പന്ത്രണ്ടാമത് അജ് യാല്‍ ഫിലിം ഫെസ്റ്റിവലിന് തുടക്കം
അമാനുല്ല വടക്കാങ്ങര
ദോഹ. ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് അജ് യാല്‍ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി. ലോകമെമ്പാടുമുളള മനുഷ്യ പോരാട്ടങ്ങളെ സമൂഹത്തിന് പരിചയപ്പെടുത്തി മാനവികത പരിപോഷിപ്പിക്കുന്നതിലും പരസ്പരം തിരിച്ചറിവ് വളര്‍ത്തുന്നതിലും സിനിമയുടെ പങ്ക് അടയാളപ്പെടുത്തുന്നതാണ് എട്ട് ദിവസം നീണ്ടുനില്‍ക്കുന്ന ഈ ചലചിത്രമേള.
ലോകം അഭൂതപൂര്‍വമായ മനുഷ്യ ദുരിതങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുമ്പോള്‍ കാര്യമാകുന്ന നിമിഷങ്ങള്‍’ എന്ന ഈ വര്‍ഷത്തെ അജ്യാലിന്റെ പ്രമേയം ഏറെ സമകാലിക പ്രസക്തമാണ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 600-ലധികം യുവ ജൂറിമാരുടെയും സിനിമയുമായി ബന്ധപ്പെട്ട വിശിഷ്ടാതിഥികളുടെയും പ്രതിഭകളുടെയും സാന്നിധ്യത്തില്‍ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രി ലോല്‍വ ബിന്‍ത് റാഷിദ് അല്‍ഖാതര്‍ ആണ് മേള ഉദ്ഘാടനം ചെയ്തത്.
ഡിഎഫ്‌ഐ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ഫെസ്റ്റിവല്‍ ഡയറക്ടറുമായ ഫാത്മ ഹസ്സന്‍ അല്‍റുമൈഹി, 2013-ല്‍ അജ്യാലിന്റെ തുടക്കം മുതലുള്ള യാത്രയെക്കുറിച്ച് വിശദീകരിക്കുകയും 2025-ലെ ദോഹ ഫിലിം ഫെസ്റ്റിവലിന്റെ പദ്ധതികള്‍ അനാവരണം ചെയ്യുകയും ചെയ്തു. ‘ഞങ്ങളുടെ സിനിമാ യാത്രയുടെ അടുത്ത അദ്ധ്യായം അടയാളപ്പെടുത്തുമ്പോള്‍, അത് അടുത്തും അകലെയുമുള്ള സിനിമാ നിര്‍മ്മാതാക്കളുടെയും ക്രിയേറ്റീവ് കഥാകൃത്തുക്കളുടെയും സ്വപ്നങ്ങളും അഭിലാഷങ്ങളും പ്രതിധ്വനിപ്പിക്കും’ എന്ന് അവര്‍ പറഞ്ഞു.
ഉദ്ഘാടന ചടങ്ങില്‍ സഹമന്ത്രിയും ഖത്തര്‍ നാഷണല്‍ ലൈബ്രറി പ്രസിഡന്റുമായ ഡോ ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ കവാരി, ഖത്തര്‍ നാഷണല്‍ മ്യൂസിയം ഡയറക്ടര്‍ ഷെയ്ഖ് അബ്ദുല്‍ അസീസ് എച്ച് അല്‍താനി, മീഡിയ സിറ്റി ഖത്തര്‍ ചെയര്‍മാന്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ അലി അല്‍താനി, ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഹമദ് അലി അല്‍-ഖാതര്‍, മീഡിയ സിറ്റി ഖത്തറിന്റെ സിഇഒ ജാസിം മുഹമ്മദ് അല്‍ ഖോരി, കൂടാതെ നിരവധി ഉന്നത നയതന്ത്രജ്ഞര്‍ ഉള്‍പ്പെടെയുള്ള വിശിഷ്ടാതിഥികള്‍ പങ്കെടുത്തു.
18 ഫീച്ചര്‍ ഫിലിമുകള്‍, 48 ഷോ ഫിലിമുകള്‍, 26 അറബ് ചിത്രങ്ങള്‍, 24 വനിത സംവിധായകരുടെ ചിത്രങ്ങള്‍ ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹകകരണത്തോടെ നിര്‍മിച്ച 14 ചിത്രങ്ങള്‍ തുടങ്ങിയവയാണ് ഈ വര്‍ഷത്തെ അജ് യാല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുക.
കത്താറ, മുശൈരിബ്, ലുസൈല്‍, വോക് സിനിമാസ്, ദോഹ ഫെസ്റ്റിവല്‍ സിറ്റി എന്നിവിടങ്ങളിലാണ് ചിത്രങ്ങളുടെ പ്രദര്‍ശനം നടക്കുക.