദി പറഞ്ഞു. കാലികമായ ഇത്തരം ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഐ.സി.ബി.എഫിനെ അദ്ദേഹം അഭിനന്ദിച്ചു.
ഐ.സി. ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ അദ്ധ്യക്ഷത വഹിച്ചു. ഡെലിവറി സമയം കൃത്യമായി പാലിക്കുവാന്‍ ഡെലിവറി ബോയ്‌സ് നേരിടുന്ന സമ്മര്‍ദ്ദം ഒരിക്കലും അപകടത്തിലേക്ക് നയിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. വേഗതയേക്കാള്‍ സുരക്ഷയ്ക്ക് എല്ലായ്‌പ്പോഴും മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ഐ.സി.ബി.എഫ് സെക്രട്ടറിയും പ്രോഗാം കോര്‍ഡിനേറ്ററുമായ ടി.കെ.മുഹമ്മദ് കുഞ്ഞി സ്വാഗതം ആശംസിച്ചു. സുരക്ഷിതമായ ഡ്രൈവിംഗ് രീതികള്‍ പാലിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്തു പറഞ്ഞു.
ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക്ക് ബോധവല്‍ക്കരണ വിഭാഗം ഓഫീസര്‍ ഫസ്റ്റ് ലഫ്റ്റനന്റ് ഹമദ് സലീം അല്‍ നഹാബ്, സെമിനാറില്‍ പങ്കെടുത്ത കമ്പനികളെ അഭിനന്ദിക്കുകയും, ഖത്തര്‍ റോഡുകളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉയര്‍ത്തുന്നതില്‍ മന്ത്രാലയത്തിന്റെ തുടര്‍ച്ചയായ ശ്രമങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിലെ കമ്മ്യൂണിറ്റി റീച്ച് ഔട്ട് ഓഫീസ് കോര്‍ഡിനേറ്റര്‍ ഫൈസല്‍ അല്‍ ഹുദവിയുമായി ചേര്‍ന്ന് സെമിനാറിന് അദ്ദേഹം നേതൃത്വം നല്‍കി. പങ്കെടുത്ത എല്ലാവര്‍ക്കും ഉപകാരപ്രദമാകുന്ന രീതിയില്‍, ഇംഗ്ലീഷിലും ഹിന്ദിയിലുമായി നടന്ന സെമിനാറിന് ശേഷം, റോഡ് സുരക്ഷാ വിഷയങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി ചോദ്യോത്തര വേളയും സംഘടിപ്പിച്ചിരുന്നു.
ഐ.സി.ബി.എഫ് ജനറല്‍ സെക്രട്ടറി വര്‍ക്കി ബോബന്‍ പരിപാടികള്‍ ഏകോപിപ്പിച്ചു. ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി നന്ദി പ്രകാശിപ്പിച്ചു. അപകടരഹിത ഡ്രൈവിംഗ് റെക്കോര്‍ഡുള്ള അഞ്ച് ബൈക്ക് ഡെലിവറി ജീവനക്കാര്‍ക്കും, അഞ്ച് ലിമോസിന്‍ – ടാക്‌സി ഡ്രൈവര്‍മാര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ആദരിച്ചു. ഐ.സി.ബി.എഫ് മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സെറീനാ അഹദ്, നീലാംബാരി സുശാന്ത്, അബ്ദുള്‍ റൗഫ് കൊണ്ടോട്ടി, ശങ്കര്‍ ഗൗഡ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.