Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

പ്രഥമ ലുസൈല്‍ സൂപ്പര്‍ കപ്പില്‍ മുത്തമിട്ട് സൗദി ചാമ്പ്യന്മാരായ അല്‍ ഹിലാല്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഫിഫ 2022 കലാശപ്പോരാട്ടമടക്കം ലോകകപ്പിന്റെ 10 മല്‍സരങ്ങള്‍ക്ക് വേദിയാകുന്ന ലോകോത്തര സ്‌റ്റേഡിയമായ ലുസൈല്‍ സ്‌റ്റേഡിയത്തില്‍ ഫിഫ ലോക കപ്പിന്റെ ഡ്രസ്സ് റിഹേര്‍സലായി ഇന്നലെ നടന്ന പ്രഥമ ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റിന്റെ വാശിയേറിയ അങ്കത്തിനൊടുവില്‍ ആഫ്രിക്കന്‍ ചാമ്പ്യന്മാരായ ഈജിപ്തിന്റെ സമാലികിനെ പെനാല്‍ട്ടി ഷൂട്ട് ഔട്ടില്‍ 4- 1 ന് തളച്ച് എ.എഫ്.സി. ചാമ്പ്യന്‍സ് ലീഗ് ജേതാക്കള്‍ കൂടിയായ അല്‍ ഹിലാല്‍ പ്രഥമ ലുസൈല്‍ സൂപ്പര്‍ കപ്പില്‍ മുത്തമിട്ടു. ഗാലറിയെ ഇളക്കി മറിക്കുന്ന പ്രകടനവുമായാണ് ഇരു ടീമുകളും കളത്തിലിറങ്ങിയത്. തുടക്കം മുതല്‍ തന്നെ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നപ്പോള്‍ കളിയാരാധകരുടെ ആവേശം വാനോളമുയര്‍ന്നു.

എന്നാല്‍ കളിയുടെ പതിനെട്ടാം മിനിറ്റില്‍ സൗദി ക്‌ളബ്ബിന്റെ ഓഡിയന്‍ ഇഗലോ ഈജിപ്തിന്റെ വലകുലുക്കിയതോടെ കളിയുടെ ആവേശം മുറുകി. വാശിയേറിയ മല്‍സരത്തിന്റെ മുപ്പത്തി മൂന്നാം മിനിറ്റില്‍ ഈജ്പ്ത്യന്‍ സമാലികിന്റെ അഹ് മദ് സിസോ ഗോള്‍ മടക്കിയതോടെ മല്‍സരം പ്രവചനാതീതമായി . ആദ്യ പകുതി അവസാനിച്ചപ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി ഒപ്പത്തിനൊപ്പമായിരുന്നു.

കിരീടത്തില്‍ മുത്തമിടണമെന്ന അദമ്യമായ ആഗ്രഹത്തോടെ കൂടിയ ആവേശവുമായി പോരിനിറങ്ങിയ ഇരു ടീമുകള്‍ക്കും രണ്ടാം പകുതിയില്‍ ഗോള്‍ വല കുലുക്കാനായില്ല. നിശ്ചിതസമയം കഴിഞ്ഞപ്പോഴും ഇരു ടീമുകളും സമനിലയിലായതിനാല്‍ കളി പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. പെനാല്‍ട്ടി ഷ്ൂട്ടൗട്ടില്‍ എഎഫ്സി ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ അല്‍ ഹിലാലിന്റെ അഭിമാനതാരമായി ഗോള്‍കീപ്പര്‍ അബ്ദുല്ല അല്‍ മുഐഫ് ടീമിന് ലുസൈല്‍ കപ്പ് സുരക്ഷിതമാക്കി. മികച്ച സേവുകളിലൂടെ അല്‍ ഹിലാലിന്റെ ഗോള്‍ കീപ്പറും കനത്ത പ്രഹരങ്ങളിലൂടെ കളിക്കാരും ഈ ജിപ്ത്യന്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ സമാലികിനെ തളച്ചപ്പോള്‍ ലുസൈലിലെ സൗദി വിജയം യാഥാര്‍ഥ്യമായി . ഫിഫ 2022 ലോകകപ്പിലും മിന്നുന്ന പ്രകടനവുമായെത്താന്‍ സൗദി ടീമിന് ആവേശം പകരുന്നതാണ് ലുസൈല്‍ കപ്പിലെ വിജയം.

മല്‍സരം തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് തന്നെ 80,000 ശേഷിയുള്ള സ്റ്റേഡിയത്തിലേക്ക്് ഫുട്‌ബോള്‍ ആരാധകരുടെ ഒഴുക്കായിരുന്നു. ദോഹ മെട്രോയും മുവാസ്വലാത്തും സജീവമായി പിന്തുണച്ചതിനാല്‍ ഗതാഗതം സുഗമമായി . . 77575 പേരാണ് ഔദ്യോഗികമായി സ്‌റ്റേഡിയത്തിലെത്തിയത്. ഇതോടെ ഖത്തറില്‍ ഏറ്റവും കൂടുതല്‍ കാണികളെത്തുന്ന മല്‍സരമെന്ന റിക്കോര്‍ഡും ഇന്നലെ ലുസൈലില്‍ പിറന്നു.

ടൂര്‍ണണമെന്റ് ആരംഭിക്കുന്നതിന് മുമ്പായി ഈജിപ്ത്യന്‍ ഗായകന്‍ അമര്‍ ദിയാബിന്റെ സംഗീതമേള കായിക പ്രേമികളെ ആവേശഭരിതരാക്കി. അര മണിക്കൂര്‍ നീണ്ട സംഗീത കച്ചേരിക്ക് ശേഷമാണ് കളിയാരംഭിച്ചത്.

ഫിഫ 2022 ലോകകപ്പ് ഖത്തറിന് ആതിഥ്യമരുളാന്‍ രാജ്യം പൂര്‍ണസജ്ജമാണെന്നതിന്റെ പ്രായോഗിക സാക്ഷ്യമാണ് ഇന്നലെ ലുസൈല്‍ സ്‌റ്റേഡിയം ലോകത്തിന് മുന്നില്‍ സമര്‍പ്പിച്ചത്.

Related Articles

Back to top button